കോട്ടയം : അന്യസംസ്ഥാനത്ത് നിന്നും കേരളത്തിലേക്ക് കഞ്ചാവ് കടത്തുന്നതിൽ പ്രധാനിയായ ആളെ പോലീസ് അറസ്റ്റ് ചെയ്തു. ആന്ധ്ര, വിശാഖപട്ടണം, ഗോണ്ണൂരു സ്ട്രീറ്റിൽ, റാംറാവു മകൻ സുര്‍ളാ പാണ്ടയ്യ (40) എന്നയാളെയാണ് കോട്ടയം ജില്ലാ പോലീസ് മേധാവി കെ.കാർത്തിക്കിന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘം ആന്ധ്രപ്രദേശിൽ നിന്നും പിടികൂടിയത്. കഴിഞ്ഞ മാസം ഒമ്പതാം തീയതി തലയോലപ്പറമ്പ് ഭാഗത്ത് വച്ച് നടന്ന വൻ കഞ്ചാവ് വേട്ടയിൽ 92 കിലോഗ്രാം കഞ്ചാവുമായി കെൻസ് സാബു, രഞ്ജിത്ത് എന്നിവരെ പോലീസ് സംഘം പിടികൂടിയിരുന്നു.
ഇവരെ ചോദ്യം ചെയ്തതില്‍ നിന്നുമാണ് ഇവർക്ക് കഞ്ചാവ് സംസ്ഥാനത്തിന്റെ വെളിയിൽ നിന്നും വലിയതോതിൽ എത്തിച്ചു കൊടുക്കുന്നത് സുര്‍ളാ പാണ്ടയ്യ ആണെന്ന് മനസ്സിലാകുന്നത്. ഇതിനെ തുടർന്ന് ജില്ലാ പോലീസ് മേധാവി പ്രത്യേക അന്വേഷണ സംഘം രൂപീകരിക്കുകയും അന്വേഷണം അന്യസംസ്ഥാനങ്ങളിലേക്ക് വ്യാപിപ്പിക്കുകയും ചെയ്തിരുന്നു. തുടർന്നാണ് ഇയാളെ ആന്ധ്ര പ്രദേശിൽ നിന്നും വളരെ സാഹസികമായി പിടികൂടുന്നത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
വൈക്കം എ.എസ്.പി. നകുല്‍ രാജേന്ദ്ര ദേശ്മുഖ് , തലയോലപ്പറമ്പ് എസ്.ഐ ദീപു ടി.ആർ, സി.പി.ഓ മാരായ ഗിരീഷ്, മുഹമ്മദ് ഷെബീൻ, അഭിലാഷ് പി.ബി എന്നിവരും അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നു. ഈ കേസിൽപ്രതികളെ സാമ്പത്തികമായി സഹായിച്ചിരുന്ന കെൻസ് സാബുവിന്റെ ഭാര്യ അനു ഷെറിൻ ജോൺ, സോബിൻ കെ ജോസ്, മിഥുൻ സി ബാബു എന്നിവരെയും പോലീസ് സംഘം കഴിഞ്ഞ ദിവസങ്ങളിൽ അറസ്റ്റ് ചെയ്തിരുന്നു. ഇപ്പോള്‍ ആന്ധ്ര സ്വദേശിയെ അറസ്റ്റ് ചെയ്തതോടുകൂടി ഈ കേസിൽ അറസ്റ്റിലായവരുടെ എണ്ണം 6 ആയി.