പന്തളം : അമ്മയെ മുമ്പ് ഉപദ്രവിച്ചു എന്ന വിരോധത്താൽ അച്ഛനെ ഗ്ലാസ് കഷ്ണം കൊണ്ട് കഴുത്തിന് ഗുരുതരമായി കുത്തിപ്പരിക്കേൽപ്പിച്ച കേസിൽ സഹോദരന്മാരെ കൊടുമൺ പോലീസ് പിടികൂടി. പന്തളം തെക്കേക്കര തട്ടയിൽ മങ്കുഴി കുറ്റിയിൽ വീട്ടിൽ ഷാജി (35), സഹോദരൻ സതീഷ് (37) എന്നിവരെയാണ് പിതാവ് ശങ്കരനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ പൊലീസ് അറസ്റ്റ് ചെയ്തത്. ശങ്കരനും ഒന്നാംപ്രതി ഷാജിയും താമസിക്കുന്ന വീട്ടിലേക്കുള്ള വഴിയിൽ വച്ച് ഇന്നലെ രാത്രി പത്തുമണിയോടെയാണ് ആക്രമണം ഉണ്ടായത്. രണ്ടാംപ്രതി പിതാവിനെ തടഞ്ഞുനിർത്തുകയും, ഷാജി ഗ്ലാസ് കഷണം കൊണ്ട് കഴുത്തിൽ കുത്തി മാരകമായി പരിക്കേൽപ്പിക്കുകയായിരുന്നു.
മറ്റൊരു മകൻ സന്തോഷിന്റെ പരാതി പ്രകാരം ഇന്ന് കൊടുമൺ പൊലീസ് കേസെടുത്തു അന്വേഷണ ആരംഭിച്ചു. ഉടൻതന്നെ സംഭവസ്ഥലത്ത് നിന്നും പ്രതികളെ പൊലീസ് കസ്റ്റഡിയിൽ എടുത്തു വൈദ്യപരിശോധനക്ക് ശേഷം സ്റ്റേഷനിൽ ഹാജരാക്കി. വിശദമായ ചോദ്യം ചെയ്യലിൽ കുറ്റം സമ്മതിച്ച പ്രതികളെ തുടർന്ന് അറസ്റ്റ് ചെയ്തു കുറ്റസമ്മതമൊഴിരേഖപ്പെടുത്തി.
ശാസ്ത്രീയ അന്വേഷണസംഘവും വിരലടയാള വിദഗ്ധരും ഡിപ്പാർട്ട്മെന്റ് ഫോട്ടോഗ്രാഫറും സംഭവസ്ഥലത്ത് പരിശോധന നടത്തി ശാസ്ത്രീയ തെളിവുകൾ ശേഖരിച്ചു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ജില്ലാ പൊലീസ് മേധാവി വി ജി വിനോദ് കുമാറിന്റെ നിർദേശാനുസരണം കേസിൽ കൂടുതൽ പ്രതികൾ ഉൾപ്പെട്ടിട്ടുണ്ടോ എന്നും മറ്റുമുള്ള കാര്യങ്ങളിൽ വിശദമായ അന്വേഷണം തുടരുകയാണ്. പ്രതികൾ ആക്രമണത്തിന് ഉപയോഗിച്ച ഗ്ലാസ് കഷ്ണം ശാസ്ത്രീയ പരിശോധന നടത്തേണ്ടതായും മറ്റുമുണ്ട്. ഷാജി നിലവിൽ കൊടുമൺ പൊലീസ് സ്റ്റേഷനിലെ മറ്റ് മൂന്ന് കേസുകളിൽ പ്രതിയാണ്. സതീഷ് കുന്നംകുളം പൊലീസ് സ്റ്റേഷനിലെ മോഷണം കേസിലും, കൊടുമൺ പൊലീസ് നേരത്തെ രജിസ്റ്റർ ചെയ്ത ദേഹോപദ്രവകേസിലും ഉൾപ്പെട്ടിട്ടുണ്ട്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.