ക്വാളിറ്റി കെയർ ഇന്ത്യ ലിമിറ്റഡിന്റെ 5% ഉടമസ്ഥാവകാശം ഓഹരിക്കൈമാറ്റത്തിലൂടെ ഏറ്റെടുത്ത് ആസ്റ്റർ ഡിഎം ഹെൽത്ത്കെയർ : കഴിഞ്ഞ നവംബറിൽ പ്രഖ്യാപിച്ച ലയനത്തിന്റെ ഭാഗമായാണ് നടപടി : ഓഹരിക്കൈമാറ്റത്തിലൂടെയാണ് 849 കോടി രൂപ മൂല്യമുള്ള ഷെയറുകൾ സ്വന്തമാക്കിയത്

കൊച്ചി : രാജ്യത്തെ മുൻനിര ആരോഗ്യപരിചരണ സേവന ശൃംഖലയായ ആസ്റ്റർ ഡിഎം ഹെൽത്ത്കെയറിന്റെയും ക്വാളിറ്റി കെയർ ഇന്ത്യ ലിമിറ്റഡിന്റേയും ലയന നടപടികൾക്ക് തുടക്കമായി. ആദ്യഘട്ടമായി ഓഹരിക്കൈമാറ്റ വ്യവസ്ഥയിൽ 5% ഷെയറുകൾ ഏറ്റെടുത്തു. ബിസിപി ഏഷ്യ II ടോപ്‌കോ IV പ്രൈവറ്റ് ലിമിറ്റഡ്, സെന്റല്ല മൗറീഷ്യസ് ഹോൾഡിങ്‌സ് ലിമിറ്റഡ് എന്നീ മാതൃസ്ഥാപനങ്ങളിൽ നിന്നാണ് ക്വാളിറ്റി കെയർ ഇന്ത്യ ലിമിറ്റഡിന്റെ ഓഹരികൾ ആസ്റ്റർ ഡിഎം ഹെൽത്ത്കെയർ ഏറ്റെടുത്തത്. 2024 നവംബറിലാണ് ആസ്റ്റർ ഡിഎം ഹെൽത്ത്കെയറിന്റെയും ക്വാളിറ്റി കെയർ ഇന്ത്യ ലിമിറ്റഡിന്റേയും ലയനം പ്രഖ്യാപിച്ചത്.

Advertisements

849.13 കോടി രൂപ മൂല്യമുള്ള ക്യൂ.സി.ഐ.എല്ലിന്റെ 1,90,46,028 ഇക്വിറ്റി ഷെയറുകളാണ് ആസ്റ്റർ ഡിഎം ഹെൽത്ത്കെയറിന് കൈമാറിയത്. പകരം ആസ്റ്റർ ഡിഎം ഹെൽത്ത്കെയറിന്റെ 1,86,07,969 ഷെയറുകൾ ഒന്നിന് 10 രൂപ നിരക്കിൽ ബിസിപി, സെന്റല്ല കമ്പനികൾക്കും നൽകി. പൂർണമായും ഓഹരികൾ മാത്രം ഉപയോഗിച്ചുള്ള പണരഹിത ഇടപാടാണ് നടന്നത്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ബി.എസ്.ഇ ലിമിറ്റഡ്, നാഷണൽ സ്റ്റോക്ക് എക്സ്ചേഞ്ച് ഓഫ് ഇന്ത്യ ലിമിറ്റഡ്, കോമ്പറ്റിഷൻ കമ്മീഷൻ ഓഫ് ഇന്ത്യ എന്നിവയുടെ അനുമതിയോടെയാണ് ഓഹരിക്കൈമാറ്റത്തിന് തുടക്കമിട്ടത്. ഇരുസ്ഥാപനങ്ങളിലെയും നിക്ഷേപകരെയും വിശ്വാസത്തിലെടുത്ത ശേഷമായിരുന്നു നീക്കം. ഇപ്പോൾ നടന്നിട്ടുള്ള ഓഹരിക്കൈമാറ്റം പ്രാബല്യത്തിൽ വരുന്നതിനും മേൽപ്പറഞ്ഞ സ്ഥാപനങ്ങളുടെ അന്തിമഘട്ട അനുമതി ആവശ്യമാണ്.

ഇന്ത്യയിലെ ഏറ്റവും ശക്തമായ ആരോഗ്യസേവന ശൃംഖലയായി മാറുന്നതിനുള്ള യാത്രയിലെ നിർണായക ചുവടുവെയ്പ്പാണ് ഈ ഓഹരിക്കൈമാറ്റമെന്ന് ആസ്റ്റർ ഡിഎം ഹെൽത്ത്കെയറിന്റെ സ്ഥാപക ചെയർമാൻ ഡോ. ആസാദ് മൂപ്പൻ പറഞ്ഞു. വിപണിയിൽ ഏറെ തന്ത്രപ്രധാനമായ നീക്കമാണ് ആസ്റ്റർ ഡിഎം ഹെൽത്ത്കെയറും ക്യൂ.സി.ഐ.എല്ലും തമ്മിലുള്ള ലയനം. അതിലേക്കുള്ള ആദ്യ പടിയാണ്

ഇപ്പോഴത്തെ ഓഹരിക്കൈമാറ്റമെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യയിലുടനീളം സാന്നിധ്യമുള്ള ഒരു ഏകീകൃത ആശുപത്രി ശൃംഖലയ്ക്ക് അടിത്തറ പാകുന്നതാണ് ഈ നീക്കം. ലയനം പൂർത്തിയാകുന്നതോടെ എല്ലാ നിക്ഷേപകർക്കും പങ്കാളികൾക്കും ദീർഘകാലാടിസ്ഥാനത്തിലുള്ള പ്രയോജനങ്ങൾ ലഭിക്കുമെന്നും ഡോ. ആസാദ് മൂപ്പൻ വ്യക്തമാക്കി.
പുതുതായി ഇഷ്യൂ ചെയ്തിട്ടുള്ള ഷെയറുകൾക്ക് ആസ്റ്ററിന്റെ നിലവിലെ ഓഹരികളുടെ അതേ മൂല്യവും ഉടമസ്ഥാവകാശവും തന്നെയാകും ഉണ്ടാവുക.

നിയമപ്രകാരമുള്ള അനുമതികൾ കിട്ടിക്കഴിഞ്ഞാൽ ലയനം പൂർത്തിയാകും.

പിന്നെ ‘ആസ്റ്റർ ഡിഎം ക്വാളിറ്റി കെയർ’ എന്നായിരിക്കും സ്ഥാപനം അറിയപ്പെടുക. ആസ്റ്ററിനും ബിസിപിക്കും ഒരുമിച്ചായിരിക്കും പിന്നീടുള്ള നിയന്ത്രണാവകാശം. ഇന്ത്യയിലെ പ്രബലരായ രണ്ട് ആരോഗ്യസേവന ദാതാക്കൾ കൈകോർക്കുന്നതിനെ ഏറെ പ്രതീക്ഷയോടെയാണ് വിപണി ഉറ്റുനോക്കുന്നത്. രാജ്യത്തുടനീളം ഉന്നതനിലവാരമുള്ള ചികിത്സാ സംവിധാനങ്ങൾ ഒരുക്കുകയാണ് ഇരുസ്ഥാപനങ്ങളുടെയും ലക്‌ഷ്യം. ഈ വർഷം തന്നെ ലയനം പൂർത്തിയാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

Hot Topics

Related Articles