പാലാ : ആഫ്രിക്കൻ പന്നിപ്പനി സ്ഥിരീകരിച്ച മീനച്ചിൽ താലൂക്കിലെ ഫാമിൽ 48 പന്നികളെ കൊന്നൊടുക്കി. ആഫ്രിക്കൻ പന്നിപ്പനി സ്ഥിരീകരിച്ചത് മീനച്ചിൽ പഞ്ചായത്തിലെ ഒരു സ്വകാര്യ പന്നിഫാമിൽ. ഫാമിലെ പന്നികളുടെ മരണനിരക്ക് ശ്രദ്ധയിൽപ്പെട്ടതിനെത്തുടർന്നാണ് മൃഗസംരക്ഷണ വകുപ്പ് സംസ്ഥാന ലബോറട്ടറിയിലേക്കും ഭോപ്പാലിലെ ദേശീയ ഹൈ സെക്യൂരിറ്റി അനിമൽ ഡിസീസസ് ഇൻസ്റ്റിറ്റ്യൂട്ട് ലാബിലേക്കും സാമ്പിൾ അയച്ചത്. ഇതിലാണ് ആഫ്രിക്കൻ പന്നിപ്പനി സ്ഥിരീകരിച്ചത്.
ജില്ലാ ഭരണകൂടം പ്രത്യേക ദൗത്യസംഘത്തെ ഉടൻ നിയോഗിച്ച് പ്രതിരോധ നടപടികൾ ആരംഭിച്ചു.
മൂന്നുമണിക്കൂർ കൊണ്ട് പന്നിപ്പനി സ്ഥിരീകരിച്ച ഫാമിലെയും ഇതിന്റെ ഒരു കിലോമീറ്റർ ചുറ്റളവിലുള്ളതുമായ പന്നികളെ കേന്ദ്ര സർക്കാരിന്റെ പ്രത്യേക പ്രോട്ടോക്കോൾ പാലിച്ച് ദയാവധം ചെയ്ത് സംസ്‌ക്കരിച്ചു. പൂർണവളർച്ചയെത്തിയ 22 പന്നികളെയും ആറു മാസത്തിൽ താഴെയുള്ള 26 പന്നികളെയും ഇന്നലെ ഉച്ചയ്ക്ക് രണ്ടു മണിയോടെ സംസ്‌ക്കരിച്ച് പ്രതിരോധ-അണുനശീകരണ നടപടികൾ പൂർത്തീകരിച്ചതായി ജില്ലാ മൃഗസംരക്ഷണ ഓഫീസർ ഡോ. ഷാജി പണിക്കശേരി അറിയിച്ചു. ഈ പന്നി ഫാമിൽനിന്ന് രണ്ടു മാസത്തിനിടെ മറ്റു ഫാമുകളിലേക്ക് പന്നികളെ കൊണ്ടുപോയിട്ടില്ലെന്ന് ഉറപ്പാക്കിയിട്ടുണ്ട്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
മനുഷ്യരിലേക്കും മറ്റു മൃഗങ്ങളിലേക്കും പകരില്ല; ആശങ്ക വേണ്ട
ആഫ്രിക്കൻ പന്നിപ്പനിക്ക് വാക്‌സിനോ മറ്റു പ്രതിരോധ മരുന്നുകളോ ഇല്ലാത്തതിനാൽ പന്നികൾ കൂട്ടത്തോടെ ചത്തുപോകുന്ന സ്ഥിതി വിശേഷമാണ് ഉണ്ടാകുക. എച്ച് 1 എൻ 1 പന്നിപ്പനിയിൽനിന്ന് ആഫ്രിക്കൻ പന്നിപ്പനി വ്യത്യസ്തമാണ്. ഈ വൈറസ് കാട്ടു-വളർത്തു പന്നികളെ മാത്രമാണ് ബാധിക്കുക. മറ്റു മൃഗങ്ങളിലേക്കും മനുഷ്യരിലേക്കും പക്ഷികളിലേക്കും പടരുന്ന രോഗമല്ലാത്തതിനാൽ ജനങ്ങൾ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ജില്ലാ മൃഗസംരക്ഷണ ഓഫീസർ ഡോ. ഷാജി പണിക്കശേരി പറഞ്ഞു.