ആലപ്പുഴ: എടത്വയിൽ സ്കൂളിലേക്ക് വരുന്ന വഴി പ്ലസ് വൺ വിദ്യാർഥിനിയെ എടത്വ ജംഗ്ഷനിൽ പഞ്ചായത്ത് ഓഫീസിന് സമീപം വച്ച് തെരുവുനായ ഓടിച്ചിട്ട് കടിച്ചു. എടത്വ സെന്റ്. അലോഷ്യസ് ഹയർസെക്കൻഡറി സ്കൂളിലെ വിദ്യർത്ഥിനിയെയാണ് തെരുവ് നായ കടിച്ചത്. മറ്റു വിദ്യാർത്ഥികളും അധ്യാപകരും ചേർന്ന് കുട്ടിയെ രക്ഷപ്പെടുത്തുകയായിരുന്നു. വിദ്യാർത്ഥിനിയുടെ കാലിൽ നായയുടെ കടിയേറ്റ് നിരവധി സ്ഥലങ്ങളിലാണ് ആഴത്തിൽ മുറിവേറ്റിരിക്കുന്നത്.
നായയുടെ കടിയേറ്റ വിദ്യാർത്ഥിനിയെ വാക്സിനേഷൻ എടുക്കാൻ എടത്വായിലേയും തല വടിയിലേയും സർക്കാർ ആശുപത്രികളിൽ എത്തിച്ചെങ്കിലും വാക്സിനേഷൻ കിട്ടിയില്ല. തുടർന്ന് തിരുവല്ല താലൂക്ക് ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്.
എടത്വ ജംഗ്ഷനിലും പഞ്ചായത്ത് ഓഫീസിന് മുമ്പിലും പള്ളിപ്പാലത്തിലും കോളേജിന് മുന്നിലും എടത്വായിലെ വിവിധ സ്കൂളുകളുടെ പരിസരങ്ങളിലുമായി മുപ്പതിലേറെ തെരുവ് നായ്ക്കളാണ് ഉള്ളത്. സ്കൂട്ടർ യാത്രികരുടെ പിറകേ നായ്ക്കൾ ഓടുകയും യാത്രികർ വീണു പരിക്കു പറ്റുന്ന സംഭവം ഇവിടെ നിത്യേന നടന്നുവരുന്നു. ഇതിനെ നിയന്ത്രിക്കാൻ അധികൃതർ യാതൊരു നടപടിയും സ്വീകരിക്കാത്തതിനെതിരെ നാട്ടുകാരുടെയും രക്ഷിതാക്കളുടേയും പ്രതിഷേധവും ശക്തമാണ്.
എടത്വ ജംഗ്ഷനിൽ വിദ്യാർത്ഥിനിയെ തെരുവുനായ കടിച്ചു: എടത്വ, തലവടി സർക്കാർ ആശുപത്രികളിൽ എത്തിച്ചെങ്കിലും വാക്സിനേഷൻ ലഭിച്ചില്ല
Advertisements