ആർപ്പൂക്കര : പഞ്ചായത്തിന്റെയും കുടുംബരോഗ്യകേന്ദ്രം ആതിരമ്പുഴയുടെയും സംയുക്തഭിമുഖ്യത്തിൽ മഴക്കാല രോഗ പ്രതിരോധ പ്രവർത്തനങ്ങൾ ആരംഭിച്ചു. പ്രവർത്തനങ്ങൾ ഊർജിതമാക്കുന്നതിന്റെ ഭാഗമായാണ് ഈ ക്യാമ്പയിൻ സംഘടിപ്പിക്കുന്നത്. ആർപ്പൂക്കര പഞ്ചായത്തിൽ മുൻവർഷങ്ങളിൽ എലിപ്പനി റിപ്പോർട്ട് ചെയ്യപ്പെട്ട സാഹചര്യത്തിലാണ് നടപടി.
പഞ്ചായത്തിന്റെ പടിഞ്ഞാറൻ മേഖലകൾ വെള്ളത്തിന്റെ സാന്നിധ്യം കൂടുതലുള്ളതിനാലും മീൻപിടുത്തക്കാർ, കർഷകർ, തൊഴിലുറപ്പുകാർ തുടങ്ങിയവരെ മുന്നിൽകണ്ടുകൊണ്ടാണ് ക്യാമ്പയിൻ സംഘടിപ്പിക്കുന്നത്. മലിനജലവുമായി സംബർകത്തിൽ വരുന്ന മുഴുവൻ ആളുകൾക്കും ഡോക്സിസൈക്ലിൻ ഗുളികകൾ വിതരണം ചെയ്യും. പനി , തലവേദന, പേശി വേദന, തുടങ്ങിയ ലക്ഷണങ്ങൾ കാണുന്നവർ ഉടൻ തന്നെ വിദഗ്ധ ചികിത്സ തേടേണ്ടതാണ്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
സ്വയം ചികിത്സ കർശനമായി ഒഴിവാക്കുക. മലിന ജലവുമായി സമ്പർക്കത്തിലേർപ്പെടുന്ന കർഷകർ, മീൻപിടുത്തക്കാർ, തൊഴിലുറപ്പ് ജോലിക്കാർ, പറമ്പിൽ പണിയുന്ന ശുചീകരണ തൊഴിലാളികൾ എന്നിവർ എലിപ്പനി പ്രതിരോധ മരുന്നായ ഡോക്സിസൈക്ലിൻ ഗുളിക കഴിച്ചു എന്ന് ഉറപ്പുവരുത്തേണ്ടതാണ്. മലിനജലവുമായി സമ്പർക്കത്തിലേർപ്പെടുന്നവർ ഗം ബൂട്ടുകൾ , ഗ്ലൗസുകൾ എന്നീ മുൻകരുതലുകൾ എടുക്കുക.
വാർഡ് തല ആരോഗ്യ ശുചിത്വ കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രവർത്തനങ്ങൾ കൂടുതൽ ഊർജിതപ്പെടുത്തും. കുടിവെള്ള സ്രോതസുകൾ ശുചീകരിക്കുന്ന രണ്ടാം ഘട്ട ക്ളോറിനേഷൻ പരിപാടികൾ ഉടൻ ആരംഭിക്കും. തിരഞ്ഞെടുത്ത പ്രത്യേക സ്ഥലങ്ങളിൽ ബോധവത്കരണ ക്‌ളാസുകൾ സംഘടിപ്പിക്കും. ബോധവത്കരണ ലഖുലേഘകൾ വിതരണം ചെയ്യും. ആർപ്പൂക്കര പഞ്ചായത്ത് പ്രസിഡണ്ട് അഞ്ജു മനോജ് ഉദ്ഘാടനം നിർവഹിച്ചു.
കുടുംബരോഗ്യകേന്ദ്രം മെഡിക്കൽ ഓഫീസർ ഡോക്ടർ അനിൽകുമാർ മുഖ്യ പ്രഭാഷണം നൽകി. വൈസ് പ്രസിഡണ്ട് റോയി പുതുശ്ശേരി, ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ദീപാ ജോസ്, വാർഡ് മെമ്പർമാരായ ,സുനിത ബിനു,റോസ്‌ലിൻ ടോമിച്ചൻ, ലുക്കോസ് ഫിലിപ്പ്, ഹെൽത്ത് ഇൻസ്‌പെക്ടർ അനൂപ് കുമാർ കെ സി, ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടർ പാർവതി എന്നിവർ പങ്കെടുത്തു.