ഏറ്റുമാനൂര്‍ : എസ്‌കെവി സ്‌കൂളിൽ മോഷണം നടത്തിയ പ്രതികളെ 24 മണിക്കൂരിനുള്ളില്‍ പ്രതികളെ പിടികൂടി ഏറ്റുമാനൂര്‍ പൊലീസ്. ഡോഗ് സ്ക്വാഡിലെ ട്രാക്കർ വിഭാഗത്തിലെ ലാബ്രഡോർ നായ അപ്പു എന്ന രവിയുടെ മിടുക്കാണ് കള്ളന്മാരെ പൊക്കി അകത്താക്കാൻ പൊലീസിനെ സഹായിച്ചത്. മോഷണവുമായി ബന്ധപ്പെട്ട് നീണ്ടൂര്‍ സ്വദേശികളായ ധനരാജ്, അരവിന്ദ് രാജു എന്നിവരെയാണു ഏറ്റുമാനൂര്‍ പൊലീസ് അറസ്റ്റ് ചെയ്തത്.പൊലീസ് നായ എത്തുന്നത് കണ്ട് ഓടിരക്ഷപെട്ട പ്രതികളിൽ ഒരാളെ കൂടി ഇനി പിടികൂടാനുണ്ട്.
കോട്ടയം ഡോഗ് സ്‌ക്വാഡിലെ നായയായ രവി എന്ന അപ്പുവാണ് പ്രതികളെ പിടികൂടുന്നതിനു നിര്‍ണായകമായ പങ്ക് വഹിച്ചത്. പൊലീസ് അന്വേഷണം ആരംഭിച്ച ശേഷം നടത്തിയ പരിശോധനയില്‍ സ്‌കൂളിനു സമീപമുള്ള എസ്എന്‍ഡിപിയുടെ ഉപയോഗശൂന്യമായ ശുചിമുറിയില്‍ നിന്നു മോഷണം പോയ രണ്ട് ലാപ്‌ടോപ്പുകള്‍ കണ്ടെത്തിയിരുന്നു. മൂന്നാമത്തെ ലാപ്‌ടോപ്പ് എസ്എന്‍ഡിപിയുടെ ഉടമസ്ഥതയിലുള്ള കെട്ടിടത്തില്‍ നിന്നും ലഭിച്ചു. ഇതിനെത്തുടര്‍ന്നു ഡോഗ് സ്‌ക്വാഡിലെ നായയായ അപ്പുവിനെ സ്ഥലത്തെത്തിച്ചു. മണം പിടിച്ച നായ പ്രതികളുടെ വീടുകളിലേക്കു പായുകയായരുന്നു. അപ്പു സംഭവ സ്ഥലത്ത് എത്തിയത് കണ്ട മോഷണ സംഘത്തിലെ മൂന്നു പ്രതികൾ ഒളിച്ചിരുന്ന സ്ഥലത്തു നിന്നും ഇറങ്ങിയോടി. ഇതോടെ ഏറ്റുമാനൂർ എസ്.ഐ പ്രശോഭിന്റെ നേതൃത്വത്തിലുള്ള സംഘം പിന്നാലെ ഓടി. ഇവിടെ നിന്നാണ് രണ്ടു പ്രതികളെ പൊലീസ് സംഘം പിടികൂടി. പ്രതികളിൽ ഒരാൾ ഓടിരക്ഷപെട്ടു. ഇയാൾക്കായി തിരച്ചിൽ ആരംഭിച്ചിട്ടുണ്ട്.അപ്പുവിന്റെ ഹാൻഡ്‌ലർമാരും സീനിയർ സിവിൽ പൊലീസ് ഓഫിസർമാരുമായ പി.ജി സുനിൽകുമാർ, എസ്.സജികുമാർ എന്നിവരാണ് തിരച്ചിലിനു നേതൃത്വം നൽകിയത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
രണ്ടു ലക്ഷത്തോളം രൂപയുടെ നഷ്ടമെന്ന് പ്രാഥമിക വിലയിരുത്തൽ. തിങ്കളാഴ്‌ച രാവിലെ സ്കൂൾ അധികൃതർ എത്തിയപ്പോഴാണ് വാതിലിൻ്റെ താഴ് തകർത്ത നിലയിൽ കാണപ്പെടുന്നത്. പൊലീസ് എത്തി പരിശോധിച്ചപ്പോൾ വാതിൽ തുറന്നതായി കാണാത്തതിനാൽ മോഷണശ്രമം മാത്രമാണെന്നു കരുതി തിരികെ പോയി.
എന്നാൽ സ്കൂൾ അധികൃതർ നടത്തിയ വിശദമായ പരിശോധനയിൽ കമ്പ്യൂട്ടർ ലാബിൽ സൂക്ഷിച്ചിരുന്ന മൂന്ന് ലാപ്ടോപ്പുകളും രണ്ട് കാമറകളും മോഷണം പോയതായി കണ്ടെത്തുകയായിരുന്നു. തുടർന്ന് മറ്റ് റൂമുകളിൽ നടത്തിയ പരിശോധനയിൽ ഒരു ലാപ്ടോപ്പ് കൂടി നഷ്ടപ്പെട്ടതായും കണ്ടെത്തി. ഉടൻ തന്നെ ഏറ്റുമാനൂർ പൊലീസിൽ വിവരമറിയിക്കുകയായിരുന്നു.
ഡി.വൈ.എസ്.പി .ജെ. സന്തോഷ് കുമാർ , ഏറ്റുമാനൂർ സ്റ്റേഷൻ ഹൗസ് ഓഫീസർ സി .ആർ . രാജേഷ് കുമാർ , എസ്.ഐ. പ്രശോഭ് എന്നിവരുടെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിൽ കള്ളത്താക്കോൽ ഉപയോഗിച്ച് വാതിൽ തുറന്നതാണെന്ന് കണ്ടെത്തി. മോഷണശേഷം മോഷ്ടാക്കൾ തന്നെ വാതിൽ അടച്ചതാകാമെന്ന് പൊലീസ് പറയുന്നു.