ആലപ്പുഴ: ചെറുതനയിലെ അംഗനവാടിയിൽ നിന്നും വാങ്ങിയ അമൃതം പൊടിയിൽ ചത്ത പാറ്റയെ കണ്ടതായി പരാതി. പത്തു മാസം പ്രായമുള്ള കുട്ടിയ്ക്ക് നൽകാൻ വാങ്ങിയ അമൃതംപൊടിയിലാണ് ചത്ത പാറ്റയെ കണ്ടതായി പരാതി ഉയർന്നിരിക്കുന്നത്. ആലപ്പുഴ ഹരിപ്പാട് ചെറുതന പത്താം വാർഡ് എട്ടാം നമ്പർ അംഗൻവാടിയിൽ നിന്നാണ് ഒരു മാസം മുൻപ് കുടുംബാംഗങ്ങൾ ആറ് പാക്കറ്റ് അമൃതം പൊടി വാങ്ങിയത്. സാധാരണ എല്ലാ മാസവും ഇവിടെ നിന്ന് അമൃതം പൊടി വാങ്ങി കുഞ്ഞിന് നൽകാറുണ്ടായിരുന്നു. സമാന രീതിയിലാണ് ഇക്കുറിയും കുട്ടിയ്ക്ക് നൽകാൻ അമൃതം പൊടി വാങ്ങിയത്. ഈ അമൃതം പൊടി ഓരോ പാക്കറ്റ് വീതമാണ് ഇവർ ഉപയോഗിച്ചിരുന്നത്. ഇത്തരത്തിലുള്ള പാക്കറ്റുകളിൽ ഒന്ന് ഇന്ന് വൈകിട്ട് കുട്ടിയ്ക്ക് നൽകുന്നതിനു വേണ്ടി പൊട്ടിച്ചപ്പോഴാണ് പാക്കറ്റിനുള്ളിൽ രണ്ട് ചത്ത പാറ്റയെ കണ്ടെത്തിയത്. ഒരു മാസത്തോളമായി ഈ പാക്കറ്റുകൾ സീൽ ചെയ്ത നിലയിലാണ് സൂക്ഷിച്ചിരുന്നത്. അതുകൊണ്ടു തന്നെ തങ്ങളുടെ വീട്ടിൽ നിന്നും പാക്കറ്റിനുള്ളിൽ ഒന്നും കയറിയിട്ടില്ലെന്ന് കുടുംബാംഗങ്ങൾ ഉറപ്പിച്ചു പറയുന്നു. ഇതേ തുടർന്ന് ഇവർ കുട്ടിയ്ക്ക് അമൃതം പൊടി നൽകുന്നത് നിർത്തി വച്ചു. തുടർന്ന്, അംഗൻ വാടി ടീച്ചറെയും, ഹെൽപ്പറെയും, പഞ്ചായത്തംഗത്തെയും, ആശാ വർക്കറെയും വിവരം അറിയിച്ചു. ഇവർ നാളെ രാവിലെ വീട്ടിൽ എത്താമെന്ന് അറിയിച്ചിട്ടുണ്ട്. അമൃതം പൊടി പാക്കറ്റിന്റെ പുറത്ത് ഡേറ്റ് എഴുതിയിട്ടുണ്ടെങ്കിലും ഇത് കൃത്യമായി കാണാനാവുന്നില്ലെന്നും ഇവർ പരാതിപ്പെട്ടു.