തിരുവല്ല: വീട്ടുകാരുടെ എതിർപ്പ് വകവെയ്ക്കാതെ അടുക്കളയിൽ ചാരായം വാറ്റിയ കേസിൽ പ്രതിയെ അറസ്റ്റ് ചെയ്തു. കോയിപ്രം അയിരൂർ വെള്ളിയറ പനച്ചിക്കൽ മുട്ടുമണ്ണുകാലായിൽ ബിജോയ് (34) ആണ് കോയിപ്രം പോലീസിന്റെ വലയിൽ കുടുങ്ങിയത്.ഇന്നലെ പകൽ 11 30 ന് ചാരായം വാറ്റുന്ന വിവരമറിഞ്ഞെത്തിയ എസ് ഐ അനൂപിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘത്തെ കണ്ട് ബിജോയ് ഓടി മതിൽ ചാടിക്കടന്ന് രക്ഷപ്പെട്ടു.
കൂടെയോടിയെങ്കിലും പോലീസിന് അപ്പോൾ ഇയാളെ പിടിക്കാനായില്ല. മരുമകനാണ് ഓടിരക്ഷപ്പെട്ടതെന്ന് ബഹളം കേട്ട് വീട്ടിൽ നിന്നിറങ്ങിവന്ന സ്ത്രീ അറിയിച്ചപ്പോൾ, ചാരായം വീട്ടിൽ വാറ്റരുതെന്ന് പലതവണ പറഞ്ഞിട്ടും ബിജോയ് കേൾക്കാറില്ലെന്ന് ഭാര്യ ബ്ലെസ്സിയുടെ വെളിപ്പെടുത്തൽ. തുടർന്ന് വീട്ടിനുള്ളിൽ കടന്ന് പരിശോധന നടത്തിയ പോലീസ് അടുക്കളയിലെ അടുപ്പിൽ ചാരായം വാറ്റുന്നത് കണ്ടെത്തി. 15 ലിറ്റർ കോടയും, വാറ്റിശേഖരിച്ചുകൊണ്ടിരുന്ന 50 മില്ലി ചാരായവും വാറ്റുപകരണങ്ങളും പിടിച്ചെടുത്തു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
തുടർന്ന്, പ്രതിക്കായി തിരച്ചിൽ വ്യാപിപ്പിച്ച പോലീസ് പിന്നീട് വീടിനു സമീപത്തുനിന്നും വൈകിട്ട് നാല് മണിയോടെ ബിജോയിയെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. പോലീസ് ഇൻസ്‌പെക്ടർ സജീഷ് കുമാർ, എസ് ഐ അനൂപ്, സി പി ഓമാരായ അഭിലാഷ്. ബ്ലെസ്സൺ. നെബു മുഹമ്മദ്, ശ്രീജിത്ത് പരശുറാം, പ്രദീപ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.