കോട്ടയം : എംസി റോഡിൽ കുര്യനാട് ഭാഗത്ത് നിയന്ത്രണം നഷ്ടമായ കാർ പോസ്റ്റിൽ ഇടിച്ച് മറിഞ്ഞു. കാറിൽ ഉണ്ടായിരുന്ന ഏറ്റുമാനൂർ സ്വദേശികളായ സംഘം രക്ഷപ്പെട്ടത് അത്ഭുതകരമായി. കാർ ഡ്രൈവർ ഉറങ്ങിപ്പോയതാണ് അപകടകാരണമെന്നു സംശയിക്കുന്നതായി പോലീസ് പറഞ്ഞു.
ഞായറാഴ്ച ഉച്ചയ്ക്ക് 11:30 യോടു കൂടിയായിരുന്നു അപകടം. തിരുവൈരാണിക്കുളം ക്ഷേത്രദർശനത്തിനുശേഷം കോട്ടയത്തേക്ക് മടങ്ങി വരികയായിരുന്ന ഏറ്റുമാനൂർ സ്വദേശികളായ സംഘമാണ് കാറിൽ ഉണ്ടായിരുന്നത്. രണ്ട് സ്ത്രീകളും മൂന്നു പുരുഷന്മാരും ആണ് ക്ഷേത്രദർശനത്തിനുശേഷം വീട്ടിലേക്ക് മടങ്ങിയത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ഇതിനിടെ മോനിപ്പള്ളി കുര്യനാട് ഭാഗത്ത് വച്ച് നിയന്ത്രണം നഷ്ടമായ കാർ റോഡരികിലെ വൈദ്യുതി പോസ്റ്റിൽ ഇടിക്കുകയായിരുന്നു. അപകടത്തെ തുടർന്ന് കാറിൻറെ മുൻഭാഗം പൂർണ്ണമായും തകരുകയും റോഡിൽ മറിയുകയും ചെയ്തു. വൈദ്യുതി പോസ്റ്റ് ഇടിച്ചില്ലായിരുന്നെങ്കിൽ റോഡ് അരികിലെ തിട്ടയിൽ കാർ അടിക്കുകയും വൻ ദുരന്തം ഉണ്ടായേനെ.
നാട്ടുകാർ വിവരമറിയിച്ചതിന്റെ അടിസ്ഥാനത്തിൽ എംസി റോഡിൽ പെട്രോളിങ്ങിന് ഉണ്ടായിരുന്ന ഹൈവേ പൊലീസ് സംഘം സ്ഥലത്ത് എത്തി. പരിക്കേറ്റവരെ പോലീസും നാട്ടുകാരും ചേർന്നാണ് പുറത്തെടുത്തത്. ആരുടെയും പരിക്ക് ഗുരുതരമല്ല. അപകടത്തെ തുടർന്ന് എംസി റോഡിൽ അൽപനേരം ഗതാഗത തടസ്സവും ഉണ്ടായി.