അടൂർ : നഗരപ്രദേശങ്ങൾ സുരക്ഷിതമല്ലെന്ന തോന്നലിൽ ഗ്രാമങ്ങളിലെ കുട്ടികളെ ലക്ഷ്യമാക്കി നീങ്ങിയ ലഹരിക്കടത്ത് സംഘത്തിലെ മൂന്ന് യുവാക്കളെ പോലീസ് പിടികൂടി. ഗ്രാമങ്ങളിൽ സുരക്ഷിത താവളം തേടി നീങ്ങിയ സംഘത്തിലെ അംഗങ്ങളെയാണ് ജില്ലാ പോലീസ് ഡാൻസാഫ് ടീമും ഏനാത്ത് പോലീസും ചേർന്ന് തന്ത്രപരമായി കുടുക്കിയത്. ലഹരിവസ്തുക്കൾക്കെതിരായ റെയ്ഡ് ഉൾപ്പെടെയുള്ള നടപടികൾ തുടർന്നുവരവേ, ലഹരിക്കടത്ത് സംഘങ്ങൾ നാട്ടിൻപുറങ്ങളിൽ തമ്പടിക്കുന്നുണ്ടെന്ന രഹസ്യവിവരത്തെ തുടർന്ന് ജില്ലാ പോലീസ് മേധാവി കൈമാറിയ സന്ദേശത്തിന്റെ അടിസ്ഥാനത്തിൽ ഡാൻസാഫ് സംഘം ദിവസങ്ങളോളം നടത്തിയ നിരീക്ഷണത്തിലാണ് പ്രതികൾ കുടുങ്ങിയത്.
ഡാൻസാഫ് ജില്ലാ നോഡൽ ഓഫീസർ നർകോട്ടിക് സെൽ ഡിവൈഎസ്പി കെ എ വിദ്യാധരന്റെ നിർദേശപ്രകാരം നടത്തിയ നീക്കത്തിൽ ഇന്ന് വെളുപ്പിന് ഒരു മണിയോടെ ഏനാത്ത് കൈരളിമുക്ക് ഗണേശവിലാസം റോഡിൽ അടേപ്പാട് ഭാഗത്ത് സംശയകരമായ സാഹചര്യത്തിൽ കണ്ട, കടമ്പനാട് ഗണേശവിലാസം മോഹനവിലാസം വിഷ്ണു വി (21) ആദ്യം ഡാൻസാഫ് സംഘത്തിന്റെ പിടിയിലായി. ഇയാളെ തടഞ്ഞുനിർത്തി ചോദ്യം ചെയ്തശേഷം നടത്തിയ പരിശോധനയിൽ 0.390 ഗ്രാം എം ഡി എം എ കണ്ടെത്തുകയായിരുന്നു. ഏനാത്ത് പോലീസ് തുടർനടപടി സ്വീകരിച്ച് എസ് ഐ ഷാജികുമാറിന്റെ നേതൃത്വത്തിൽ ഇയാളെ വിശദമായി ചോദ്യം ചെയ്തപ്പോൾ കുറ്റം സമ്മതിച്ചു. വിഷ്ണുവിന്റെ കുറ്റസമ്മതമൊഴിയുടെ അടിസ്ഥാനത്തിൽ തുടർന്ന് നടത്തിയ നീക്കത്തിലാണ് മറ്റ് രണ്ടുപേർ കുടുങ്ങിയത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
കടമ്പനാട് മലനട തോപ്പിൽ കോളനിയിൽ ജയകുമാറിന്റെ വീട്ടിൽ നിന്ന്, പെരിങ്ങനാട് പുത്തൻചന്ത ആലയിൽ വീട്ടിൽ വിഷ്ണു (23) വിനെ പിടികൂടി. ഇയാളിൽ നിന്നും 1.710 ഗ്രാം എം ഡി എം എ പിടിച്ചെടുത്തു. ഇയാൾ കിടന്ന മുറിയിലെ കട്ടിലിനു സമീപത്തെ ടീപ്പോയിലിരുന്ന പേഴ്സിൽ നിന്നാണ് എം ഡി എം എ കണ്ടെടുത്തത്. ഇവർ ഇരുവരെയും ചോദ്യം ചെയ്തതിനെ തുടർന്ന് ലഭിച്ച വിവരത്തെതുടർന്ന് മഹർഷിക്കാവ് രാമചന്ദ്രന്റെ ലക്ഷ്മി നിവാസ് വീട്ടിൽ വാടകയ്ക്ക് താമസിക്കുന്ന കടമ്പനാട് സ്വദേശി അനന്തു (22) വിനെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. 1.490 ഗ്രാം എം ഡി എം എ പ്രതിയിൽ നിന്നും പിടിച്ചെടുത്തു. അടൂർ ഡി വൈ എസ് പി ആർ ബിനുവിന്റെ നേത്യത്ത്വത്തിൽ ഏനാത്ത് പോലീസ് ഇൻസ്പെക്ടർ സുജിത് പി എസ്, എസ് ഐ ഷാജികുമാർ, ഡാൻസാഫ് എസ് ഐ അജി സാമൂവൽ, ടീമിലെ എ എസ് ഐ അജികുമാർ, സി പി ഓമാരായ സുജിത്, അഖിൽ, ബിനു, ശ്രീരാജ്, മിഥുൻ, ഏനാത്ത് പോലീസ് സ്റ്റേഷനിലെ എസ് സി പി ഓ മുജീബ്, സി പി ഓമാരായ മനൂപ്, ഷാനു, ശ്യാം കുമാർ, ജനമൈത്രി ബീറ്റ് ഓഫീസർ അനുരാഗ് മുരളീധരൻ എന്നിവർ അടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്.
ജനമൈത്രി പോലീസ്, എസ് പി സി തുടങ്ങിയ സംവിധാനങ്ങൾ പ്രയോജനപ്പെടുത്തി, ലഹരിമരുന്ന് വേട്ട തുടർന്നുവരികയാണെന്നും, യോദ്ധാവ് കാംപയിന്റെ ഭാഗമായി ബോധവൽക്കരണ പരിപാടികൾ തുടരുമെന്നും ജില്ലാ പോലീസ് മേധാവി പറഞ്ഞു. കുട്ടികൾക്ക് ബോധവൽക്കരണം ഉൾപ്പെടെയുള്ള പരിപാടികൾ സ്വീകരിച്ചുവരുന്നുണ്ടെന്നും ജില്ലാ പോലീസ് മേധാവി അറിയിച്ചു.