മണർകാട്: ആഗോള മരിയൻ തീർഥാടന കേന്ദ്രമായ മണർകാട് വിശുദ്ധ മർത്തമറിയം യാക്കോബായ സുറിയാനി കത്തീഡ്രൽ സഹവികാരി ആൻഡ്രൂസ് ചിരവത്തറ കോർഎപ്പിസ്കോപ്പയുടെ സംസ്കാരശുശ്രൂഷ ഇന്ന് നടക്കും. നാളെ വെള്ളിയാഴ്ച രാവിലെ ഏഴിന് മണർകാട് കത്തീഡ്രലിൽ മൂന്നിന്മേൽ കുർബ്ബാനയ്ക്ക് ക്നാനായ അതിഭദ്രാസനം റാന്നി മേഖലാധിപൻ കുറിയാക്കോസ് മോർ ഈവാനിയോസ് മുഖ്യകാർമികത്വം വഹിക്കും. രാവിലെ 10ന് ആറാം തെശ്മെശ്ത്തോ. 11ന് ഏഴാം തെശ്മെശ്ത്തോ. 12ന് വിലാപ യാത്ര. ഉച്ചയ്ക്ക് ഒന്നിന് അന്തിമോപചാരമർപ്പിക്കൽ, അനുശോചന സമ്മേളനം. രണ്ടിന് എട്ടാം തെശ്മെശ്ത്തോ- സമാപന ശുശ്രൂഷാ ക്രമം (ആദ്യഭാഗം) വിടവാങ്ങൽ ശുശ്രൂഷ (പുശ്‌ബശ്‌ശ്ലോമോ). മൂന്നിന് അനുയാത്ര (താഴത്തെ പള്ളിയിൽനിന്നു കരോട്ടെ പള്ളിയിലേക്ക്). 3.30ന് സമാപന ശുശ്രൂഷ തുടർ ഭാഗം (പുശ്‌ബശ്‌ശ്ലോമോ). നാലിന് കബറടക്കം, ധൂപ പ്രാർത്ഥന. വ്യാഴാഴ്ച വൈകുന്നേരം മണർകാട് സെന്റ് മേരീസ് ഹോസ്‌പിറ്റലിലെ ഒരുക്ക ശുശ്രൂഷയ്ക്കു ശേഷം വൈദീക ഗായക സംഘത്തോടൊപ്പം വിലാപ യാത്രയായി വാഹനങ്ങളുടെ അകമ്പടിയോടെ മൃതദേഹം ഭവനത്തിൽ എത്തിച്ചു. സുന്നഹദോസ് സെക്രട്ടറിയും കോട്ടയം ഭദ്രാസനാധിപനുമായ തോമസ് മോർ തിമോത്തിയോസും ക്നാനായ അതിഭദ്രാസനം റാന്നി മേഖലാധിപൻ കുറിയാക്കോസ് മോർ ഈവാനിയോസും സംസ്കാരത്തിൻ്റെ ഒന്നാം തെശ്മെശ്ത്തോയ്ക്കും സന്ധ്യാ പ്രാർത്ഥനയ്ക്കും രണ്ടാം തെശ്മെശ്ത്തോയ്ക്കും നേതൃത്വം നൽകി. മൂന്നാം തെശ്മെശ്ത്തോയ്ക്ക് സിംഹാസന പള്ളികളുടെ മെത്രാപ്പോലീത്ത കുറിയാക്കോസ് മോർ ദിയസ്കോറസും കുറിയാക്കോസ് മോർ ഈവാനിയോസും നേതൃത്വം നൽകി. ക്നാനായ അതി ഭദ്രാസനത്തിന്റെ കല്ലിശ്ശേരി മേഖലയുടെ അഭിവന്ദ്യ കുറിയാക്കോസ് മോർ ഗ്രീഗോറിയോസ് , പെരുമ്പാവൂർ മേഖലയുടെ അഭിവന്ദ്യ മാത്യൂസ് മോർ അപ്രേം തുടർന്ന് നാലും അഞ്ചും തെശ്മെശ്ത്തോ നടത്തി.