ആറമുള മണ്ഡലത്തില്‍ ജലം ജനം മുന്നേറ്റം കാമ്പയിന്‍ ഈ വര്‍ഷം ആരംഭിക്കുമെന്ന് ആരോഗ്യ വനിത ശിശുക്ഷേമ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. ജലജീവന്‍ മിഷന്‍ ഇരവിപേരൂര്‍ ഗ്രാമ പഞ്ചായത്ത് രണ്ടാം ഘട്ട കുടിവെള്ള പദ്ധതിയുടെ നിര്‍മാണോദ്ഘാടനം വള്ളംകുളം നാഷണല്‍ ഹൈസ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ നിര്‍വഹിക്കുകയായിരുന്നു മന്ത്രി. മണ്ഡലത്തില്‍ ധാരാളം നദികളും തോടുകളും ഉണ്ടെങ്കിലും കുടിവെള്ളം പ്രധാന പ്രശ്‌നമാണ്. തോടുകളുടെയും ചിറകളുടേയും നവീകരണത്തിനൊപ്പം ഭൂമിയിലേക്ക് മഴവെള്ളം ഇറങ്ങി കിണറുകളില്‍ വെള്ളം ലഭ്യമാകുന്നതിന് വേണ്ടിയുള്ള പ്രവര്‍ത്തനങ്ങളും മറ്റ് വകുപ്പുകളുടെ സഹകരണത്തോടെ നടപ്പാക്കും. ഇരവിപേരൂര്‍ ഗ്രാമപഞ്ചായത്തിലെ തോട്ടപ്പുഴ മുതല്‍ നന്നൂര്‍ വരെയുള്ള പെപ്പുകള്‍ മാറ്റും. പൈപ്പ് ലൈന്‍ മാറ്റുന്നതിനൊപ്പം ജല സ്രോതസ് ശക്തിപ്പെടുത്തുന്നതിനുള്ള പ്രവര്‍ത്തനങ്ങളും ആരംഭിക്കും.
പൈപ്പ് കണക്ഷനൊപ്പം വെള്ളവും ലഭ്യമാക്കാന്‍ ഓരോ വീടും കേന്ദ്രീകരിച്ച് വാര്‍ഡു തലത്തില്‍ ചെയ്യാന്‍ സാധിക്കുന്നത് ജനപങ്കാളിത്തത്തോടെ നടത്തുമെന്നും മന്ത്രി പറഞ്ഞു. ജലശുദ്ധീകരണശാല നിര്‍മിക്കുന്നതുമായി ബന്ധപ്പെട്ട കേസുകള്‍ അവസാനിച്ചാല്‍ ശുദ്ധീകരിച്ച വെള്ളം പഞ്ചായത്തില്‍ എത്തിക്കാനാകുമെന്നും മന്ത്രി പറഞ്ഞു.
ഇരവിപേരൂര്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ.ബി.ശശിധരന്‍പിള്ള അധ്യക്ഷത വഹിച്ചു. കേരള വാട്ടര്‍ അതോറിറ്റി തിരുവല്ല പി.എച്ച് സര്‍ക്കിള്‍ സൂപ്രണ്ടിംഗ് എഞ്ചിനിയര്‍ (ഇന്‍ ചാര്‍ജ് ) കെ.യു. മിനി റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ഇരവിപേരൂര്‍ ഗ്രാമ പഞ്ചായത്തിലെ 12, 13, 14, 15 വാര്‍ഡുകളിലെ നിലവിലെ കാലഹരണപ്പെട്ട പൈപ്പ് ലൈനുകള്‍ മാറ്റി എല്ലാ കുടുംബങ്ങള്‍ക്കും പ്രവര്‍ത്തനക്ഷമമായ ഗാര്‍ഹിക കുടിവെള്ള കണക്ഷനുകള്‍ നല്‍കുന്ന 6.58 കോടി രൂപയുടെ നിര്‍മാണ പ്രവര്‍ത്തനങ്ങളുടെ ഉദ്ഘാടനമാണ് നടന്നത്. ജലജീവന്‍ മിഷന്‍ പദ്ധതിയുടെ ഒന്നാം ഘട്ടത്തില്‍ പഞ്ചായത്തില്‍ 400 പ്രവര്‍ത്തനക്ഷമമായ ഗാര്‍ഹിക കുടിവെള്ള കണക്ഷനുകള്‍ ലഭിച്ചു. ഇനിയുള്ള 6692 കുടുംബങ്ങള്‍ക്ക് കുടിവെള്ള കണക്ഷന്‍ നല്‍കുന്നതിന് 156 കിലോമീറ്റര്‍ പൈപ്പ് ലൈന്‍ സ്ഥാപിക്കാന്‍ ജലജീവന്‍ മിഷന്‍ പദ്ധതി പ്രകാരം 49.51 കോടി രൂപയുടെ ഭരണാനുമതിയും ലഭിച്ചിട്ടുണ്ട്.
തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ കെ. അനന്തഗോപന്‍, കേരള ജല അതോറിറ്റി ഡെപ്യൂട്ടി ചീഫ് എഞ്ചിനിയര്‍ സുരേഷ് കുമാര്‍, ജില്ലാ പഞ്ചായത്ത് ക്ഷേമ കാര്യസ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ ജിജി മാത്യു, ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ എന്‍.എസ്. രാജീവ്, ഇരവിപേരൂര്‍ പഞ്ചായത്ത് മെമ്പര്‍മാരായ അനില്‍ ബാബു, കെ.കെ. വിജയമ്മ, സുസ്മിത ബൈജു, അസോസിയേഷന്‍ ഓഫ് വാട്ടര്‍ അതോറിറ്റി ഓഫീസേഴ്‌സ് എ. കുഞ്ഞുമോന്‍, വാട്ടര്‍ അതോറിറ്റി പുല്ലാട് അസിസ്റ്റന്റ് എഞ്ചിനിയര്‍ പി.കെ.പ്രദീപ് കുമാര്‍, മല്ലപ്പള്ളി അസിസ്റ്റന്റ് എക്‌സിക്യൂട്ടിവ് എഞ്ചിനീയര്‍ എസ്.ജി കാര്‍ത്തിക തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.
ആറന്മുള മണ്ഡലത്തില്‍ ജലം ജനം മുന്നേറ്റം കാമ്പയിന്‍
ഈ വര്‍ഷം ആരംഭിക്കും : മന്ത്രി വീണാ ജോര്‍ജ്
Advertisements