ആലപ്പുഴ: ആലപ്പുഴ മെഡിക്കൽ കോളേജാശുപത്രിയിലെ ജീവനക്കാർക്ക് നെയിം പ്ലേറ്റും പരിശീലനവും നിർബന്ധമാക്കണമെന്ന് ആവശ്യം ഉയർന്നു. ആശുപത്രിയിലെത്തുന്ന രോഗികളോടും കൂട്ടിരിപ്പുകാരോടും ബന്ധുക്കളോടുമുള്ള ജീവനക്കാരുടെ പെരുമാറ്റത്തിനെതിരെ വ്യാപക പരാതി ഉയർന്നതോടെയാണ് ഈ ആവശ്യം ഉയർന്നത്.
ആശുപത്രിയിൽ രോഗാവസ്ഥയിലെത്തുന്നവരുടെ മാനസിക നില മനസിലാക്കാതെ പോലീസ് മുറയിലും മർക്കട മുഷ്ടിയോടെയുമാണ് ഒരു വിഭാഗം സെക്യൂരിറ്റിക്കാരും മറ്റ് ജീവനക്കാരും പെരുമാറുന്നത്. നീല യൂണിഫോം മാറ്റി പകരം പോലീസിന് സമാനമായ കാക്കി യൂണിഫോം ഏർപ്പെടുത്തിയതോടെ സെക്യൂരിറ്റി ജീവനക്കാരുടെ പെരുമാറ്റം കൂടുതൽ ധാർഷ്ട്യം നിറഞ്ഞതായിരിക്കുകയാണ്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
നിത്യേനെ ചികിത്സാപ്പിഴവ് മൂലവും ഡോക്ർമാർ ഇല്ലാത്തതിൻ്റെ പേരിലും സംഘർഷമുണ്ടാകുമ്പോൾ പലപ്പോഴും സെക്യൂരിറ്റി ജീവനക്കാർ പോലീസ് മുറയിലാണ് പെരുമാറുന്നത്. ചില ജീവനക്കാരും സമാനമായ രീതിയിലാണ് പെരുമാറുന്നത്. ആശുപത്രിയിൽ കിടന്ന് മരണമടയുന്നവരുടെ ബന്ധുക്കളോട് പോലും മാനുഷിക പരിഗണനയും കരുണയുമില്ലാതെയുമാണ് സെക്യൂരിറ്റി ജീവനക്കാരsക്കം പെരുമാറുന്നത്.
മാനദണ്ഡങ്ങൾ ലംഘിച്ച് നിയമിച്ച ഇത്തരം സെക്യുരിറ്റി ജീവനക്കാർക്കും മറ്റ് ജീവനക്കാർക്കും ആശുപത്രിയിലെത്തുന്നവരോട് ഏത് രീതിയിൽ പെരുമാറണമെന്നതിനെക്കുറിച്ച് വിദഗ്ധ പരിശീലനം നൽകണമെന്നാണ് ആവശ്യമുയർന്നിരിക്കുന്നത്.ഇതു കൂടാതെ മറ്റ് ജീവനക്കാർക്ക് പേര് വ്യക്തമാകുന്ന തരത്തിലുള്ള നെയിം പ്ലേറ്റ് നിർബന്ധമാക്കണമെന്നും ആവശ്യമുയർന്നിട്ടുണ്ട്.
പലപ്പോഴും ഇത്തരം ജീവനക്കാർക്കെതിരെ പരാതി നൽകാനൊരുങ്ങുമ്പോൾ ഇവരുടെ പേര് അറിയാൻ കഴിയാത്തതു മൂലം പരാതി നൽകിയാലും പ്രയോജനമുണ്ടാകാറില്ല. ഇത് കണക്കിലെടുത്ത് സെക്യൂരിറ്റി ജീവനക്കാർക്കുൾപ്പെടെയുള്ളവർക്ക് പേര് വ്യക്തമാകുന്ന തരത്തിൽ നെയിം പ്ലേറ്റ് നിർബന്ധമാക്കാൻ ആശുപത്രി അധികൃതർ തയ്യാറാകണമെന്നാണ് ആവശ്യമുയർന്നിരിക്കുന്നത്.