കോട്ടയം: ഇലക്ട്രോണിക് മാധ്യമങ്ങളിലെ രാഷ്ട്രീയ പരസ്യങ്ങൾക്ക് മീഡിയ സർട്ടിഫിക്കേഷൻ ആൻഡ് മോണിറ്ററിങ്ങ് കമ്മിറ്റിയുടെ (എം.സി.എം.സി.) മുൻകൂർ സർട്ടിഫിക്കേഷൻ നിർബന്ധമാണെന്ന് ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസറും വരണാധികാരിയുമായ ജില്ലാ കളക്ടർ വി. വിഗ്നേശ്വരി അറിയിച്ചു.
ടി.വി./കേബിൾ ചാനലുകൾ, ബൾക്ക് എസ്.എം.എസ്., വോയിസ് മെസേജ്, ഇ-പേപ്പർ, പൊതുസ്ഥലങ്ങളിൽ പ്രദർശിപ്പിക്കുന്ന ഓഡിയോ/വീഡിയോ, ഇന്റർനെറ്റ്-സോഷ്യൽ മീഡിയ വെബ്സൈറ്റുകൾ, സിനിമ തിയറ്റർ, റേഡിയോ എന്നിവയിൽ നൽകുന്ന രാഷ്ട്രീയ പരസ്യങ്ങൾക്ക് പ്രീ സർട്ടിഫിക്കേഷൻ നിർബന്ധമാണ്. വോട്ടെടുപ്പിന്റെ തലേദിവസവും വോട്ടെടുപ്പ് ദിവസവും പ്രസിദ്ധീകരിക്കുന്ന അച്ചടിമാധ്യമങ്ങളിലെ രാഷ്ട്രീയ പരസ്യത്തിനും തെരഞ്ഞെടുപ്പ് കാര്യങ്ങൾക്കും പ്രീ സർട്ടിഫിക്കേഷൻ നിർബന്ധമാണ്. ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസർ ചെയർപേഴ്സണായ എം.സി.എം.സി. സമിതിയാണ് അപേക്ഷ പരിശോധിച്ച് സർട്ടിഫിക്കേഷൻ നൽകുക. എം.സി.എം.സി. സർട്ടിഫിക്കേഷനില്ലാതെ പരസ്യങ്ങൾ പ്രസിദ്ധീകരിക്കുകയോ സംപ്രേഷണം ചെയ്യുകയോ ചെയ്താൽ ജനപ്രാതിനിധ്യനിയമത്തിലെ വിവിധ വകുപ്പുകൾ പ്രകാരവും 2004 ഏപ്രിൽ 13ലെ സുപ്രീകോടതി വിധിയുടെ ലംഘനം കണക്കിലെടുത്തും കർശനമായ നിയമനടപടികൾ സ്വീകരിക്കും. എം.സി.എം.സി. സർട്ടിഫിക്കേഷൻ ലഭിച്ച പരസ്യങ്ങൾ മാത്രം സംപ്രേഷണം/പ്രസിദ്ധീകരിക്കാൻ മാധ്യമസ്ഥാപനങ്ങൾ ശ്രദ്ധിക്കണമെന്നും ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസർ അറിയിച്ചു.