കൊച്ചി : നടി ആക്രമിക്കപ്പെട്ട കേസില്‍ അന്വേഷണ സംഘത്തലവന് എഡിജിപി എസ് ശ്രീജിത്തിനെ തൽസ്ഥാനത്ത് നിന്ന് മാറ്റിയത് വലിയ വിവാദമായിരിക്കുകയാണ്. ഇരക്കൊപ്പം എന്ന സര്‍ക്കാര്‍ നിലപാട് കാപട്യമാണ് എന്ന വിമര്‍ശനമാണ് ഉയരുന്നത്. കേസില്‍ ഒന്നര മാസം കൂടി ഹൈക്കോടതി അന്വേഷണ സംഘത്തിന് അനുവദിച്ച പിന്നാലെയാണ് അന്വേഷണ സംഘത്തലവനെ മാറ്റിയിരിക്കുന്നത്. ഇത് തുടര്‍ അന്വേഷണത്തെ ബാധിക്കുമെന്നാണ് വിലയിരുത്തല്‍. ഇത്ര തിടുക്കത്തില്‍ അന്വേഷണ ഉദ്യോഗസ്ഥനെ മാറ്റേണ്ട എന്ത് സാഹചര്യമാണുള്ളതെന്ന് ചോദിക്കുകയാണ് പ്രമുഖര്‍. എന്നാല്‍ ഈ സംഭവത്തോടെ കേസിലെ അന്വേഷണം ഇപ്പോള്‍ പ്രതിസന്ധിയിലേക്ക് നീങ്ങുകയാണ്.
പുതിയ സാഹചര്യം കേസിലെ നിര്‍ണായകമായ കാവ്യാമാധവന് ഉള്‍പ്പെടെയുള്ളവരെ ചോദ്യം ചെയ്യല്‍ ഉള്‍പ്പെടെ വൈകിപ്പിച്ചേക്കുമെന്നാണ് സൂചന. നടിയെ ആക്രമിച്ച കേസില്‍ കാവ്യയെയും ചില ബന്ധുക്കള്‍ ഉള്‍പ്പടെയുള്ളവരെയും ചോദ്യം ചെയ്യാന്‍ അന്വേഷണ സംഘം തയ്യാറെടുക്കുന്നു എന്നായിരുന്നു പുറത്ത് വന്ന റിപ്പോര്‍ട്ടുകള്‍. ഗൂഢാലോചന കേസില്‍ എഫ് ഐആര്‍ റദ്ദാക്കണമെന്ന ദിലീപിന്റെ ഹര്‍ജിയും തുടരന്വേഷണത്തിന് കുടൂതല്‍ സമയം തേടിയുള്ള ക്രൈംബ്രാഞ്ചിന്റെ അപേക്ഷയിലും ഹൈക്കോടതിയില്‍ നിന്ന് അനുകൂല വിധി സമ്പാദിച്ച ശേഷം നടിയെ ആക്രമിച്ച കേസിലെ തുടരന്വേഷണം ഊര്‍ജിതമാക്കിയ സാഹചര്യത്തിലായിരുന്നു നിര്‍ണായക ചോദ്യം ചെയ്യല്‍ നടപടികളിലേക്ക് പൊലീസ് കടക്കാനിരുന്നത്. ഇതിനിടയിലായിരുന്നു പൊലീസ് തലപ്പത്തെ നിര്‍ണായക അഴിച്ചുപണി.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
നടിയെ ആക്രമിച്ചതുള്‍പ്പടേയുള്ള കേസുകളില്‍ ക്രൈംബ്രാഞ്ച് നിര്‍ണ്ണായഘട്ടത്തിലിരിക്കെ തലപ്പത്ത് നിന്നും എസ് ശ്രീജിത്തിനെ മാറ്റിയതില്‍ സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനം ഉയരുകയാണ്. എസ് ശ്രീജിത്തിനെ മാറ്റിയതില്‍ സര്‍ക്കാറിനെ വിമര്‍ശിച്ചുകൊണ്ട് നിരവധി പേരാണ് രംഗത്ത് എത്തിയിരിക്കുന്നത്. പ്രതിപക്ഷപാര്‍ട്ടികള്‍ ഉള്‍പ്പെടെ സര്‍ക്കാര്‍ തീരുമാനത്തിന് എതിരെ രംഗത്ത് എത്തുകയും ചെയ്തിട്ടുണ്ട്. ക്രൈം ബ്രാഞ്ച് മേധാവി സ്ഥാനത്ത് നിന്നും എഡിജിപി എസ് ശ്രീജിത്തിനെ മാറ്റിയതില്‍ സര്‍ക്കാറിന് എതിരെ രൂക്ഷ വിമര്‍ശനവുമായി പ്രതിപക്ഷ നേതാവ് വിഡി സതീശന് ഇന്നലെ രംഗത്ത് എത്തിയിരുന്നു. മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറിയായി സിപിഐഎം നേതാവ് പി ശശി ചുമതലയേറ്റതിന് പിന്നാലെയാണ് ഇത്തരത്തില്‍ ഒരു മാറ്റം ഉണ്ടായത് എന്നും വിഡി സതീശന് കുറ്റപ്പെടുത്തി. നടിയെ ആക്രമിച്ച കേസ് അന്വേഷണ ചുമതലയുള്ള ഉദ്യോഗസ്ഥനെ മാറ്റിയത് എന്തിന് എന്ന ചോദ്യം ഉയര്‍ത്തിയ അദ്ദേഹം ഇതിന് പിറകിലെ വിവരങ്ങള്‍ പുറത്തു വരണം എന്നും ആവശ്യപ്പെട്ടിരുന്നു. എഡിജിപി എസ് ശ്രീജിത്തിനെ നീക്കിയത് നടിയെ ആക്രമിച്ച കേസ് അന്വേഷണം അട്ടിമറിക്കുന്നതിനാണെന്ന് യൂത്ത് കോണ്‍ഗ്രസും ആരോപിച്ചു.
യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന വൈസ് പ്രസിഡണ്ട് എന്‍എസ് നുസൂര്‍ ആണ് ഗുരുതരമായ ആരോപണം ഉന്നയിച്ചത്. മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറിയായി പി ശശിയെ നിയമിച്ചതിന് ശേഷം ആദ്യമായെടുത്ത തീരുമാനമാണ് ക്രൈംബ്രാഞ്ച് മേധാവി എഡിജിപി എസ് ശ്രീജിത്തിനെ നീക്കിയ നടപടി. പീഡിപ്പിക്കപ്പെടുന്നവര്‍ക്കൊപ്പമല്ല, പീഡനത്തിന് നേതൃത്വം നല്‍കുന്നവര്‍ക്കൊപ്പമാണ് സര്‍ക്കാരെന്ന് വ്യക്തമാക്കുകയാണ് തീരുമാനത്തിലൂടെ എന്നും അദ്ദേഹം ആരോപിച്ചു. സര്‍ക്കാര്‍ നടപടി കേസില്‍ തിരിച്ചടിയാവുമെന്ന് സിപിഐ നേതാവ് ആനി രാജയും കുറ്റപ്പെടുത്തി. സര്‍ക്കാര്‍ നടപടി നിരാശജനകമാണ്. നടപടി അന്വേഷണത്തെ പ്രതികൂലമായി ബാധിക്കുന്നതിന് കാരണമാകുമെന്നും ആനി രാജ ചൂണ്ടിക്കാട്ടി. കോടതി പോലും ഈ കേസ് ഗൗരവമായി കാണുന്നില്ലെന്നും ആനി രാജ ചൂണ്ടിക്കാട്ടി.