ആരവങ്ങൾ ആഘോഷമായി മാറി; അന്നങ്ങൾ എഴുന്നെള്ളി; കൊവിഡ് കാലത്തെ നിയന്ത്രണങ്ങൾക്ക് ശേഷം നീലംപേരൂർ പൂരം പടയണിയ്ക്ക് ആരവങ്ങളോടെ കൊടിയിറക്കം; ചിത്രങ്ങൾ കാണാം

ജാഗ്രത ന്യൂസ്
കൾച്ചറൽ ഡെസ്‌ക്
ആരവങ്ങൾ ആഘോഷങ്ങൾക്ക് വഴിമാറിയ രാവിൽ ആകാശത്തുയർന്നു നിന്ന അന്നങ്ങൾ നിറച്ച ആവേശക്കാഴ്ചയോടെ നീലംപേരൂർ പൂരംപടയണിയ്ക്കു സമാപനം. ഒരു വലിയ അന്നവും രണ്ട് ചെറിയ അന്നങ്ങളും ശനിയാഴ്ച രാത്രി 12.30 ന് ക്ഷേത്ര ആൽത്തറയിൽ നിന്ന് നീലംപേരൂർ ഭഗവതിക്ഷേത്രത്തിലേയ്ക്ക് എഴുന്നെള്ളിയതോടെയാണ് ഈ വർഷത്തെ പടണക്കാലത്തിന് സമാപമായത്. ഓണത്തിന് മുൻപ് തന്നെ ആരംഭിച്ച ഒരു നാടിന്റെ ആഘോഷത്തിനാണ് ഇതോടെ തിരശീല വീണിരിക്കുന്നത്.

Advertisements

പതിവു ചടങ്ങുകൾക്കും അനുജ്ഞ വാങ്ങലിനും കുടം പൂജ കളിക്കും ശേഷം നീലംപേരൂർ പള്ളിഭഗവതി ക്ഷേത്രമുറ്റത്ത് രാത്രി 10.30ന് അന്നങ്ങളുടെ വരവ് ആരംഭിച്ചത്. 91 പുത്തൻ അന്നങ്ങളും കോലങ്ങളും പടയണിക്കളത്തിൽ എത്തി. കത്തിയെരിയുന്ന ചൂട്ടുകളുടെ പശ്ചാത്തലത്തിൽ അന്നങ്ങൾ എഴുന്നള്ളുന്ന കാഴ്ച കാണാൻ അന്യ നാടുകളിൽ നിന്നും ആളുകളെത്തിയിരുന്നു. സ്വാതന്ത്ര്യത്തിന്റെ 75 -ാം വാർഷികത്തിന്റെ ഭാഗമായി ഭാരതാംബയുടെ കോലവും അവതരിപ്പിച്ചിരുന്നു. 11 മീറ്റർ ഉയരമുള്ള വല്യന്നം രാത്രി പന്ത്രണ്ടരയോടെ എഴുന്നള്ളിയതോടെയാണ് പടയണി ചടങ്ങുകൾ മൂർധന്യത്തിലെത്തിയത്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ചിങ്ങമാസത്തിലെ അവിട്ടം നാളിൽ ചൂട്ടു വച്ച് ആരംഭിച്ച നീലംപേരൂർ പടയണിയുടെ 16-ാം ദിവസം അവസാനിക്കുന്നതോടെ ഒരു നാടിന്റെ ഒത്തൊരുമയുടെ പടയണിക്കാലത്തിന് തിരിയണയും. കോട്ടയം ജില്ലയുമായി ചേർന്ന് എന്നാൽ ആലപ്പുഴ ജില്ലയിൽ കുട്ടനാട് താലൂക്കിലെ നീലംപേരൂരിൽ സ്ഥിതി ചെയ്യുന്ന പള്ളി ഭഗവതിക്ഷേത്രത്തിൽ ചിങ്ങ മാസത്തിലെ തിരുവോണം കഴിഞ്ഞു വരുന്ന പൂരം നാൾ നടത്തുന്ന പടയണി ഉത്സവമാണ് നീലംപേരൂർ പടയണി. നീലംപേരൂരിൽ ചിങ്ങമാസത്തിലെ തിരുവോണത്തിന്റെ പിറ്റേ ദിവസം അവിട്ടം മുതൽ പൂരം നാൾ വരെ 16 ദിവസത്തെ പടയണിയാണ്. പടയണിയെന്ന് കേൾക്കുമ്പോൾ മനസിൽ തോന്നുന്ന കാഴ്ചയല്ല ഇവിടെ. കേരളത്തിന്റെ വടക്ക് ഭാഗത്തോ തെക്ക് ഭാഗത്തോ കാണുന്ന പടയണിയുമായി ഒരു ബന്ധവും ഈ പടയണിക്കില്ല. പക്ഷേ ഇത് വേറിട്ടൊരു കാഴ്ചയാണ്.

