കൊച്ചി, 25 നവംബർ 2023: നവജാത ശിശുക്കളെയും കുട്ടികളെയും ബാധിക്കുന്ന ആരോഗ്യപ്രശ്നങ്ങൾ ചർച്ച ചെയ്യുന്ന ആസ്റ്റർ കിഡ്സ് ആനുവൽ മൺസൂൺ സി.എം.ഇയുടെ ഏഴാം പതിപ്പ് സംഘടിപ്പിച്ചു. വിവിധ പീഡിയാട്രിക് ശസ്ത്രക്രിയകളുമായി ബന്ധപ്പെട്ട് ശിശുരോഗ വിദഗ്ധർക്ക് അറിവും നൈപുണ്യവും വർധിപ്പിക്കുന്നതിനുള്ള സമഗ്രമായ സെഷനുകൾ കൂടി ഉൾപ്പെടുത്തിയായിരുന്നു ഏകദിന ശില്പശാല നടത്തിയത്.
കൊച്ചി ആസ്റ്റർ മെഡ്സിറ്റിയിലെ ചൈൽഡ് ആൻഡ് അഡോളസന്റ് ഹെൽത്ത് എക്സലൻസ് സെന്ററും ഇന്ത്യൻ അക്കാദമി ഓഫ് പീഡിയാട്രിക്സിന്റെ (ഐ.എ.പി) കൊച്ചി ബ്രാഞ്ചും ചേർന്നായിരുന്നു കൊച്ചി ഐ.എം.എ ഹൗസിൽ നടന്ന പരിപാടി സംഘടിപ്പിച്ചത്. രാജ്യത്തെ തന്നെ പ്രഗൽഭരായ ശിശുരോഗ വിദഗ്ധരിൽ ഒരാളും ആസ്റ്റർ ചൈൽഡ് ആൻഡ് അഡോളസന്റ് ഹെൽത്ത് സെന്റർ ഓഫ് എക്സലൻസിന്റെ സ്ഥാപകരിൽ ഒരാളുമായിരുന്ന ഡോ. പി.സി അലക്സാണ്ടറുടെ സ്മരണാർത്ഥമായിരുന്നു ഇത്തവണത്തെ സി.എം.ഇ. നവജാതശിശുക്കളിൽ കാണുന്ന പച്ചകലർന്ന ഛർദ്ദി, കുട്ടികളിലെ മഞ്ഞപ്പിത്തം, ഹൈഡ്രോനെഫ്രോസിസ്, വിഭിന്ന ജനനേന്ദ്രിയ അവയവങ്ങൾ, എംപീമ തോറാസിസ്, വാക്സിനോളജിയിലെ പുതിയ കണ്ടുപിടിത്തങ്ങൾ, മാസ് അബ്ഡോമൻ തുടങ്ങിയ വിഷയങ്ങളിൽ ചർച്ചകൾ സംഘടിപ്പിച്ചിരുന്നു.