തൃശ്ശൂർ:കാട്ടുപന്നിയെ വേട്ടയാടി മാംസം വിറ്റ കേസിൽ അറസ്റ്റിലായി ജാമ്യത്തിൽ ഇറങ്ങിയ യുവാവിനെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി. കാഞ്ഞിരക്കോട് സ്വദേശിയായ മിഥുൻ (30) ആണ് മരിച്ചത്. രാവിലെ വീടിനു സമീപമുള്ള സ്വകാര്യ വ്യക്തിയുടെ പറമ്പിലാണ് മൃതദേഹം നാട്ടുകാർ ആദ്യം കണ്ടെത്തിയത്.മിഥുനും മങ്കാത്ത് വീട്ടിൽ ശിവൻ (54), മനവളപ്പിൽ കെ.എം മുരളീധരൻ (65) എന്നിവരുമാണ് കഴിഞ്ഞ ചൊവ്വാഴ്ച വടക്കാഞ്ചേരി റെയിഞ്ച് ഫോറസ്റ്റ് ഓഫീസർ ബി. അശോക് രാജിന്റെ നേതൃത്വത്തിലുള്ള സംഘം പിടിയിലായത്. കാട്ടുപന്നിയെ വേട്ടയാടി മാംസം വിൽപ്പന നടത്തിയെന്നാണ് കേസിലെ ആരോപണം.കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്ത ശേഷമാണ് വ്യാഴാഴ്ച ജാമ്യത്തിൽ പുറത്തിറങ്ങിയത്.
എന്നാൽ, ഇതിനെ തുടർന്ന് കടുത്ത മാനസിക സമ്മർദ്ദത്തിലായിരുന്നുവെന്ന് വീട്ടുകാർ പറയുന്നു. വെള്ളിയാഴ്ച രാവിലെ കാണാതായ മിഥുനെ പിന്നീട് പറമ്പിൽ തൂങ്ങിമരിച്ച നിലയിലാണ് കണ്ടെത്തിയത്.സംഭവത്തെത്തുടർന്ന് പ്രദേശത്ത് വനം വകുപ്പിനെതിരെ വലിയ പ്രതിഷേധം ഉയർന്നു. നാട്ടുകാർ മൃതദേഹം താഴെയിറക്കാൻ തഹസിൽദാർ സ്ഥലത്തെത്തണമെന്ന ആവശ്യം ഉന്നയിച്ചു. വടക്കാഞ്ചേരി പൊലീസ് സ്ഥലത്തെത്തി നടപടികൾ ആരംഭിച്ചു.വടക്കാഞ്ചേരി ഫോറസ്റ്റ് റേഞ്ചിന് കീഴിലുള്ള പൂങ്ങോട് ഫോറസ്റ്റ് സ്റ്റേഷനിലാണ് കേസ് രജിസ്റ്റർ ചെയ്തത്. ദേശമംഗലം സ്വദേശി പല്ലൂർ കിഴക്കേതിൽ മുഹമ്മദ് മുസ്തഫയെ നേരത്തെ വനം വകുപ്പ് പിടികൂടിയിരുന്നു. അദ്ദേഹത്തിന്റെ വിവരങ്ങൾ അടിസ്ഥാനമാക്കിയായിരുന്നു പിന്നാലെ മിഥുന്‍ ഉൾപ്പെടെയുള്ളവരുടെ അറസ്റ്റ്.മിഥുന്‍ കാഞ്ഞിരക്കോട് സെൻററിൽ ഓട്ടോ ഡ്രൈവർ ആയിരുന്നു. സഹപ്രതി മുരളീധരൻ കേരള സർവകലാശാലയിൽ നിന്ന് വിരമിച്ച ഉദ്യോഗസ്ഥനാണ്. കേസിൽ ഇനിയും കൂടുതൽ അറസ്റ്റ് ഉണ്ടാകുമെന്ന് അന്വേഷണ സംഘം വ്യക്തമാക്കിയിരുന്നു. ഇതിന് ഇടയിലാണ് മിഥുന്റെ ആത്മഹത്യ.