ആലപ്പുഴ: ദേശീയപാത വികസനത്തിന്റെ ഭാഗമായി 31 വില്ലേജുകളിൽ നിലവിൽ ഏറ്റെടുത്തതിനു പുറമേ കൂടുതൽ സ്ഥലം ഏറ്റെടുക്കേണ്ടി വരും. ദേശീയപാതയ്ക്ക് 45 മീറ്റർ വീതിയിലാണ് സ്ഥലം ഏറ്റെടുക്കേണ്ടിയിരുന്നത്. നിർമാണ പ്രവർത്തനങ്ങൾക്കായി കരാറുകാർ പരിശോധിച്ചപ്പോഴാണ് ആവശ്യത്തിന് വീതിയില്ലെന്നു കണ്ടെത്തിയത്.
സർവേ നടത്തിയതിൽ തെറ്റുണ്ടാകുകയോ, സർവേ കല്ലുകൾ മാറ്റിസ്ഥാപിക്കുകയോ ചെയ്തതു കാരണമാണ് ഇപ്പോൾ കൂടുതൽ സ്ഥലം ഏറ്റെടുക്കേണ്ടി വരുന്നത്.ദേശീയപാതയിൽ കായംകുളം, കൃഷ്ണപുരം എന്നിവ ഒഴികെയുള്ള വില്ലേജുകളിലാണു നിലവിൽ ഏറ്റെടുത്തതിനു പുറമേ കൂടുതൽ സ്ഥലം ഏറ്റെടുക്കേണ്ടി വരുന്നത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
കൃഷ്ണപുരം – ഓച്ചിറ ഭാഗം മാർച്ച് 31നകം പൂർത്തിയാകുമെന്നാണ് ദേശീയപാത അധികൃതർ പറയുന്നത്.പറവൂർ– കൊറ്റുകുളങ്ങര ഭാഗത്താണ് കൂടുതൽ ഇടങ്ങളിൽ റീസർവേ നടത്തേണ്ടത്. പറവൂർ, പുറക്കാട്, തോട്ടപ്പള്ളി, ഹരിപ്പാട്, കരുവാറ്റ എന്നിവിടങ്ങളിലാണ് കൂടുതൽ സ്ഥലത്ത് റീസർവേ നടത്തേണ്ടി വരുന്നത്.
പറവൂർ–കൊറ്റുകുളങ്ങര ഭാഗത്ത് സർക്കാർ കെട്ടിടങ്ങൾ പൊളിക്കുന്നതിന് ബന്ധപ്പെട്ട വകുപ്പുകൾക്ക് നൽകേണ്ട നഷ്ടപരിഹാരത്തുക ദേശീയപാത അതോറിറ്റിയുടെ അക്കൗണ്ടിൽ എത്തി. ഇത് ഉടൻ വിതരണം ആരംഭിക്കും. തുറവൂർ–പറവൂർ ഭാഗത്തെ കെട്ടിടങ്ങളുടെ വില പുനർനിശ്ചയിച്ചെങ്കിൽ മാത്രമേ തുക അനുവദിക്കൂ. വില നിർണയവുമായി ബന്ധപ്പെട്ട് തർക്കം വന്നതാണ് നഷ്ടപരിഹാരം വീണ്ടും കണക്കാക്കാൻ കാരണം.