തിരുവല്ല: പത്തനംതിട്ട അടൂരിൽ പതിനേഴുകാരിയെ പീഡിപ്പിച്ച കേസിൽ പോക്സോ കേസെടുത്ത് റിമാൻഡ് ചെയ്യപ്പെട്ട വൈദികനെ പിൻതുണച്ച് വിശ്വാസികളും സഭയും. മാന്യമായി പെരുമാറുന്ന, ഇതുവരെ ആരിൽ നിന്നും പരാതി ഉയർന്നിട്ടില്ലാത്ത വൈദികനെ കെണിയിൽ പെടുത്തുകയായിരുന്നുവെന്ന പരാതിയാണ് ഇപ്പോൾ ഉയർന്നിരിക്കുന്നത്. പ്രണയ ബന്ധത്തിൽ നിന്നും പിന്മാറാൻ പതിനേഴുകാരിയ്ക്കു വൈദികൻ കൗൺസിലിംങ് നൽകിയതിന്റെ വൈരാഗ്യത്തിൽ പരാതി നൽകുകയായിരുന്നുവെന്നാണ് സഭാ വിശ്വാസികളും, ഇടവകാംഗങ്ങളും വിശദീകരിക്കുന്നത്.
വ്യാഴാഴ്ച രാവിലെയാണ് വൈദികനെതിരായ പരാതി പുറത്ത് വന്നത്. കൗൺസിലിംങിനായി എത്തിയ പതിനേഴുകാരിയെ വൈദികൻ പീഡിപ്പിക്കുകയായിരുന്നുവെന്നാണ് പരാതി ഉയർന്നത്. ഇതേ തുടർന്ന് വൈദികനെതിരെ പോക്സോ കേസ് ചുമത്തുകയും ഇദ്ദേഹത്തെ അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്യുകയും ചെയ്തിരുന്നു. പത്തനംതിട്ട കൂടൽ ഓർത്തഡോക്സ് പള്ളിയിലെ അസി.വികാരിയും കൊടുമൺ സ്വദേശിയുമായ ഫാ.പോണ്ട്സൺ ജോണിനെതിരെയാണ് ഇപ്പോൾ കേസെടുത്തിരിക്കുന്നത്. മാർച്ച്് 12 നും 13 നും നടന്നതായി ആരോപിക്കുന്ന സംഭവങ്ങളിലാണ് ഇപ്പോൾ വൈദികൻ അറസ്റ്റിലായിരിക്കുന്നത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
പഠനത്തിൽ പിന്നോക്കം നിൽക്കുന്ന പെൺകുട്ടിയ്ക്ക് ഒരു പ്രണയ ബന്ധമുണ്ടായിരുന്നതായി ബന്ധുക്കൾ കണ്ടെത്തിയിരുന്നതായി വൈദികനോട് അടുത്ത വൃത്തങ്ങൾ വ്യക്തമാക്കുന്നു. ഹൈന്ദവ വിശ്വാസികളായ കുടുംബം വൈദികനെ സമീപിച്ച് കുട്ടിയെ കൗൺസിലിംങിനു വിധേയമാക്കണമെന്ന് ആവശ്യപ്പെട്ടു. ഇത് അനുസരിച്ച് വൈദികനെ സമീപിച്ച കുടുംബം കുട്ടിയെയുമായി ഇദ്ദേഹത്തിന്റെ വീട്ടിലെത്തി. തുടർന്ന് ഇദ്ദേഹത്തിന്റെ വീട്ടിലെ കൗൺസിലിംങ് മുറിയിൽ കൗൺസിലിംങിനു വിധേയമാക്കുകയായിരുന്നു. പ്രണയത്തിൽ നിന്നും പിന്മാറണമെന്നും പഠനത്തിൽ ശ്രദ്ധിക്കണമെന്നും അടക്കമുള്ള കാര്യങ്ങളിൽ മാത്രമാണ് നിർദേശം നൽകിയതെന്നാണ് വൈദികനുമായി ബന്ധപ്പെട്ട സഭാ വിശ്വാസികൾ വിശദീകരിക്കുന്നത്.
എന്നാൽ, ഇതിനു ശേഷം വീട്ടിലേയ്ക്കു മടങ്ങിയ കുട്ടി വീട്ടുകാരോടോ ബന്ധുക്കളോടോ സുഹൃത്തുക്കളോടോ പരാതിപ്പെട്ടിരുന്നില്ല. ഇതിന് ശേഷം കഴിഞ്ഞ ദിവസം സ്കൂളിൽ എത്തിയ കുട്ടി, ടീച്ചറോടാണ് ഇതു സംബന്ധിച്ചു പരാതി പറഞ്ഞത്. തന്നെ ചുംബിക്കാൻ ശ്രമിക്കുകയും, സ്വകാര്യ ഭാഗങ്ങളിൽ കടന്ന് പിടിക്കാൻ ശ്രമിക്കുകയും ചെയ്തതായാണ് പരാതി ഉയർന്നത്. ഇതേ തുടർന്ന് അധ്യാപികയാണ് വിവരം പൊലീസിനെ അറിയിക്കുകയും, വൈദികനെതിരെ പോക്സോ കേസെടുത്ത് അറസ്റ്റ് ചെയ്യുകയും ചെയ്തത്. സംഭവത്തിൽ വൈദികനെ കുടുക്കാൻ ശ്രമം ഉണ്ടായതായാണ് ആരോപണം ഉയർന്നിരിക്കുന്നത്. ഇതേ തുടർന്ന് വൈദികനെതിരായ കേസിന്റെ സത്യാവസ്ഥ പുറത്ത് കൊണ്ടു വരണമെന്നാവശ്യപ്പെട്ട് ഒരു വിഭാഗം രംഗത്ത് എത്തിയിട്ടുണ്ട്.