രാഷ്ട്രീയകാര്യ ലേഖകൻ
കോട്ടയം: എ.ഐ.വൈഎഫ് മുൻ ജില്ലാ പ്രസിഡന്റ് റെനീഷ് കാരിമറ്റം ബിജെപിയിലേയ്‌ക്കെന്നു സൂചന. കഴിഞ്ഞ ദിവസം കേരളത്തിലെത്തിയ ബി.ജെ.പിയുടെ കേന്ദ്രമന്ത്രി ജോൺ ബിർളയുമായി റെനീഷ് കാരിമറ്റം ചർച്ചകൾ നടത്തി. ബിജെപി കേന്ദ്ര – സംസ്ഥാന നേതൃത്വങ്ങളുമായി ചർച്ച നടത്തിയ റെനീഷിന് അർഹമായ പ്രാതിനിധ്യം നൽകുമെന്ന സൂചനകൾ ബിജെപി നേതൃത്വം നൽകുന്നു. ഇതിനിടെ ബിജെപിയുമായി ചർച്ച നടത്തിയെന്ന കാര്യം റെനീഷ് കാരിമറ്റവും സമ്മതിക്കുന്നുണ്ട്.
കഴിഞ്ഞ ദിവസമാണ് എഐവൈഎഫ് ജില്ലാ പ്രസിഡന്റ് റെനീഷ് കാരിമറ്റം ജില്ലാ പ്രസിഡന്റ് സ്ഥാനത്തു നിന്നും രാജി വച്ചത്. ഇതിനു പിന്നാലെ ഇദ്ദേഹത്തെ എഐവൈഎഫിൽ നിന്നും പുറത്താക്കി പ്രസ്താവനയും പുറത്തിറക്കിയിരുന്നു. തുടർന്ന് റെനീഷ് ഫെയ്‌സ്ബുക്കിൽ ഇതു സംബന്ധിച്ചുള്ള പോസ്റ്റും പങ്കു വച്ചു. ഇതിനിടെയാണ് ഇപ്പോൾ റെനീഷ് ബിജെപിയിലേയ്‌ക്കെന്ന സൂചനകൾ പുറത്തു വരുന്നത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
കഴിഞ്ഞ ദിവസം കൊച്ചിയിൽ എത്തിയാണ് റെനീഷ് കാരിമറ്റം കേന്ദ്രമന്ത്രിയുമായി ചർച്ച നടത്തിയത്. ബിജെപി സംസ്ഥാന നേതൃത്വത്തിലെ ഒരു വിഭാഗവും ഇദ്ദേഹത്തിനൊപ്പമുണ്ടായിരുന്നു. ഇതിനിടെ ബിജെപിയിലേയ്‌ക്കെന്ന സൂചന നൽകിയ റെനീഷ് പ്രധാനമന്ത്രി പങ്കെടുക്കുന്ന യുവം സമ്മേളനത്തിൽ വച്ച് അംഗത്വം സ്വീകരിക്കുമെന്ന സൂചനകളും പുറത്തു വന്നിട്ടുണ്ട്. ഇതിനിടെ സിപിഎം ജില്ലാ സെക്രട്ടറി എ.വി റസലുമായി റെനീഷ് ചർച്ചകൾ നടത്തിയെന്ന വിവരവും പുറത്തു വന്നു. സിപിഎമ്മിന്റെ ഭാഗമായി പ്രവർത്തിക്കുന്നതിനുള്ള സന്നദ്ധതയും ഇദ്ദേഹം നേരത്തെ തന്നെ പങ്കു വച്ചിരുന്നു. എന്നാൽ, മുന്നണിയിലെ ഒരു ഘടകക്ഷിയിലെ ഒരു നേതാവിനെ തന്നെ സ്വീകരിക്കുന്നതിൽ അനൗചിത്യമുണ്ടെന്ന നിലപാട് സിപിഎം സ്വീകരിച്ചതായാണ് സൂചന.
റെനീഷിനെ ചങ്ങനാശേരി എം.എൽ.എ അഡ്വ.ജോബ് മൈക്കിൾ ബന്ധപ്പെടുകയും, കേരള കോൺഗ്രസ് എമ്മിന്റെ ഭാഗമായി പ്രവർത്തിക്കുന്നതിനു ക്ഷണിക്കുകയും ചെയ്തതായും സൂചനയുണ്ട്. ഈ സാഹചര്യത്തിൽ ഇനി റെനീഷ് കാരിമറ്റത്തിന്റെ രാഷ്ട്രീയ നീക്കങ്ങൾ എന്താകുമെന്നാണ് ഉറ്റു നോക്കുന്നത്.