കോട്ടയം: ആർപ്പൂക്കര റാണി റൈസിൽ വിജിലൻസിന്റെ പരിശോധന. കർഷകരിൽ നിന്നും സപ്ലൈക്കോ സംഭരിക്കുന്ന നെല്ല് അരിയാക്കുന്നതിന്റെ പേരിൽ നടക്കുന്ന ക്രമക്കേടുകളുടെ പേരിലാണ് ഇപ്പോൾ റാണി റൈസിൽ വിജിലൻസ് പരിശോധന നടക്കുന്നത്. സപ്ലൈക്കോ സംഭരിച്ച നെല്ല് കുത്തി അറിയാക്കിയ ശേഷം ലോറികളിൽ കടത്തുന്ന സിസിടിവി ക്യാമറാ ദൃശ്യങ്ങളും വിജിലൻസ് സംഘം ശേഖരിച്ചതായി വിവരമുണ്ട്. ബുധനാഴ്ച വൈകിട്ടോടെയാണ് വിജിലൻസ് സംഘത്തിന്റെ പരിശോധന റാണി റൈസിൽ ആരംഭിച്ചത്.
ചൊവ്വാഴ്ച കോട്ടയം സപ്ലൈക്കോയിൽ വിജിലൻസ് സംഘം പരിശോധന നടത്തിയിരുന്നു. നെല്ല് സംഭരണത്തിൽ വൻ തട്ടിപ്പ് നടക്കുന്നതായി സംസ്ഥാന സർക്കാരിന് രഹസ്യ വിവരം ലഭിച്ചിരുന്നു. ഈ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് വിജിലൻസ് എസ്പി വി.ജി വിനോദ്കുമാറിന്റെ നേതൃത്വത്തിലുള്ള സംഘം പ്രദേശത്ത് പരിശോധന നടത്തിയത്. ഈ പരിശോധനയിൽ നിന്നു ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ഇന്ന് ആർപ്പൂക്കരയിലെ റാണി റൈസ് ഓഫിസിലും ഗോഡൗണിലും വിജിലൻസ് സംഘത്തിന്റെ മിന്നൽ പരിശോധന നടന്നത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
സംസ്ഥാനത്തെ നെല്ല് സംഭരണത്തിൽ ഇടനിലക്കാരായി നിൽക്കുന്നവർ തട്ടിപ്പിന് ചുക്കാൻ പിടിക്കുന്നതായാണ് വിജിലൻസ് സംഘത്തിന് ലഭിച്ചിരിക്കുന്ന വിവരം. കർഷകരിൽ നിന്നും കിഴിവായി വാങ്ങുന്ന നെല്ല് സപ്ലേകോയിൽ തന്നെ നല്കിയാണ് പണം തട്ടുന്നത്. ഇതിനായി കൃഷി ചെയ്യാത്ത സ്ഥങ്ങളിലും കൃഷി നടക്കുന്നതായി രേഖകൾ ഉണ്ടാക്കുന്നതായും വിജിലൻസിന്റെ പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്.
ഇത്തരത്തിൽ നടക്കുന്ന ക്രമക്കേടുകൾക്കും തട്ടിപ്പുകൾക്കും ഉദ്യോഗസ്ഥരും കൂട്ടു നിൽക്കുന്നതായി സംശയം ഉയർന്നിരുന്നു. ഇതേ തുടർന്നാണ് വിജിലൻസ് സംഘം പ്രാഥമിക അന്വേഷണം നടത്തിയത്. ഓപ്പറേഷൻ ബൗൾ എന്ന പേരിൽ നടത്തിയ പരിശോധനയിൽ നിർണയക വിവരങ്ങൾ ലഭിച്ചതായാണ് സൂചന. മില്ലുകൾ കേന്ദ്രീകരിച്ചു നടക്കുന്ന തട്ടിപ്പുകളുടെ കൂടുതൽ വിവരങ്ങൾ കണ്ടെത്തുന്നതിനായാണ് ഇപ്പോൾ വിജിലൻസ് സംഘം , ആർപ്പൂക്കരയിലെ റാണി റൈസിൽ പരിശോധന നടത്തിയത്. കേരളത്തിൽ കൃഷി ചെയ്യുന്ന അരി സംസ്ഥാനങ്ങളിലേക്ക് മറിച്ച് വിൽക്കുന്നതായും കണ്ടെത്തിയിട്ടുണ്ട്.