കോട്ടയം: തിരുവനന്തപുരത്ത് എ.കെ.ജി സെന്ററിനു നേരെയുണ്ടായ ബോംബാക്രമണത്തിൽ പ്രതിഷേധിച്ച് സി.പി.എം ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ കോട്ടയം നഗരത്തിൽ പ്രകടനം നടത്തി. കോട്ടയം തിരുനക്കരയിൽ നിന്നും ആരംഭിച്ച പ്രകടനം നഗരം ചുറ്റി ഗാന്ധിസ്‌ക്വയറിൽ സമാപിച്ചു. പ്രകടനത്തിനിടെ പലയിടത്തുമുണ്ടായിരുന്ന കോൺഗ്രസിന്റെയും, യൂത്ത് കോൺഗ്രസിന്റെയും ഫ്‌ളക്‌സ് ബോർഡുകൾ പ്രവർത്തകർ തകർത്തു. പ്രതിഷേധ മുദ്രാവാക്യങ്ങൾ ഉയർത്തിയാണ് പ്രവർത്തകർ നഗരത്തിൽ പ്രതിഷേധ പ്രകടനം നടത്തിയത്.
സി.പി.എം സംസ്ഥാന കമ്മിറ്റി അംഗം കെ.അനിൽകുമാർ, ജില്ലാ ക്മ്മിറ്റിയംഗങ്ങളായ എം.കെ പ്രഭാകരൻ, സി.എൻ സത്യനേശൻ, കെ.ആർ അജയ്, ഏരിയ സെക്രട്ടറി കെ.ശശികുമാർ, പി.ജെ വർഗീസ് എന്നിവർ പ്രതിഷേധ പ്രകടനത്തിന് നേതൃത്വം നൽകി. സംഘർഷ സാധ്യത കണക്കിലെടുത്ത് കോട്ടയം നഗരത്തിൽ വൻ പൊലീസ് സന്നാഹം ഒരുക്കിയിട്ടുണ്ട്. ഡിവൈഎസ്പിയുടെ നേതൃത്വത്തിൽ വെസ്റ്റ് സ്റ്റേഷൻ ഹൗസ് ഓഫിസർ അനൂപ് കൃഷ്ണയുടെ നേതൃത്വത്തിലുള്ള വൻ പൊലീസ് സംഘത്തെയാണ് നഗരത്തിൽ വിന്ന്യസിച്ചിരിക്കുന്നത്.