തിരുവല്ല: അഗ്രികൾച്ചറൽ ഫാമിന്റെ വ്യാജ ഐഡന്റിറ്റി കാർഡ് നിർമ്മിച്ച് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും പലരിൽ നിന്നായി ഒരു കോടിയോളം രൂപ തട്ടിയെടുത്ത കേസിൽ പത്തനംതിട്ട പുന്നവേലി സ്വദേശി തിരുവല്ല പോലീസിന്റെ പിടിയിലായി. പുന്നവേലി പടിഞ്ഞാറെ മുറി വെളിയംകുന്ന് വീട്ടിൽ വി.പി.ജെയിംസ് ( 46 ) ആണ് പിടിയിലായത്. മലേഷ്യൻ തെങ്ങിൻ തൈ ഉൾപ്പെടെയുള്ള കാർഷിക വിളകളുടെ വിത്തുകൾ നൽകാം എന്ന് വാഗ്ദാനം ചെയ്ത് ആറ് ലക്ഷത്തി 73000 രൂപ തട്ടിയെടുത്തതായി കാട്ടി വേങ്ങൽ വേളൂർ മുണ്ടകം സ്വദേശി തമ്പി നൽകിയ പരാതിയിൽ ഫോൺ നമ്പർ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിന് ഒടുവിൽ കോട്ടയത്തെ ആഡംബര ഹോട്ടലിൽ നിന്നുമാണ് ജെയിംസിനെ പോലീസ് അറസ്റ്റ് ചെയ്തത്. സമാനമായ തരത്തിൽ 60 ലക്ഷം രൂപ തട്ടിയെടുത്തതായി കാട്ടി പെരുമ്പെട്ടി സ്വദേശി ഏബ്രഹാം കെ തോമസും ഇയാൾക്കെതിരെ പെരുമ്പട്ടി പോലീസിൽ പരാതി നൽകിയിരുന്നു.
കേരള അഗ്രികൾച്ചറൽ ഫാമിന്റെ ഔദ്യോഗിക പ്രതിനിധി എന്ന് തെറ്റിദ്ധരിപ്പിക്കും വിധം സ്ഥാപനത്തിന്റെ വ്യാജ ഐഡി കാർഡും കാർഷിക വിത്തുകളുടെ ഫോട്ടോയും വിലവിവരവും അടങ്ങുന്ന ഫയലുമായി എത്തിയാണ് ഇയാൾ തട്ടിപ്പ് നടത്തിയിരുന്നതെന്ന് പോലീസ് പറഞ്ഞു. തൃശ്ശൂർ, ഇടുക്കി, കോട്ടയം പത്തനംതിട്ട എന്നീ ജില്ലകളിലാണ് ഇയാൾ തട്ടിപ്പുകൾ ഏറെയും നടത്തിയിരിക്കുന്നത്. തട്ടിയെടുത്ത് കിട്ടുന്ന പണം ആഡംബര ഹോട്ടലുകളിൽ താമസത്തിനും ബാക്കി പണം ലോട്ടറി എടുക്കുവാനും ചെലവഴിച്ചതായി പ്രതി പോലീസിൽ മൊഴി നൽകിയിട്ടുണ്ട്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ഡിവൈഎസ്പി എസ് അഷാദിന്റെ നിർദ്ദേശ പ്രകാരം എസ്എച്ച്ഒ ബി കെ സുനിൽ കൃഷ്ണൻ , എസ്ഐ മാരായ അനീഷ് എബ്രഹാം, നിത്യ സത്യൻ, സീനിയർ സിപിഒ മാരായ അഖിലേഷ് , ഉദയ ശങ്കർ, മനോജ്, സിപിഒ അവിനാശ് എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ പിടികൂടിയത്.