പ്രകൃതിദുരന്തങ്ങളിലും കോവിഡ് മഹാമാരിയിലും സാധാരണക്കാരന് എന്നും കൈത്താങ്ങായി നിന്ന് നവജീവൻ

ആർപ്പൂക്കര:രാജ്യം വീണ്ടും കോവിഡ് ഭീഷണിയിലേയ്ക്കു കടക്കുമ്പോൾ കഴിഞ്ഞകാലത്ത് പ്രകൃതിദുരന്തങ്ങളിലും മഹാമാരിയിലും പകച്ചു നിന്ന നിരവധി സാധാരണ ജനങ്ങൾക്ക് കൈത്താങ്ങായി നിന്നത് ആർപ്പൂക്കരയിലെ നവജീവനാണ്.
പുതിയ വൈറസ് വകഭേദത്തിന് വലിയ തോതിൽ വ്യാപനശേഷി ഉള്ളതിനാൽ ജനങ്ങൾക്ക് നല്ല ജാഗ്രതയും കരുതലും ഉണ്ടാകണമെന്ന് കേന്ദ്ര സംസ്ഥാന സർക്കാരുകൾ നിർദ്ദേശം നൽകിക്കഴിഞ്ഞു.

Advertisements

2018 ലെ പ്രളയത്തിനും 2020 ലെ കോവിഡ് വ്യാപന സമയത്തും 2021 ലെ പ്രകൃതി ദുരന്തം ഉണ്ടായപ്പോഴും നവജീവൻ ട്രസ്റ്റ് ചെയ്ത സേവന പ്രവർത്തനങ്ങളിൽ ചിലത് ഓർമ്മപ്പെടുത്തുകയാണ്. പ്രളയം ഉണ്ടായി കോട്ടയം ജില്ലയിലെ ഭൂരിപക്ഷം ഗ്രാമപ്രദേശങ്ങളും വെള്ളപ്പൊക്കം മൂലം ഭക്ഷണസാമഗ്രികൾ വാങ്ങുവാൻ കഴിയാതെ ജില്ലയുടെ പടിഞ്ഞാറൻ പ്രദേശങ്ങളായ കുമരകം, വൈക്കം എന്നിവിടങ്ങളിലെ ജനങ്ങൾ വിഷമിച്ചപ്പോൾ ഇവിടേയ്കു കടന്നു ചെന്ന് ഭക്ഷ്യധാന്യ കിറ്റുകൾ വിതരണം ചെയ്യുവാൻ നവജീവന് കഴിഞ്ഞു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

2020 ൽ കോവിഡ് വ്യാപനം ഉണ്ടായപ്പോഴും സ്ഥിതി വ്യത്യസ്തമായിരുന്നില്ല. മാർച്ച് 9 ന് ആദ്യ കോവിഡ് ബാധിതരായ കുമരകം ചെങ്ങളം സ്വദേശികളായ യുവദമ്പതികളും ഇവരുടെ നാലു വയസുള്ള മകളുമാണ് കോട്ടയം മെഡിക്കൽ കോളജിൽ ചികിത്സ തേടിയെത്തുന്നത്. ലോകം കോവിഡ് വ്യാപനത്തിന്റെ പേരിൽ പകച്ചു നിൽക്കുന്ന സമയമായതിനാൽ, മെഡിക്കൽ കോളജിൽ ചികിത്സ തേടിയെത്തിയ ദമ്പതികളും കുട്ടിയും ഡോക്ടർമാരോടും ജീവനക്കാരോടും അല്ലാതെ മറ്റാരോടും സമ്പർക്കം പുലർത്തുവാൻ കഴിയാതെ ഒറ്റപ്പെട്ടു.

ഈ സമയത്ത് നവജീവൻ തോമസിന്റെ നേതൃത്വത്തിലാണ് ഇവർക്ക് ആവശ്യമായ അനുബന്ധ സൗകര്യങ്ങൾ ചെയ്തു കൊടുത്തത്. അതിനു ശേഷം കുവൈറ്റിൽ നിന്ന് രണ്ടു വയസ് പ്രായമുള്ള കുട്ടിയുമായി ഏഴു മാസം ഗർഭിണിയായ ഉഴവൂർ സ്വദേശിനി കോവിഡ് ബാധിതയായി മെഡിക്കൽ കോളജിൽ എത്തിയപ്പോഴും നവജീവന്റെ പ്രവർത്തനം വ്യത്യസ്തമായിരുന്നില്ല. കോവിഡ് ആരംഭ സമയത്ത് സർക്കാർ ലോക് ഡൗൺ പ്രഖ്യാപിച്ചു. ഈ സമയം മെഡിക്കൽ കോളജ് ആശുപത്രി പരിസരത്തെ മുഴുവൻ ഭക്ഷണശാലകളും അടച്ചിട്ടു .

