കോട്ടയം: പാലാ നഗരസഭയിലെ എയര്‍പോഡ് മോഷണ വിവാദത്തിൽ കേസ് കടുപ്പിക്കാൻ തീരുമാനിച്ച് മാണി ഗ്രൂപ്പ്. സിപിഎം കൗണ്‍സിലര്‍ ബിനു പുളിക്കക്കണ്ടത്തിന്‍റെ അറസ്റ്റിന് പൊലീസിന് മേല്‍ സമ്മര്‍ദം ചെലുത്തുമെന്ന് മാണി ഗ്രൂപ്പ് വ്യക്തമാക്കി. എയര്‍പോഡ് മോഷണ പരാതിയില്‍ ബിനുവിനെതിരെ പാലാ പൊലീസ് കേസെടുത്തിരുന്നു. തുടർന്ന് എഫ്ഐആര്‍ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയില്‍ ബിനു പുളിക്കക്കണ്ടം അപേക്ഷ നല്‍കി. കേസ് അന്വേഷണ ഘട്ടത്തിലെന്ന് പൊലീസ് പറഞ്ഞു. തെരഞ്ഞെടുപ്പ് അവസാനിച്ചതിനു പിന്നാലെയാണ് കേസ് കടുപ്പിക്കാനുളള നീക്കം മാണി ഗ്രൂപ്പ് തുടങ്ങിയിരിക്കുന്നത്.
മാണി ഗ്രൂപ്പ് കൗണ്‍സിലര്‍ ജോസ് ചീരങ്കുഴിയുടെ എയര്‍പോഡ് മോഷണം പോയത് കഴിഞ്ഞ വർഷം ഒക്ടോബറിലാണ്. അപ്പോള്‍ തന്നെ ചീരങ്കുഴി പൊലീസില്‍ പരാതി നല്കിയിരുന്നെങ്കിലും ആദ്യ പരാതിയില്‍ സിപിഎം നേതാവ് ബിനു പുളിക്കക്കണ്ടത്തിന്‍റെ പേരുണ്ടായിരുന്നില്ല. പിന്നീട് നല്‍കിയ രണ്ടാമത്തെ പരാതിയിലാണ് സിപിഎം നേതാവിന്‍റെ പേരുണ്ടായിരുന്നത്. ഈ വൈരുധ്യത്തെ കുറിച്ചാണ് പ്രധാനമായും പൊലീസിന്‍റെ പ്രാഥമിക അന്വേഷണം. എന്നാല്‍ തെളിവുകള്‍ സമാഹരിക്കാനാണ് ആദ്യ പരാതിയില്‍ സിപിഎം നേതാവിന്‍റെ പേര് പറയാതിരുന്നതെന്നാണ് മാണി ഗ്രൂപ്പ് കൗണ്‍സിലർ വിശദീകരണം നൽകിയത്. വിഷയത്തില്‍ സംഘടനാപരമായി ഇടപെടില്ലെന്ന് മാണി ഗ്രൂപ്പ് നേതാക്കള്‍ വ്യക്തമാക്കിയിരുന്നു.