ബോക്സ് ഓഫീസിൽ തകർന്നു; റിലീസിങ് കഴിഞ്ഞിട്ട് ഒരു വർഷവും; ഒടുവിൽ ആ മമ്മൂട്ടി ചിത്രം ഒടിടിയിലേക്ക്

തിയറ്റർ റൺ അവസാനിപ്പിച്ചിട്ടും ഒടിടിയിൽ എത്താത്ത പല സിനിമകളും ഉണ്ട്. മലയാളത്തിൽ ഉൾപ്പടെ അത്തരം സിനിമകൾ നിരവധിയാണ്. അക്കൂട്ടത്തിലൊരു മമ്മൂട്ടി സിനിമയും ഉണ്ട്. എന്നാൽ അത് മലയാള സിനിമയല്ല. തെലുങ്ക് പടമാണ്. നാല് വർഷത്തെ ഇടവേളയ്ക്ക് ശേഷം മമ്മൂട്ടി തെലുങ്കിൽ അഭിനയിച്ച ഏജന്റ് എന്ന ചിത്രമാണ് അത്. പലപ്പോഴും ഒടിടിയിൽ അറിയിച്ചിട്ടും മാറ്റിവയ്ക്കപ്പെട്ട ചിത്രം സ്ട്രീമിങ്ങിന് ഒരുങ്ങുന്നുവെന്ന വിവരമാണ് ഇപ്പോൾ പുറത്തുവരുന്നത്. 

2023 ഏപ്രിൽ 28ന് ആണ് ഏജന്റ് റിലീസ് ചെയ്തത്. സിനിമ പ്രദർശനത്തിന് എത്തിയിട്ട് കൃത്യം ഒരു വർഷവും ആയിക്കഴിഞ്ഞു. സോണി ലിവിന് ആണ് സ്ട്രീമിം​ഗ് അവകാശം എന്ന് നേരത്തെ അണിയറ പ്രവർത്തകർ അറിയിച്ചിരുന്നു. എന്നാൽ നിർമാതാവ് അനില്‍ സുങ്കരയും സോണി ലിവും തമ്മിലുള്ള സാമ്പത്തിക വിഷയം കാരണമാണ് ഒടിടി റിലീസ് വൈകുന്നതെന്നായിരുന്നു പ്രചാരണം. ഇതോടെ ആരാധകർ നിരാശയിലും ആയി. ഏറെ നാളത്തെ കാത്തിരിപ്പിന് ഒടുവിൽ അനിൽ സുങ്കര പങ്കുവച്ച ട്വീറ്റ് ആരാധകരിൽ വീണ്ടും പ്രതീക്ഷ നൽകുക ആണ്. 


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ഏജന്റ് ഒടിടിയിൽ എന്ന് എത്തും എന്ന് ചോദിച്ച് ഒരു ആരാധകൻ ട്വീറ്റ് ചെയ്തിരുന്നു. ഒപ്പം അനിൽ സുങ്കരയെയും നായകൻ അഖിൽ അക്കിനേനിയെയും ടാ​ഗ് ചെയ്യുകയും ചെയ്തു. ഇതിന് പിന്നാലെ മറുപടിയുമായി നിർമാതാവ് രം​ഗത്ത് എത്തി. ഏജന്റിന്റെ സ്ട്രീമിംഗ് അവകാശം സോണി ലിവിന് വിറ്റതായി പറഞ്ഞ അനിൽ സുങ്കര ഇക്കാര്യം പലതവണ പറഞ്ഞിട്ടുണ്ടെന്നും ഓർമ്മിപ്പിച്ചു. ചിത്രം ഉടൻ സ്ട്രീം ചെയ്യാൻ സാധ്യതയുണ്ടെന്നും അദ്ദേഹം മറുപടി ട്വീറ്റിൽ കുറിച്ചു. ഇതിപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറൽ ആണ്. 

അഖിൽ അക്കിനേനിയും മമ്മൂട്ടിയും പ്രധാന വേഷത്തില്‍ എത്തിയ ഏജന്റ് ഒരു സ്പൈ ത്രില്ലർ ആയാണ് ഒരുങ്ങിയത്. മഹാദേവ് എന്ന കഥാപാത്രത്തെ ആയിരുന്നു മമ്മൂട്ടി അവതരിപ്പിച്ചത്. പ്രഖ്യാപനം മുതൽ കേരളത്തിൽ അടക്കം ശ്രദ്ധനേടിയ ചിത്രം പക്ഷേ ബോക്സ് ഓഫീസിൽ തകർന്നിരുന്നു. ടൈംസ് ഓഫ് ഇന്ത്യയുടെ റിപ്പോർട്ട് പ്രകാരം 70- 80 കോടിക്കടുത്താണ് ഏജന്റിന്റെ ബജറ്റ്. ബോക്സ് ഓഫീസിൽ നേടിയത് 13.4 കോടിയും. സുരേന്ദര്‍ റെഡ്ഡി ആയിരുന്നു സംവിധാനം. 

Hot Topics

Related Articles