പാലക്കാട് :ഓണാഘോഷത്തിനായി കോളജിലേക്കു പോകുമ്ബോള്‍ സ്കൂട്ടർ അപകടത്തിൽപ്പെട്ട് കോളജ് അധ്യാപിക ഡോ. എൻ.എ. ആൻസി (36) മരിച്ചതിൽ ദുരൂഹത നീങ്ങുന്നു. സാരിയുടെ തുമ്പ് സ്കൂട്ടറില്‍ കുടുങ്ങിയാകാമെന്നാണ് പൊലീസിന്റെ നിഗമനം.തിങ്കളാഴ്ച കഞ്ചിക്കോട് റെയിൽവേ ഗേറ്റിന് സമീപം ദേശീയപാതയിലാണ് അപകടം നടന്നത്. കോയമ്പത്തൂരിലെ സ്വകാര്യ കോളജിലെ കൊമേഴ്‌സ് വിഭാഗം അസിസ്റ്റന്റ് പ്രൊഫസറായിരുന്നു ആൻസി.അപകടസമയം സ്കൂട്ടറിന് പിന്നിൽ വാഹനങ്ങളൊന്നും ഉണ്ടായിരുന്നില്ലെന്ന് പൊലീസ് വ്യക്തമാക്കി. നിരീക്ഷണ ക്യാമറ ദൃശ്യങ്ങൾ പരിശോധിച്ചതിനുശേഷമാണ് ഈ നിഗമനം.
റോഡിൽ മറ്റുവാഹനങ്ങൾ ഇടിച്ചതായി തെളിവുകളൊന്നും കണ്ടെത്തിയിട്ടില്ല.ഡിവൈഡറിന് സമീപമുള്ള ചെടികളിൽ സ്കൂട്ടർ ഇടിച്ചോയെന്ന് വ്യക്തതയില്ല. എന്നാൽ സാരിത്തുമ്പ് കീറിയ നിലയിലും അതിൽ ഗ്രീസും ഓയിലും കണ്ടതിനെ തുടർന്ന് സാരി വാഹനത്തിൽ കുടുങ്ങിയതാകാമെന്ന് പൊലീസ് അറിയിച്ചു. വാഹനം നിയന്ത്രണം തെറ്റി വീണ് ആൻസി സർവീസ് റോഡിലേക്ക് തെറിച്ചുവീണു. വലത് കൈ വേർപെട്ട നിലയിലായിരുന്നു. ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.അപകടം മറ്റൊരു വാഹനം ഇടിച്ചതിനാൽ സംഭവിച്ചതാണെന്നായിരുന്നു ബന്ധുക്കളുടെ സംശയം. എന്നാൽ വാളയാർ പൊലീസ് നിരീക്ഷണ ക്യാമറ ദൃശ്യങ്ങൾ ബന്ധുക്കൾക്ക് കാട്ടി സ്ഥിതിഗതികൾ വിശദീകരിച്ചു.പാലക്കാട് സ്റ്റേഡിയം റോഡ് മാങ്കാവ് വീട്ടില്‍ ആന്റണി നീലങ്കാവിന്റെയും പരേതയായ ബേബിയുടെയും മകളാണ് ആൻസി. കൊച്ചിയിലെ സ്വകാര്യ കമ്പനിയിൽ ജോലി ചെയ്യുന്ന പാലക്കാട് ചക്കാന്തറ കൈക്കുത്തുപറമ്പ് ആലുക്കാപറമ്പ് സ്വദേശിയായ വിപിന്റെ ഭാര്യയാണ്. ഓസ്റ്റിൻ, ആൽസ്റ്റൺ എന്നിവർ മക്കളാണ്.