ചികിത്സയിൽ കഴിയുന്ന രോഗികൾക്കും കൂട്ടിരിപ്പുകാർക്കും മാത്രമല്ല ജീവനക്കാർക്കു പോലും ഭക്ഷണം ലഭ്യമല്ലാത്തെ വന്നപ്പോഴും നവജീവൻ മൂന്നു നേരവും ഭക്ഷണം നല്കിയതു കൂടാതെ രാവിലെയും വൈകിട്ടും ചായയും പലഹാരങ്ങളും നൽകി. കോവിഡ് വ്യാപനം രൂക്ഷമായതോടെ വാഹന ഗതാഗതം പൂർണ്ണമായും നിരോധിച്ചു. ഈ അവസരങ്ങളിൽ മെഡിക്കൽ കോളജിൽ ചികിത്സയിൽ കഴിയവേ മരണപ്പെട്ടവരേയും, ആശുപത്രിയിൽ നിന്ന് രോഗ വിമുക്തരായവരേയും വീടുകളിൽ എത്തിക്കുവാൻ വാഹനം കിട്ടാതെ ബുദ്ധിമുട്ടിയപ്പോൾ നവജീവന്റെ ആംബുലൻസ് ആണ് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ ഇക്കൂട്ടരെ എത്തിച്ചത്.

കോവിഡ് ആരംഭകാലത്ത് ഡ്യൂട്ടി ചെയ്യുന്ന ഡോക്ടർമാർ ഒഴികെ, നേഴ്സുമാർ ഉൾപ്പെടെയുള്ള ജീവനക്കാർ 14 ദിവസം വീതം ക്വാറൻ്റയിനിൽ കഴിയേണ്ടി വന്നപ്പോഴും നൂറ് കണക്കിന് ജീവനക്കാർക്ക് മുഴുവൻ സമയത്തേയും ഭക്ഷണം എത്തിച്ചിരുന്നതും നവജീവനാണ്. ലോക് ഡൗൺ പ്രഖ്യാപനം വരികയും വ്യാപാര ഭക്ഷണശാലകൾ അടച്ചിടുകയും ചെയ്തപ്പോൾ, മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന രോഗികൾക്കും കൂട്ടിരിപ്പുകാർക്കും ജീവനക്കാർക്കും എവിടെ നിന്ന് ഭക്ഷണം നൽകുവാൻ കഴിയുമെന്ന് ആശങ്കയിലായ മെഡിക്കൽ കോളജ് അധികൃതർക്ക് ആശ്വാസമായി ഭക്ഷണവുമായി എത്തിയത് നവജീവനായിരുന്നു.

രോഗികൾക്കും കൂട്ടിരിപ്പുകാർക്കും ജീവനക്കാർക്കും സൗജന്യമായി ഭക്ഷണം നൽകുവാൻ ആശുപത്രി അധികൃതർ തയ്യാറാകുന്നതിന് സർക്കാർ അവസരം ഒരുക്കുന്നതു വരെ നവജീവൻ ഭക്ഷണം നൽകി വരുന്ന തോടൊപ്പം പഴവർഗ്ഗങ്ങളും ഇവർക്കായി നൽകിയിരുന്നു. കഴിഞ്ഞവർഷം കോട്ടയം ഇടുക്കി ജില്ലകളിലെ ചില പ്രദേശങ്ങളിൽ പ്രകൃതിദുരന്തം ഉണ്ടായപ്പോഴും ആ മേഖലകളിൽ ചെന്ന് വിവിധ തരം

സഹായങ്ങൾ ചെയ്യുവാൻ കഴിഞ്ഞുവെന്ന ചാരിതാർത്ഥ്യം നവജീവനുണ്ട്. മുൻ വർഷങ്ങളെപ്പോലെയല്ല വരുംവർഷം ദുരന്തങ്ങൾക്ക് വിരാമമിട്ട് കൊണ്ടായിരിക്കട്ടേ വർഷാവസാനവും.

വരാൻ പോകുന്ന കോവിഡ് ഭീതി ജനങ്ങൾ ഒന്നിച്ചു നിന്ന് നേരിടുവാൻ കഴിയുമാറാകണമെന്നാണ് നവജീവൻ അടക്കമുള്ള ജീവകാരുണ്യ പ്രവർത്തന സംഘടനകൾ ആഗ്രഹിക്കുന്നത്.

Hot Topics

Related Articles