കൊച്ചി : പരിപാടിക്കിടെ കുഴഞ്ഞുവീണതിനെ തുടര്‍ന്ന് ഗുരുതരാവസ്ഥയിലായ അവതാരകന് രാജേഷ് കേശവിനെ വെല്ലൂര്‍ ആശുപത്രിയിലേക്ക് മാറ്റുന്നു. സുഹൃത്തും സഹപ്രവര്‍ത്തകനുമായ പ്രതാപ് ജയലക്ഷ്മിയാണ് സമൂഹമാധ്യമങ്ങളിലൂടെ ഇക്കാര്യം പങ്കുവെച്ചത്.
29 ദിവസങ്ങളായി കൊച്ചി ലേക് ഷോര്‍ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന രാജേഷിന്റെ ആരോഗ്യനിലയില്‍ നേരിയ പുരോഗതി ഉണ്ടെന്ന് അടുത്തിടെ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. വെല്ലൂര്‍ ആശുപത്രിയിലേക്ക് മാറ്റുന്നത് വിദഗ്ധ ചികിത്സയ്ക്കായാണ് എന്നാണ് പുറത്തുവരുന്ന വിവരം.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
രാജേഷിന് വെല്ലൂര്‍ ആശുപത്രിയിലേക്ക് മാറ്റാന്‍ അതിവേഗം എയര്‍ ആംബുലന്‍സ് സംവിധാനം ഒരുക്കാന്‍ മുന്‍കൈ എടുത്ത സുരേഷ് ഗോപി, യൂസുഫ് അലി, വേഫേറര്‍, എസ്കെഎന്‍ തുടങ്ങിയവര്‍ക്കെല്ലാം സുഹൃത്തുക്കള്‍ നന്ദി അറിയിച്ചിട്ടുണ്ട്.
ഓഗസ്റ്റ് അവസാന വാരം ക്രൗണ്‍ പ്ലാസയില്‍ വെച്ച് നടന്ന ഒരു പരിപാടിക്കിടെയാണ് രാജേഷ് കേശവ് കുഴഞ്ഞുവീണത്. എത്രയും വേഗം അദ്ദേഹത്തെ ആശുപത്രിയില്‍ എത്തിക്കുകയും ചികിത്സകള്‍ ആരംഭിക്കുകയുമായിരുന്നു.
ചില സിനിമകളിലും അഭിനയിച്ചിട്ടുള്ള രാജേഷ് കേശവിനായി സിനിമാ-ടെലിവിഷന്‍ മേഖലയിലെ നിരവധി പേര് രംഗത്തുവന്നിരുന്നു.
കുറിപ്പിന്റെ പൂര്‍ണരൂപം:
നമ്മുടെ പ്രിയപ്പെട്ട രാജേഷ് ഇന്നൊരു യാത്രയിലാണ്. പല രാജ്യങ്ങളില്‍, ഒരുപാട് സന്തോഷത്തോടെ ഞങ്ങള്‍ യാത്ര ചെയ്തിട്ടുണ്ട്. പക്ഷേ ഈ യാത്ര കൊച്ചിയില്‍ നിന്നും വെല്ലൂര്‍ ഹോസ്പിറ്റലിലേക്കാണ്. രാജേഷിന്റെ അനുജന് രൂപേഷും ഭാര്യ സിന്ധുവും ഒപ്പമുണ്ട്. 29 ദിവസങ്ങളായി കൊച്ചി ലേക് ഷോര്‍ ഹോസ്പിറ്റലിലെ ഡോക്ടര്‍മാരുടെ ആത്മാര്‍ത്ഥമായ ചികിത്സയിലും, രാജേഷിനെ ഒരു സഹോദരനെ പോലെ, മകനെപ്പോലെ പരിചരിച്ച ദൈവത്തിന്റെ മാലാഖമാരായ സിസ്റ്റര്‍മാരോടും, സഹകരിച്ച മറ്റു ജീവനക്കാരോടും, മാനേജ്മെന്റിനും നന്ദി.
രാജേഷിന് വേഗം വെല്ലൂരില്‍ എത്തിക്കാന്‍ എയര്‍ ആംബുലന്‍സ് ഒരൊറ്റ രാത്രി കൊണ്ട് അറേഞ്ച് ചെയ്ത ചങ്ങാതിക്കൂട്ടത്തിലെ പ്രിയപ്പെട്ട സുഹൃത്തുക്കളെ ഹൃദയത്തോട് ചേര്‍ക്കുന്നു. ശ്രീ സുരേഷ് ഗോപിയോടും, ശ്രീ SKN, ശ്രീ യൂസഫലി സാര്‍, വേഫയറര്‍ ഫിലിം ടീം. എല്ലാവരോടും സ്നേഹം കട്ടക്ക് കൂടെ നില്ക്കുന്ന ചങ്കു സുഹൃത്തുക്കളോട് നന്ദി പറഞ്ഞു തീര്‍ക്കുന്നില്ല.
രാജേഷിന്റെ ആരോഗ്യ വിവരങ്ങള്‍ തിരക്കി വിളിക്കുന്ന, മെസ്സേജ് അയക്കുന്നവരോടൊക്കെ സ്നേഹം..നന്ദി.. നിങ്ങളുടെ പ്രാര്‍ത്ഥന തുടരുക.. രാജേഷ് പഴയ ആവേശത്തോടെ, ആരോഗ്യത്തോടെ എത്രയും വേഗം മടങ്ങി വരും..പ്രാര്‍ത്ഥിക്കുക കാത്തിരിക്കുക.