കൊച്ചി : വൻകുടലിലെ അർബുദം തടയുന്നതിനും, രോഗത്തെ ചെറുക്കുന്നതിലും, ജീവിതശൈലിക്കും, പ്രതിരോധമാർഗങ്ങൾക്കും, വലിയ പ്രാധാന്യമുണ്ടെന്ന് ഉയർത്തിക്കാട്ടി, ഗാസ്ട്രോ ഇന്റസ്റ്റൈനൽ ഓങ്കോളജി സൊസൈറ്റിയുടെ (ജിഐഒഎസ്) രണ്ടാം വാർഷിക സമ്മേളനം സമാപിച്ചു. കൊച്ചിയിൽ നടന്ന മൂന്ന് ദിവസത്തെ പരിപാടിയിൽ, രാജ്യത്തിനകത്തും പുറത്തുനിന്നുമുള്ള ഇരുന്നൂറിലധികം ഓങ്കോളജിസ്റ്റുകൾ, ഗ്യാസ്ട്രോഎൻട്രോളജിസ്റ്റുകൾ, മറ്റു മെഡിക്കൽ പ്രൊഫഷണലുകൾ എന്നിവർ പങ്കെടുത്തു.
ഒരു മണിക്കൂർ വ്യായാമം ചെയ്യുന്നതും, ആരോഗ്യകരമായ ശീലങ്ങളിൽ ഏർപ്പെടുന്നതും, ആരോഗ്യകരമായ ജീവിതത്തിന് അനിവാര്യമാണെന്ന് വിദഗ്ദ്ധർ ചൂണ്ടിക്കാട്ടി. സ്ഥിരമായ വ്യായാമത്തിലൂടെയും, നല്ല ജീവിതശൈലിയിലൂടെയും നിരവധി രോഗങ്ങളെ പ്രതിരോധിക്കാനാകുമെന്നും വ്യക്തമാക്കി.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ആഗോളതലത്തിൽ വർദ്ധിച്ചുവരുന്ന കൊളോറെക്ടൽ കാൻസറുകളെ ( വൻകുടലിലെ അർബുദം ) കേന്ദ്രീകരിച്ചാണ്, ഇത്തവണത്തെ സമ്മേളനത്തിൽ പ്രധാനമായും ചർച്ചകൾ അരങ്ങേറിയത്. കൊളോറെക്ടൽ കാൻസറുകളുടെ ചികിത്സയുമായി ബന്ധപ്പെട്ട്,
നൂതന ശസ്ത്രക്രിയ രീതികൾ, റേഡിയേഷൻ, ജീനോമിക് വശങ്ങൾ തുടങ്ങിയവ ഉൾക്കൊള്ളുന്ന നിരവധി ശില്പശാലകളും അരങ്ങേറിയിരുന്നു. ശസ്ത്രക്രിയേതര ചികിത്സയെക്കുറിച്ചുള്ള പ്രത്യേക സെഷനും ഏറെ ശ്രദ്ധ നേടി. ദേശീയ അന്തർദേശീയ തലത്തിലുള്ള പ്രമുഖരായിരുന്നു സെഷനുകൾക്ക് നേതൃത്വം നൽകിയത്. രോഗപ്രതിരോധം, പരിശോധന, ചികിത്സ എന്നിവയിലെ ഏറ്റവും പുതിയ മുന്നേറ്റങ്ങളെ കുറിച്ചുള്ള ചർച്ചകൾ, സമ്മേളനത്തിൽ പങ്കെടുത്തവർക്ക് വേറിട്ട അനുഭവമാണ് സമ്മാനിച്ചത്.
ദഹനനാളത്തിലെ ക്യാൻസറുകളെക്കുറിച്ചുള്ള ബോധവൽക്കരണവും ചികിത്സയും ലക്ഷ്യം വെച്ച് പ്രവർത്തിക്കുന്ന പ്രൊഫഷണൽ സംഘടനയാണ് ഗ്യാസ്ട്രോഇന്റസ്റ്റൈനൽ ഓങ്കോളജി സൊസൈറ്റി.