അടൂര്‍ നിയോജക മണ്ഡലത്തില്‍ 424 കോടി രൂപയുടെ ജലജീവന്‍ മിഷന്‍ പദ്ധതികള്‍ക്ക് അംഗീകാരം ലഭിച്ചതായി ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ പറഞ്ഞു. ഗുണഭോക്താക്കള്‍ക്ക് വളരെ കുറഞ്ഞ ചെലവില്‍ കുടിവെള്ള കണക്ഷന്‍ ലഭ്യമാക്കുന്ന പദ്ധതിയാണ് ജലജീവന്‍ പദ്ധതി.
പള്ളിക്കല്‍, പന്തളം തെക്കേക്കര, തുമ്പമണ്‍, കടമ്പനാട്, കൊടുമണ്‍, ഏറത്ത്, ഏഴംകുളം എന്നീ പഞ്ചായത്തുകളിലെ കുടിവെള്ള പ്രശ്‌നം പരിഹരിക്കുന്നതിനായി നാനൂറ്റി ഇരുപത്തിനാല് കോടി പതിമൂന്ന് ലക്ഷത്തി മുപ്പത്തിമൂവായിരം രൂപയാണ് പദ്ധതിയിലൂടെ അനുവദിച്ചത്. പദ്ധതി യാഥാര്‍ത്ഥ്യമാകുന്നതോടെ മണ്ഡലത്തിലാകമാനം പൈപ്പിലൂടെ കുടിവെള്ളം ലഭ്യമാക്കാനാവുമെന്ന് ഡെപ്യൂട്ടി സ്പീക്കര്‍ പറഞ്ഞു. വേനല്‍കാലത്ത് മണ്ഡലത്തിലെ ചില ഭാഗങ്ങളില്‍ കുടിവെള്ളത്തിനായി വീട്ടമ്മമാര്‍ക്ക് ഏറെദൂരം താണ്ടി പേകേണ്ടിവരുന്ന അവസ്ഥയുണ്ടായിരുന്നു.ഇതില്‍ നിന്നുള്ള മോചനമാണ് ജലജീവന്‍ മിഷന്‍ പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. കേരളത്തിലെ പഞ്ചായത്തുകളിലുള്ള 49.65 ലക്ഷം വീടുകള്‍ക്കാണ് അഞ്ചുവര്‍ഷം കൊണ്ട് ജലജീവന്‍ മിഷനിലൂടെ കുടിവെള്ള കണക്ഷന്‍ നല്‍കുന്നത്. അയിരത്തിയഞ്ഞൂറ് രൂപ മാത്രമാണ് ഓരോ കുടുംബത്തിനും ഈ പദ്ധതിയിലൂടെ വാട്ടര്‍ കണക്ഷന്‍ എടുക്കാന്‍ ചിലവാക്കുന്നത്. വളരെ ചുരുങ്ങിയ ചിലവില്‍ കുടിവെള്ളം വീട്ടിലെത്തുന്ന ജലജീവന്‍ മിഷന്‍ പദ്ധതിയുടെ നടപടിക്രമങ്ങളും വളരെ ലളിതമാണ്. ആധാര്‍ കാര്‍ഡ് മാത്രമാണ് രേഖയായി ആവശ്യമുള്ളത്. വാട്ടര്‍ കണക്ഷന്‍ ലഭ്യമാക്കാന്‍ വാട്ടര്‍ അതോറിറ്റി പ്രത്യേക മൊബൈല്‍ ആപ്ലിക്കേഷനും രൂപം നല്‍കിയിട്ടുണ്ട്. കണക്ഷന്‍ എടുക്കുന്നതിന് പഞ്ചായത്ത് ഓഫിസിലോ തൊട്ടടുത്ത വാട്ടര്‍ അതോറിറ്റി ഓഫിസിനെയോ ജലനിധി ഓഫീസിനെയോ ഇതിനായി സമീപിക്കാമെന്നും ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ പറഞ്ഞു.
അടൂര്‍ മണ്ഡലത്തില്‍ 424 കോടി രൂപയുടെ ജലജീവന്‍ മിഷന്‍ പദ്ധതി; വരള്‍ച്ചയെ നേരിടാന്‍ ശക്തമായ മുന്‍കരുതല്‍: ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍
Advertisements