അവിട്ടം നാൾ ചൂട്ടിടീലിനു ശേഷം ചതയം നാൾ നാട്ടിലെ എല്ലാവരും ക്ഷേത്രാങ്കണത്തിൽ ഒത്തു കൂടുന്നതോടെ തുടങ്ങുകയാണ്. വലിയ അന്നം, ആന, വലിയ അന്നത്തിന് അപ്പുറമിപ്പുറം 2 മറ്റ് അന്നങ്ങൾ, കുറഞ്ഞത് 30 അടി പൊക്കമുള്ള ഭീമൻ, യക്ഷി പിന്നെ ചെറിയ അന്നങ്ങൾ. കോലങ്ങളുടെ ചട്ടങ്ങൾ വലിയ തടിയിൽ തീർത്തിട്ടുള്ളതാണ്, അവയെല്ലാം സൂക്ഷിച്ചു വച്ചിരിക്കുന്ന ക്ഷേത്രത്തിന്റെ സുരക്ഷിത മുറിയിൽ നിന്നും വെളിയിലെടുത്ത് ക്ഷേത്രാങ്കണത്തിലുള്ള ആൽമരത്തിന്റെ ചുവട്ടിൽ എത്തിക്കും. അതിനു ശേഷം ചട്ടങ്ങളെല്ലാം യഥാസ്ഥാനങ്ങളിൽ യോജിപ്പിച്ച് എല്ലാത്തിന്റെയും ചട്ടക്കൂട്ടുകൾ ഉണ്ടാക്കുന്നു. വലിയ അന്നങ്ങൾക്ക് കമുകിന്റെ വാരി കൊണ്ടും ചെറിയ അന്നങ്ങൾക്ക് ഈറ്റ കൊണ്ടുമാണ് രൂപരേഖ ഉണ്ടാക്കുന്നത്. പിന്നീടുള്ള ദിവസങ്ങളിൽ ശരീര നിർമാണമാണ്. വാഴക്കച്ചികൊണ്ടാണ് ഇവ നിർമിക്കുന്നത്. അവസാന ദിവസമായ പൂരം നാൾ താമരയില കൊണ്ട് തൊലിയും ചെത്തിപ്പൂ, വാഴപ്പോള എന്നിവ കൊണ്ട് തൂവലും ഉണ്ടാക്കുന്നു. പൂരം നാൾ രാത്രി ഇവയെല്ലാം ഉണരുന്നു.

ചൂട്ടിടീൽ, കുടം പൂജ കളി, അനുജ്ഞവാങ്ങൽ, തോത്താകളി, കുടനിർത്ത്, പ്ലാവിലനിർത്ത്, മകം പടയണി, പൂരം പടയണി, അരിയും തിരിയും വയ്പ് എന്നിവയാണു പ്രധാന ചടങ്ങുകൾ. ഇതിൽ ചൂട്ടിടീൽ പടയണി തുടങ്ങുന്ന ദിവസവും, അരിയും തിരിയും വയ്പ് പടയണി അവസാനിക്കുന്ന ദിവസവും മാത്രമുള്ള ചടങ്ങുകളാണ്. പടയണിയുടെ ഏട്ടാം ദിവസം കുടനിർത്തും, പന്ത്രണ്ടാം ദിവസം പ്ലാവിലനിർത്തും, പതിനഞ്ചാം ദിവസം മകം പടയണിയും, പതിനാറാം ദിവസം പൂരം പടയണിയും. ഈ രീതയിലാണു ചടങ്ങുകൾ ചിട്ടപ്പെടുത്തിയിരിക്കുന്നത്. എല്ലാ ദിവസവും രാത്രി 10 മണിക്ക് ശേഷമാണു ചടങ്ങുകൾ തുടങ്ങുന്നതെന്നതും പ്രത്യേകതയാണ്.

10 മണിക്ക് പടയണി ആരംഭിച്ചു. ചടങ്ങുകൾക്ക് ശേഷം വഴിപാടായി നടയ്ക്കു വയ്ക്കുന്ന പുതിയ അന്നങ്ങളുടെ തിരുനട സമർപ്പണമാണ് ആദ്യം നടന്നത്. പിന്നീട് ഭീമൻ, യക്ഷി, രാവണൻ എന്നീ കോലങ്ങളും, 1 മണിയോടുകൂടി വല്യന്നവും തിരുനട സമർപ്പണത്തിനായി എത്തി. അതിനു ശേഷം പൊയ്യാനയെ എഴുന്നെള്ളിച്ചു. ക്ഷേത്രങ്ങളിൽ ആനയെ എഴുന്നള്ളിക്കുന്ന അതെ രീതിയിലാണ് മനുഷ്യനിർമിതമായ ഈ ആനയും ക്ഷേത്ര നടയിലെത്തുന്നത്. ഈ സമയം പഞ്ചാരി മേളവും നാഗസ്വരസേവയും ഉണ്ടാകും. ഒടുവിൽ അടിയന്തരക്കോലമായ സിംഹത്തിന്റെ തിരുനട സമർപ്പണത്തോടെ നീലംപേരൂർ പടയണി അവസാനിച്ചു.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.