ആലപ്പുഴ : ഈഴവര്‍ അടക്കമുള്ള അടിസ്ഥാന വര്‍ഗ്ഗത്തെ വിസ്മരിച്ചതു കൊണ്ടുള്ള ദുരന്തമാണ് ആലപ്പുഴ തിരഞ്ഞെടുപ്പില്‍ ഇടതുപക്ഷം നേരിട്ടത് എന്ന് എസ് എന്‍ ഡി പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞു. പാലസ്തീന്‍ വിഷയവും പൗരത്വ ബില്ലും അടക്കമുള്ള വിഷയങ്ങള്‍ ഉയര്‍ത്തി ന്യൂനപക്ഷ പ്രീണനത്തിനാണ് കേരളത്തില്‍ പിണറായി ശ്രമിക്കുന്നതെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കുട്ടനാട്ടിലെ അടിസ്ഥാനവര്‍ഗം ഇപ്പോഴും പ്രതിസന്ധി നേരിടുകയാണെന്നും അവരുടെ കൃഷി വിളകള്‍ക്ക് ആവശ്യമായ വില ലഭിക്കുന്നില്ലെന്നും അടിസ്ഥാന ആവശ്യങ്ങളായ വീട് കുടിവെള്ളം എന്നിവ മാറിവരുന്ന ഭരണാധികാരികള്‍ നല്‍കുന്നില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി. കുട്ടനാട്ടില്‍ നിലവിലുള്ളത് ഒരു കെട്ടുവള്ളത്തില്‍ കയറാന്‍ പോലും ആളില്ലാത്ത പാര്‍ട്ടിയുടെ നേതാവാണെന്നും മന്ത്രിസ്ഥാനത്തിന് പിന്നാലെ നടക്കുന്ന അദ്ദേഹം കുട്ടനാട്ടുകാര്‍ക്ക് വേണ്ടി എന്താണ് ചെയ്തതെന്നും അദ്ദേഹം ചോദിച്ചു. എസ്എന്‍ഡിപി യോഗം കുട്ടനാട് സൗത്ത് യൂണിയന്‍ നേതൃത്വത്തില്‍ നടന്നുവന്ന ശാരദോത്സവം രണ്ടിന്റെ സമാപനത്തോടനുബന്ധിച്ചുള്ള പൊതുസമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. യൂണിയന്‍ ചെയര്‍മാന്‍ പച്ചയില്‍ സന്ദീപ് അധ്യക്ഷത വഹിച്ച യോഗത്തിൽ യൂത്ത് മൂവ്‌മെന്റ് സംസ്ഥാന വൈസ് പ്രസിഡന്റ് സജീഷ് കോട്ടയം, സൈബര്‍ സേന സംസ്ഥാന ചെയര്‍മാന്‍ അനീഷ് പുല്ലുവേലി, ശ്രീനാരായണ എംപ്ലോയീസ് ഫോറം സംസ്ഥാന പ്രസിഡന്റ് അജിലാല്‍, സംസ്ഥാന സെക്രട്ടറി കെ പി ഗോപാലകൃഷ്ണന്‍ യൂണിയന്‍ കൗണ്‍സിലര്‍മാരായ ഉമേഷ് കൊപ്പാറ സിമ്മി ജിജി, സന്തോഷ് വേണാട് യൂണിയന്‍ വനിതാ സംഘം പ്രസിഡന്റ് ശാന്ത സി പി, മൈക്രോ ഫിനാന്‍സ് കോര്‍ഡിനേറ്റര്‍മാരായ വിമല പ്രസന്നന്‍, സുജി സന്തോഷ് യൂത്ത് മൂവ്‌മെന്റ് സംസ്ഥാന വൈസ് പ്രസിഡന്റ് വികാസ് ദേവന്‍ യൂണിയന്‍ യൂത്ത് മൂവ്‌മെന്റ് പ്രസിഡന്റ് ഉണ്ണി ഹരിദാസ്, കണ്‍വീനര്‍ സുചിത്ര രാജേന്ദ്രന്‍, യൂണിയന്‍ സൈബര്‍ സേന ചെയര്‍മാന്‍ പീയൂഷ് പി പ്രസന്നന്‍, കണ്‍വീനര്‍ സുജിത്ത് മോഹനന്‍ യൂണിയന്‍ എംപ്ലോയീസ് ഫോറം ചെയര്‍മാന്‍ ബ്രിജിത്ത് ലാല്‍, സെക്രട്ടറി ശാലിനി ബാലജനയോഗം പ്രസിഡന്റ് മാസ്റ്റര്‍ രൂപേഷ്, സെക്രട്ടറി അനുശ്രീ എന്നിവര്‍ സംസാരിച്ചു തുടര്‍ന്ന് വിജയികള്‍ക്കുള്ള സമ്മാനദാനം നടത്തി. ചമ്പക്കുളം മേഖല കിരീട ജേതാക്കളായി.