കോട്ടയം: ജോലിയ്ക്കായി അസമിൽ നിന്നെത്തിയതിന്റെ പിറ്റേന്ന് തന്നെ കൊലപാതകക്കേസിൽ പ്രതിയായി..! പൂവൻതുരുത്തിൽ സുരക്ഷാ ജീവനക്കാരനെ കമ്പിവടിയ്ക്ക് അടിച്ചു കൊലപ്പെടുത്തിയ കേസിലെ പ്രതിയായ അസം സ്വദേശി ഞായറാഴ്ച മാത്രമാണ് ജോലിയ്ക്കായി ഇവിടെ എത്തിയത്. സംഭവവുമായി ബന്ധപ്പെട്ട് അസം സ്വദേശി മനോജ് ബറുവയെയാണ് (27) കോട്ടയം ഈസ്റ്റ് സ്‌റ്റേഷൻ ഹൗസ് ഓഫിസർ ഇൻസ്‌പെക്ടർ യു.ശ്രീജിത്തിന്റെ നേതൃത്വത്തിലുള്ള സംഘം കസ്റ്റഡിയിൽ എടുത്തത്. ഹെവിയ റബഴേസ് സെക്യൂരിറ്റി ജീവനക്കാരനായ ളാക്കാട്ടൂർ സ്വദേശി ജോസിനെ(55)യാണ് ഇയാൾ കൊലപ്പെടുത്തിയത്.
തിങ്കളാഴ്ച രാവിലെ ആറരയ്ക്ക് ശേഷമായിരുന്നു കൊലപാതകം നടന്നത്. അസമിൽ നിന്നും 12 അംഗ സംഘത്തിനൊപ്പമാണ് പ്രതിയായ മനോജ് ബറുവ കോട്ടയം പൂവൻതുരുത്ത് വ്യവസായ മേഖലയിൽ എത്തിയത്. ഇവിടെ പന്ത്രണ്ടംഗ സംഘത്തിനൊപ്പം താമസിക്കുന്നതിനിടെ രാത്രിയിൽ ഇയാൾ നിരന്തരം പ്രശ്‌നമുണ്ടാക്കിയിരുന്നതായി നാട്ടുകാർ പറയുന്നു. ഒപ്പം താമസിച്ചിരുന്നവരുമായി പ്രശ്‌നമുണ്ടാക്കിയ ശേഷമാണ് രാത്രിയിൽ ഇയാൾ മുറിയിൽ നിന്നും പുറത്തിറങ്ങിയത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
തുടർന്ന് രാത്രി കറങ്ങി നടന്ന ശേഷം പുലർച്ചെയാണ് ഹെവിയ റബർകമ്പനി ഫാക്ടറിയിൽ ഇയാൾ എത്തിയത്. ഇവിടെ എത്തിയ ശേഷം ഫാക്ടറിയ്ക്കുള്ളിൽ കയറാൻ ഇയാൾ ശ്രമിച്ചു. ഇത് തടഞ്ഞ് സെക്യൂരിറ്റി ജീവനക്കാരൻ ജോസും രംഗത്ത് എത്തി. തുടർന്ന്, ഇരുവരും തമ്മിൽ ഉന്തും തള്ളും ഉണ്ടായതായി പൊലീസ് പറയുന്നു. ഇതിന് ശേഷം ജോസിനെ തള്ളിയിട്ട പ്രതി ഇവിടെ കിടന്ന കമ്പിവടി ഉപയോഗിച്ച് തലയ്ക്കടിയ്ക്കുകയായിരുന്നു. അടിയേറ്റ് വീണ ജോസിനെ വീണ്ടും ഇയാൾ തലയ്ക്കടിച്ചു. തൽക്ഷണം തന്നെ ജോസിന്റെ മരണം സംഭവിച്ചു.
പിന്നീടും, ജോസിനെ ഇയാൾ ആക്രമിച്ചു. കമ്പിവടി ഉപയോഗിച്ച് നിരന്തരം ആക്രമിക്കുകയായിരുന്നു. തുടർന്ന്, ബഹളം കേട്ട് ഓടിയെത്തിയ നാട്ടുകാർ ചേർന്ന് ബലം പ്രയോഗിച്ച് പ്രതിയായ മനോജിനെ കെട്ടിയിട്ടു. തുടർന്ന്, കോട്ടയം ഈസ്റ്റ് പൊലീസ് സംഘത്തെ വിളിച്ചു വരുത്തി പ്രതിയെ കൈമാറുകയായിരുന്നു. പൊലീസ് ജീപ്പിനുള്ളിൽ ഇരുന്നും ഇയാൾ അക്രമാസക്തനായിരുന്നു എന്നാണ് പരാതി. മരിച്ച ജോസിന്റെ മൃതദേഹം ജില്ലാ ജനറൽ ആശുപത്രിയിലേയ്ക്കു മാറ്റി. പ്രതിയായ മനോജ് കോട്ടയം ഈസ്റ്റ് പൊലീസ് സ്റ്റേഷനിൽ കസ്റ്റഡിയിലുണ്ട്.