കോട്ടയം: വൈകിട്ട് ആറിനും മുൻപതിനും ഇടയിൽ ജില്ലയിലെ റോഡുകളിൽ വാഹനം ഓടിക്കുമ്പോൾ അതീവ ശ്രദ്ധ വേണം..! പറയുന്നത് ജില്ലയിലെ മോട്ടോർ വാഹന വകുപ്പ് അധികൃതരും പൊലീസുമാണ്. കഴിഞ്ഞ വർഷം ജില്ലയിലുണ്ടായ അപകടങ്ങളിൽ ഏറിയ പങ്കും ഈ സമയത്തായിരുന്നുവെന്നാണ് കണക്കുകളെ ഉദ്ധരിച്ച് പൊലീസും മോട്ടോർ വാഹന വകുപ്പ് അധികൃതരും പറയുന്നത്. കഴിഞ്ഞ വർഷം മാത്രം 263 പേരാണ് ജില്ലയിലെ റോഡുകളിൽ അപകടങ്ങളിൽ മരിച്ചത്. ഗ്രാമീണ മേഖലയിലെ റോഡുകളിലാണ് അപകടങ്ങളിൽ ഏറെയും ഉണ്ടായതെന്നും ജില്ലാ ക്രൈം റെക്കോർഡ് ബ്യൂറോയുടെ കണക്കുകളിൽ വ്യക്തമാക്കുന്നു.
കഴിഞ്ഞ വർഷം ജില്ലയിൽ ഏറ്റവും കൂടുതൽ അപകടം ഉണ്ടായത് ജനുവരി മാസത്തിലാണ്. 2024 ൽ കോട്ടയം ജില്ലയിൽ 2984 അപകടങ്ങളിലായി 3606 പേർക്ക് പരിക്കേൽക്കുകയും, 236 പേർ മരിക്കുകയും ചെയ്തു. 2025 ൽ ഇതുവരെ 1340 അപകടങ്ങളിലായി 1484 പേർക്ക് പരിക്കേൽക്കുകയും, 103 പേർ മരിക്കുകയും ചെയ്തു.
തിങ്കളാഴ്ച കടുത്തുരുത്തിയിലും ചങ്ങനാശേരിയിലുമുണ്ടായ വ്യത്യസ്ത അപകടങ്ങളിൽ രണ്ടു പേരാണ് മരിച്ചത്.

നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
പാലായിൽ അപകടം ഉണ്ടായത് അശ്രദ്ധ മൂലം..!
ചൊവ്വാഴ്ച പാലായിലുണ്ടായ അപകടത്തിൽ രണ്ട് വീട്ടമ്മമാരാണ് മരിച്ചത്. പാലാ മുണ്ടാക്കലിലുണ്ടായ വാഹനാപകടത്തിൽ രണ്ട് സ്ത്രീകൾക്കാണ് ദാരുണാന്ത്യം ഉണ്ടായത്. പാലാ കൊട്ടാരമറ്റം മീനച്ചിൽ അഗ്രോ സൊസൈറ്റി ജീവനക്കാരായ രണ്ടു സ്ത്രീകളാണ് മരിച്ചത്. പാലാ ഇടമറുക് മേലുകാവ് നെല്ലാങ്കുഴിയിൽ വീട്ടിൽ ധന്യ സന്തോഷ് (38), അന്തിനാട് പാലാക്കുഴക്കുന്നേൽ വീട്ടിൽ ബെന്നിയുടെ ഭാര്യ ജോമോൻ ബെന്നി (35) എന്നിവരാണ് അപകടത്തിൽ മരിച്ചത്. അപകടത്തിൽപ്പെട്ട വാഹനത്തിലുണ്ടായിരുന്ന പാലാ സെ്ന്റ് മേരീസ് സ്‌കൂളിലെ ആറാം ക്ലാസ് വിദ്യാർത്ഥിനിയും ജോമോളുടെ മകളുമായ അന്ന മോളെ (12) പരിക്കുകളോടെ പാലാ മരിയൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
പാലാ തൊടുപുഴ റോഡിൽ പ്രവിത്താനത്തിന് സമീപം മുണ്ടാങ്കൽ പള്ളിക്ക് സമീപം രാവിലെ 9:30 യോടെയാണ് അപകടം ഉണ്ടായത്. കാറിന്റെ അമിത വേഗമാണ് അപകട കാരണമെന്നാണ് ദൃസാക്ഷികൾ പറയുന്നത്. കേസിലെ പ്രതിയായ യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. ഇടുക്കി നെടുങ്കണ്ടം ചെറുവിള വീട്ടിൽ ചന്ദൂസിനെ(24)യാണ് പൊലീസ് അറസ്റ്റ് ചെയ്ത് റിമാൻഡ് ചെയതത്.

മദ്യം വില്ലനായ പെരുവ..!
മദ്യപിച്ച് വാഹനം ഓടിച്ച യുവാവ് ഉണ്ടാക്കിയ അപകടത്തിലാണ് പെരുവയിൽ വീട്ടമ്മയ്ക്ക് ദാരുണാന്ത്യം ഉണ്ടായത്. മദ്യലഹരിയിൽ പ്രതി ഓടിച്ച കാർ നിയന്ത്രണംവിട്ട് സ്‌കൂട്ടർ യാത്രക്കാരിയെ ഇടിയ്ക്കുകയായിരുന്നു. കാരിക്കോട് ഐശ്വര്യയിൽ അഡ്വ. എ.ആർ. ശ്രീകുമാറിന്റെ ഭാര്യ ശ്രീലേഖ (55) യാണ് മരിച്ചത്. തിങ്കളാഴ്ച ഉച്ചയ്ക്ക് 12 ഓടെ പെരുവ-കടുത്തുരുത്തി റോഡിലുള്ള ബാറിന് മുൻവശത്താണ് അപകടം. പെരുവയിൽ നിന്നും അറുനൂറ്റിമംഗലം സാമൂഹ്യാരോഗ്യ കേന്ദ്രത്തിലേക്ക് പോവുകയായിരുന്ന സ്‌കൂട്ടറിലേക്ക് എതിർ ദിശയിൽനിന്നും എത്തിയ കാർ ഇടിച്ചു കയറുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റു വീണ ഇരുവരെയും നാട്ടുകാർ ഉടൻതന്നെ പൊതിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ശ്രീലേഖ മരണപ്പെടുകയായിരുന്നു. കാർ ഓടിച്ചിരുന്ന മൂർക്കാട്ടിപ്പടി തൂമ്പാചെരണ്ടിയിൽ മിനുമോൻ ലൂക്കോയെ പോലീസ് അറസ്റ്റ് ചെയ്ത് റിമാന്റ് ചെയ്തു.