എംസി റോഡിൽ കോട്ടയം ചവിട്ടുവരിയിൽ സ്വകാര്യ ബസിനു പിന്നിൽ ലോറിയിടിച്ചു; എറണാകുളം സ്വദേശിയായ ഡ്രൈവർക്ക് ഗുരുതര പരിക്ക് ; ക്യാബിനുള്ളിൽ കുടുങ്ങിയ ഡ്രൈവറെ പുറത്തെടുത്തത് ക്യാബിൻ വെട്ടിപ്പൊളിച്ച്

കോട്ടയം: എംസി റോഡിൽ കോട്ടയം ചവിട്ടുവരിയിൽ സ്വകാര്യ ബസിനു പിന്നിൽ ലോറിയിടിച്ച് ഡ്രൈവർക്ക് ഗുരുതര പരിക്ക്. എറണാകുളം ഇടത്തല തൃക്കളത്തൂർ വീട്ടിൽ ആഷിക് ഹസനാണ് (52) പരിക്കേറ്റത്. അപകടത്തിൽപ്പെട്ട വാഹനത്തിനുള്ളിൽ കുടുങ്ങിയ ഇയാളെ നാട്ടുകാരും അഗ്നിരക്ഷാ സേനാ സംഘവും ചേർന്ന് ക്യാബിൻ പൊളിച്ചാണ് രക്ഷപെടുത്തിയത്. ഇന്ന് ഉച്ചയ്ക്ക് മൂന്നുമണിയോടെയായിരുന്നു സംഭവം.

Advertisements

കോട്ടയം ഭാഗത്തു നിന്നും എറണാകുളം ഭാഗത്തേയ്ക്ക് പോകുകയായിരുന്ന പാഴ്‌സൽ ലോറി ചവിട്ടുവരി ഭാഗത്ത് നിർത്തി ആളെ ഇറക്കിയ ശേഷം മുന്നോട്ട് എടുത്ത സ്വകാര്യ ബസിന്റെ പിന്നിൽ ഇടിയ്ക്കുകയായിരുന്നു. കോട്ടയത്ത് നിന്നും ഏറ്റുമാനൂർ ഭാഗത്തേയ്ക്ക് പോകുകയായിരുന്ന പുള്ളത്തിൽ എന്ന സ്വകാര്യ ബസിന്റെ പിന്നിൽ ഇടിയ്ക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ ലോറിയുടെ മുൻ ഭാഗം പൂർണമായും തകർന്നു. വാഹനത്തിനുള്ളിൽ കുടുങ്ങിപ്പോയ ഡ്രൈവറെ നാട്ടുകാരും അഗ്നിരക്ഷാ സേനാ സംഘവും ചേർന്ന് വാഹനത്തിന്റെ വാതിൽ വെട്ടിപ്പൊളിച്ചാണ് രക്ഷിച്ച് പുറത്തെടുത്തത്. പരിക്കേറ്റയാളെ ആംബുലൻസിൽ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഗാന്ധിനഗർ പൊലീസ് സംഘവും സ്ഥലത്ത് എത്തി. തുടർന്ന്, ഇവർ അപകടത്തിൽപ്പെട്ട വാഹനം റോഡരികിലേയ്ക്കു മാറ്റിയിട്ടു. ഇതേ തുടർന്നാണ് എംസി റോഡിലെ ഗതാഗതക്കുരുക്ക് ഒഴിവായത്.

Hot Topics

Related Articles