കോട്ടയം : പാലാ നഗരസഭ ചെയർമാൻ ഷാജു തുരുത്തേൻ കൈക്കുലി ആവശ്യപ്പെട്ടതായി അച്ചായൻസ് ജുവലറി എം ഡി ടോണി വർക്കിച്ചൻ ആരോപിച്ചു. പാലാ നഗരത്തിൽ പ്രവർത്തിക്കുന്ന അച്ചായൻസ് ജുവലറിയിൽ കഴിഞ്ഞ ദിവസം ഷാജു തുരുത്തൻ നടത്തിയ അക്രമ പ്രവർത്തനവുമായി ബന്ധപ്പെട്ട് കോട്ടയം പ്രസ് ക്ലബിൽ നടത്തിയ പത്രസമ്മേളനത്തിലാണ് ടോണി വർക്കിച്ചൻ ആരോപണം ഉന്നയിച്ചത്. കഴിഞ്ഞ ദിവസമാണ് പാലാ നഗരസഭ ചെയർമാൻ ഷാജു തുരുത്തേൽ പാലായിലെ അച്ചായൻസ് ജുവലറിയിൽ എത്തി ബോർഡ് തകർക്കുകയും ഷോപ്പിൽ അക്രമം നടത്തുകയും ചെയ്തത്. മാസങ്ങൾക്ക് മുൻപ് പാലായിൽ നടന്ന ഫുട്ബോൾ മത്സരവുമായി ബന്ധപ്പെട്ട് ഷാജു തുരുത്തൻ രണ്ട് ലക്ഷം രൂപ ആവശ്യപ്പെട്ടിരുന്നതായി ടോണി വർക്കിച്ചൻ ആരോപിക്കുന്നു. ആദ്യം തൻ്റെ ജി. എമ്മിനെ ഫോണിൽ വിളിച്ചും , പിന്നീട് ഓഫിസിൽ നേരിട്ടെത്തി ജീവനക്കാരോടും രണ്ട് ലക്ഷം രൂപ ആവശ്യപ്പെടുകയായിരുന്നു. പണത്തിന് രസീത് നൽകണമെന്ന് ആവശ്യപ്പെട്ടപ്പോൾ ഇത് സാധിക്കില്ലന്ന് തുരുത്തേൽ പറഞ്ഞു. ഇതിന് ശേഷമാണ് ബോർഡ് വച്ചതിൻ്റെ പേരിൽ നഗരസഭ നോട്ടീസ് നൽകിയത്. ബോർഡിൻ്റെ പേരിൽ വിവാദം ഉണ്ടായപ്പോൾ ബോർഡ് എടുത്ത് മാറ്റി മാന്യത കാട്ടുകയാണ് അച്ചായൻസ് ജുവലറി ചെയ്തത്. എന്നാൽ , അച്ചായൻസിനെ മനപൂർവം അപകീർത്തിപ്പെടുത്താനും ആക്രമിക്കാനുമാണ് ഷാജു തുരുത്തൻ ശ്രമിച്ചത്. ഇത് അംഗീകരിക്കാനാവില്ല. ഒരു സ്ഥാപനം നടത്തി അതിൽ നിന്ന് ലഭിക്കുന്ന വിഹിതം പാവങ്ങളെ സഹായിക്കാൻ കൂടി മാറ്റിവയ്ക്കുകയാണ് അച്ചായൻ ജൂവലറി ചെയ്യുന്നത്. ഇത്തരത്തിൽ നടത്തുന്ന പ്രവർത്തനങ്ങളെ ഇല്ലായ്മ ചെയ്യാനുള്ള ശ്രമങ്ങളെ അനുവദിക്കില്ലെന്നും ടോണി വർക്കിച്ചൻ പറഞ്ഞു.