അഹമ്മദാബാദ്:യുദ്ധം തകർത്ത ഗാസയിലെ പട്ടിണിക്കാരായ ജനതയ്ക്കെന്ന പേരിൽ ഫണ്ട് പിരിച്ച് ആഡംബര ജീവിതം നയിച്ച സിറിയൻ സ്വദേശി ഗുജറാത്തിൽ പൊലീസ് വലയിലായി. പള്ളികളിൽ നിന്നുൾപ്പെടെ പണം പിരിച്ച യുവാവിന്റെ മൂന്ന് കൂട്ടാളികൾക്കായുള്ള അന്വേഷണവും ഊർജിതമാക്കി.
ഗാസയുടെ പേരുപയോഗിച്ച് മറ്റേതെങ്കിലും ലക്ഷ്യത്തോടെയാണ് സംഘം നഗരത്തിൽ എത്തിയതെന്ന സംശയവും പൊലീസ് ശക്തമാക്കിയിട്ടുണ്ട്.എലിസ് ബ്രിഡ്ജ് പ്രദേശത്തെ ഒരു ഹോട്ടലിൽ നിന്നാണ് ഡമാസ്കസ് സ്വദേശിയായ അലി മേഘത് അൽ-അസർ (23) അറസ്റ്റിലായത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ഇയാളുടെ പക്കൽനിന്ന് 3,600 യുഎസ് ഡോളറും 25,000 രൂപയും പൊലീസ് പിടിച്ചെടുത്തു. മൂന്ന് കൂട്ടാളികൾക്കായുള്ള തിരച്ചിൽ തുടരുകയാണെന്ന് ക്രൈം ബ്രാഞ്ച് ജോയിന്റ് കമ്മീഷണർ ഓഫ് പൊലീസ് ശരദ് സിംഗൽ അറിയിച്ചു.സക്കറിയ ഹൈതം അൽസർ, അഹമ്മദ് അൽഹബാഷ്, യൂസഫ് അൽ-സഹർ എന്നിവർക്ക് എതിരെ ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിട്ടുണ്ടെന്ന് പൊലീസ് വ്യക്തമാക്കി.
നാല് സിറിയക്കാരും ടൂറിസ്റ്റ് വിസയിലാണ് ഇന്ത്യയിലെത്തിയത്. ജൂലൈ 22-ന് കൊൽക്കത്തയിലും ഓഗസ്റ്റ് 2-ന് അഹമ്മദാബാദിലും എത്തിയ ഇവർ പ്രാദേശിക പള്ളികളിൽ ഗാസയിലെ പട്ടിണിക്കാരായവരുടെ ദൃശ്യങ്ങൾ കാണിച്ച് സഹതാപം നേടിയെടുത്താണ് പണം ശേഖരിച്ചത്.ഗാസയിലെ ജനങ്ങൾക്ക് ഭക്ഷണം നൽകാനാണെന്ന് അവകാശപ്പെട്ടെങ്കിലും, പണം അവിടേക്ക് അയച്ചതിന് തെളിവൊന്നും ഇതുവരെ ലഭിച്ചിട്ടില്ലെന്ന് അന്വേഷണ സംഘം അറിയിച്ചു.