ആലപ്പുഴ : വീടിന് നമ്പരിട്ട് നൽകാൻ 2500 രൂപ കൈക്കൂലി വാങ്ങുന്നതിനിടെ ആലപ്പുഴ നഗരസഭയിലെ റവന്യൂ ഇൻസ്പെക്ടർ വിജിലൻസിന്റെ പിടിയിലായി. ആലപ്പുഴ നഗരസഭയിലെ റവന്യൂ ഇൻസ്പെക്ടർ പത്തനംതിട്ട തിരുവല്ല ചുമത്ര കമല നിവാസിൽ കെ.കെ ജയരാജിനെയാണ് കോട്ടയം വിജിലൻസ് യൂണിറ്റ് മേധാവി എസ് പി വി.ജി വിനോദ് കുമാറിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്.
ബുധനാഴ്ച വൈകിട്ട് മൂന്ന് മണിയോടെ ആലപ്പുഴ നഗരസഭ ഓഫിസിന് മുന്നിലായിരുന്നു സംഭവം. ആലപ്പുഴ സ്വദേശിയായ പരാതിക്കാരൻ വീടിന് നമ്പർ ഇട്ട് നൽകുന്നതിനായി ആലപ്പുഴ നഗരസഭയിൽ അപേക്ഷ നൽകിയിരുന്നു.
ഇദേഹത്തിന്റെ ഭാര്യയുടെ അമ്മയുടെ പേരിലുള്ള വീടിന്റെ ഉടമസ്ഥാവകാശം മാറ്റുന്നതിനുവേണ്ടിയാണ് അപേക്ഷ നൽകിയിരുന്നത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
വീടിന് അല്പസ്വല്പം അറ്റകുറ്റപ്പണികളും അപേക്ഷകർ നടത്തിയിരുന്നു. ഈ അറ്റകുറ്റപ്പണികൾ പരിശോധിക്കാനെത്തിയ ജയരാജ് നിർമ്മാണ പ്രവർത്തനങ്ങളിൽ കൂടുതൽ സ്ഥലം കണ്ടെത്തി. ഇതേ തുടർന്ന് അപേക്ഷകരോട് പുതിയ പ്ളാൻ തയ്യാറാക്കാൻ ആവശ്യപ്പെട്ടു. പ്ലാൻ തയ്യാറാക്കാൻ പതിനായിരം രൂപയിൽ അധികമാകുമെന്നും , എന്നാൽ എന്നെ കാണണ്ട രീതിയിൽ കണ്ടാൽ കാര്യങ്ങൾ ഭംഗിയായി നടക്കുമെന്നും അറിയിച്ചു.
വീട്ടിൽ നിന്നും പോകുന്നതിനിടെ ഓട്ടോ ഡ്രൈവർക്ക് 200 രൂപ നൽകി. എന്നാൽ , തന്നെയാണ് കാണേണ്ടതെന്ന് ജയരാജ് ശഠിച്ചു. ഇതേത്തുടർന്ന് പരാതിക്കാരും നഗരസഭ ഓഫീസിൽ എത്തി. ഇതോടെ ജയരാജ് 5000 രൂപ കൈക്കൂലി ആവശ്യപ്പെടുകയായിരുന്നു. തുടർന്ന് നടത്തിയ ചർച്ചകൾക്കൊടുവിൽ 2500 രൂപ കൈക്കൂലിയായി നൽകിയാൽ അപേക്ഷ തീരുമാനം ആക്കാമെന്ന് അറിയിച്ചു. ഇതോടെ പരാതിക്കാരൻ വിജിലൻസ് എസ് പി വി.ജി വിനോദ് കുമാറിനെ സമീപിക്കുകയായിരുന്നു.
ബുധനാഴ്ച ഉച്ചയോടെ നഗരസഭ ഓഫീസിലെത്തിയ പരാതിക്കാരൻ കൈക്കൂലി തുക നൽകാമെന്ന് സമ്മതിച്ചു. ഇതോടെ അപേക്ഷയിൽ തീർപ്പുകൽപ്പിച്ച് ജയരാജ് , സർട്ടിഫിക്കറ്റുമായി ഓഫീസിന് പുറത്ത് എത്തി. ഓഫീസിൽ സിസിടിവി ക്യാമറ ഉണ്ടായിരുന്നതിനാലാണ് കൈക്കൂലി വാങ്ങാൻ ജയരാജ് പുറത്ത് എത്തിയത്. തുടർന്ന് കൈക്കൂലി വാങ്ങുന്നതിനിടെ വിജിലൻസ് സംഘം ഇയാളെ പിടികൂടുകയായിരുന്നു. കോട്ടയം വിജിലൻസ് ഡിവൈ.എസ്.പി വി.ശ്യാംകുമാർ , ആലപ്പുഴ യുണിറ്റ് ഇൻസ്പെക്ടർമാരായ പ്രശാന്ത് , രാജേഷ് , കോട്ടയം യുണിറ്റി ഇൻസ്പെക്ടർ റെജി എം കുന്നിപ്പറമ്പിൽ , എസ്.ഐ സ്റ്റാൻലി തോമസ് , വിജിലൻസ് ഉദ്യോഗസ്ഥരായ കിഷോർ , മനോജ് , ശ്യാം , ഷിജു , വനിതാ വിജിലൻസ് ഓഫിസർ നീതു എന്നിവർ ചേർന്നാണ് ജയരാജിനെ അറസ്റ്റ് ചെയ്തത്. പ്രതിയെ കോടതിയിൽ ഹാജരാക്കും.