കുമരകം: ബി.പി.സി.എല്ലും കൈരളി ബ്രിഡ്ജ് അസോസിയേഷനും(കെ.ബി.എ) സംയുക്തമായി ചേര്‍ന്ന് കുമരകത്ത് സംഘടിപ്പിച്ച ഓപ്പണ്‍ ഓള് ഇന്ത്യ ബ്രിഡ്ജ് ടൂര്‍ണമെന്റ് സമാപിച്ചു. ടീം ഇനത്തില്‍ കോട്ടയം സ്വദേശി മാത്യു ചാണ്ടി നയിച്ച ക്രേസി 6 ടീം ബി.പി.സി.എല്‍ റോളിംഗ് ട്രോഫി നേടി. ബംഗാളില്‍ നിന്നുള്ള അരുണ്‍ ബപത്, ബിശ്വജിത് പൊഡ്ഡാര്‍, ബിനോദ് ഷാ, സഞ്ജിത് ഡേ, സോഹം സര്‍ക്കാര്‍ എന്നിവരാണ് മറ്റ് ടീം അംഗങ്ങള്‍. ചെന്നൈയില്‍ നിന്നുള്ള കൂളേഴ്സ് രണ്ടാം സ്ഥാനത്തെത്തി. എസ്. വിജയരാഘവന്, പി. ശ്രീധരന്, അഫ്ഷര്‍ മജീദ്, ആര്. രാഘവേന്ദ്ര, ഉമ രാജീവ് എന്നിവരാണ് റണ്ണേഴ്സ് അപ്പ് ടീമിലുണ്ടായിരുന്നത്. ദീപ ജേക്കബ്, പ്രൊസഞ്ജിത് മന്ന, ബഭ്രുബഹന് ബോസ്, പ്രദിപ് ഡേ, സുക്രിത് വിജയകര്‍ എന്നിവരടങ്ങുന്ന ദീപാധര് ടീം മൂന്നാം സ്ഥാനത്തെത്തി. പെയര്‍ ഇനത്തില്‍ കൊല്‍ക്കത്തയില്‍ നിന്നുള്ള ബിനോദ് ഷാ, സഞ്ജിത് ഡേ എന്നിവര്‍ വിജയികളായി.
കേരളത്തില്‍ സംഘടിപ്പിച്ചതില്‍ ഏറ്റവും കൂടുതല്‍ സമ്മാനത്തുകയുള്ള ബ്രിഡ്ജ് ടൂര്‍ണ്ണമെന്റാണ് കുമരകത്ത് നടന്നത്. ഭാരത് പെട്രോളിയം കോര്പ്പറേഷന് ലിമിറ്റഡ്(ബി.പി.സി.എല്‍) സ്പോണ്സര് ചെയ്ത ടൂര്‍ണ്ണമെന്റില്‍ നാല് ലക്ഷം രൂപയായിരുന്നു സമ്മാനത്തുക. വേമ്പനാട്ട് കായലില്‍ ഹൗസ് ബോട്ടില്‍ സംഘടിപ്പിച്ച ടീം ഇനത്തിന്റെ ഫൈനല്‍ ആയിരുന്നു ടൂര്‍ണ്ണമെന്റിലെ പ്രധാന ആകര്‍ഷണം. ദേശീയതലത്തിലെ കളിക്കാര്‍ പങ്കെടുത്ത ടൂര്‍ണ്ണമെന്റില്‍ വാശിയേറിയ മത്സരങ്ങളാണ് നടന്നത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
80കളില്‍ ശ്രീലങ്കന്‍ ക്രിക്കറ്റ് ടീമിന്റെ മുന്‍നിര പേസ് ബൗളറായിരുന്ന അശാന്ത ഡെ മെല്‍ ആയിരുന്നു ടൂര്‍ണ്ണമെന്റിലെ ഏറ്റവും പ്രശസ്തന്‍. 2022ല്‍ ഇറ്റലിയില്‍ നടന്ന ലോക ബ്രിഡ്ജ് ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യന്‍ സീനിയര്‍ ബ്രിഡ്ജ് ടീമിന് വേണ്ടി വെള്ളി മെഡല്‍ നേടിയ ടീമിന്റെ ക്യാപ്റ്റന്‍ ആര്. കൃഷ്ണനൊപ്പം പെയര്‍ ഇനത്തില്‍ മത്സരിച്ച അശാന്ത ഒരു സമ്മാനവും നേടി. തമിഴ്നാട്, കര്‍ണ്ണാടക, ആന്ധ്രപ്രദേശ്, മഹാരാഷ്ട്ര, പശ്ചിമബംഗാള്‍ തുടങ്ങിയ സംസ്ഥാനങ്ങളില്‍ നിന്നുള്ള മത്സരാര്‍ത്ഥികള്‍ ടൂര്‍ണ്ണമെന്റില്‍ പങ്കെടുത്തു. ഇന്ത്യന്‍ ബ്രിഡ്ജ് ലോകത്തെ ഒരു വാര്‍ഷിക ഇനമായി ഇത് മാറട്ടെയെന്ന് മത്സരാര്‍ത്ഥികളെല്ലാവരും ആശംസിച്ചു. ടൂര്‍ണ്ണമെന്റില്‍ പങ്കെടുത്ത ഏറ്റവും പ്രായം കുറഞ്ഞ വ്യക്തിയായ ഒമ്പത് വയസ്സുകാരന് ഉള്‍പ്പെട്ട പുതുച്ചേരിയില്‍ നിന്നുള്ള ഒരു സ്കൂള്‍ ടീമും ടൂര്ണ്ണമെന്റിനുണ്ടായിരുന്നു.
ബി.പി.സി.എല്‍ സിജിഎമ്മും മുന്‍ ദേശീയ ബാഡ്മിന്റണ്‍ താരവും അര്‍ജുന അവാര്‍ഡ് ജേതാവുമായ ജോര്‍ജ്ജ് തോമസ് വിജയികള്‍ക്ക് പുരസ്കാരങ്ങള്‍ വിതരണം ചെയ്തു.