നിപ്പ, മങ്കിപോക്സ് ഉൾപ്പടെയുള്ള പകർച്ചവ്യാധികളടക്കം രോഗനിർണയത്തിന് സൗകര്യം.
കൊച്ചി, ആഗസ്റ്റ്30,2022: കൊവിഡ്, നിപ്പ, മങ്കിപോക്സ് തുടങ്ങി പലതരം പകർച്ചാവ്യാധികൾ വർധിക്കുന്ന സാഹചര്യത്തിൽ രോഗനിർണയത്തിന് അത്യാധുനിക സംവിധാനം ഒരുക്കി ആസ്റ്റർ മെഡ്സിറ്റി. ഒട്ടുമിക്ക രോഗനിർണയങ്ങളും സാധ്യമായ അഡ്വാൻസ്ഡ് ഡയഗ്നോസ്റ്റിക്സ് ആൻഡ് റിസർച്ച് സെന്ററിന് ആസ്റ്റർ മെഡ്സിറ്റി തുടക്കം കുറിച്ചു. കൊച്ചിയിൽ നടന്ന ചടങ്ങിൽ ആരോഗ്യമന്ത്രി വീണാ ജോർജ് വീഡിയോ കോൺഫറൻസിലൂടെ പങ്കെടുത്തു. സംസ്ഥാനത്ത് സാംക്രമിക രോഗങ്ങൾ ഉൾപ്പടെയുള്ളവയുടെ ലബോറട്ടറി രോഗനിർണയം നടത്തുന്നതിൽ സുപ്രധാന ചുവടുവയ്പ്പാവുകയാണ് ആസ്റ്ററിന്റെ അഡ്വാൻസ്ഡ് ഡയഗ്നോസ്റ്റിക്സ് ആൻഡ് റിസർച്ച് സെന്റർ. ഉടനടി രോഗനിർണയം ആവശ്യമുള്ള രോഗികൾക്ക് അപ്പോൾ തന്നെ അത് ലഭ്യമാക്കാൻ സെന്ററിനാകും.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ഉയർന്നുവരുന്ന പകർച്ചവ്യാധികളുടെയും മഹാമാരികളുടെയും ഈ കാലഘട്ടത്തിൽ ലബോറട്ടറി ഡയഗ്നോസ്റ്റിക്സ് സെന്ററുകളുടെ വ്യാപ്തിയും പ്രസക്തിയും വർധിച്ചുവരുന്നതിനാൽ ആരോഗ്യരംഗത്ത് ഇത് നിർണായക ചുവടുവയ്പ്പായി മാറുമെന്നും സ്റ്റോക്ക്ഹോം കരോലിൻസ്ക ഇൻസ്റ്റിറ്റ്യൂട്ടിലെ ക്ലിനിക്കൽ മൈക്രോബയോളജി വിഭാഗം ക്ലിനിക്കൽ വൈറോളജി പ്രൊഫസർ എമറിറ്റസ് ഡോ. ആൻഡേഴ്സ് വാൽനെ ഉദ്ഘാടന കർമ്മം നിർവ്വഹിച്ചുകൊണ്ട് പറഞ്ഞു.
ക്ലിനിക്കൽ രോഗനിർണയത്തിലും സാങ്കേതികവിദ്യയിലും പുതിയ മുന്നേറ്റം ഉറപ്പാക്കിയ ആസ്റ്ററിന്റെ പ്രവർത്തനങ്ങളെ ചടങ്ങിൽ ആരോഗ്യമന്ത്രി വീണാ ജോർജ് അഭിനന്ദിച്ചു. പൊതുജനാരോഗ്യ സംവിധാനം മെച്ചപ്പെടുത്തുന്നതിൽ ഇത്തരം പരിശോധന കേന്ദ്രങ്ങൾ വലിയ സംഭാവനയാണ് നൽകുന്നതെന്നും മന്ത്രി പറഞ്ഞു. ജനിതക രോഗങ്ങൾ മുതൽ ജീവിതശൈലീ രോഗങ്ങൾ വരെയുള്ളവയുടെ നേരത്തെയുള്ള കണ്ടെത്തൽ സാധ്യമാക്കുന്ന ആസ്റ്ററിന്റെ പുതിയ സംരംഭം ആരോഗ്യരംഗത്തെ സുപ്രധാന ചുവടുവയ്പാണെന്ന് ചടങ്ങിൽ മുഖ്യാതിഥിയായ എറണാകുളം ജില്ലാ കളക്ടർ ഡോ. രേണു രാജ് വ്യക്തമാക്കി. പരിശോധന ഫലങ്ങൾ അനുസരിച്ച് രോഗികൾക്ക് ആവശ്യമായ ചികിത്സ ഏറ്റവും വേഗത്തിൽ ഉറപ്പാക്കാൻ ഡയഗ്നോസ്റ്റിക് സെന്റർ സഹായകമാകുമെന്നും രേണു രാജ് പറഞ്ഞു.
ഏറ്റവും വേഗത്തിൽ പരിശോധന നടത്തി ധ്രുതഗതിയിൽ രോഗപ്രതിരോധം സാധ്യമാക്കാൻ അഡ്വാൻസ്ഡ് ഡയഗ്നോസ്റ്റിക്സ് ആൻഡ് റിസർച്ച് സെന്റർ പ്രാപ്തമാണെന്ന് ആസ്റ്റർ ഡിഎം ഹെൽത്ത് കെയർ സ്ഥാപക ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ ഡോ. ആസാദ് മൂപ്പൻ പറഞ്ഞു. വിവിധ ക്ലിനിക്കൽ മേഖലകളിൽ വിപുലമായ ഗവേഷണത്തിനും സെന്റർ വേദിയൊരുക്കും. കേരളത്തിന്റെ ആരോഗ്യ രംഗത്ത് ഗുണപരവും ഫലപ്രദവുമായ പരിവർത്തനങ്ങൾ കൊണ്ടുവരുന്നതിൽ നേതൃത്വപരമായ ഇടപെടൽ നടത്താൽ ഡയഗ്നോസ്റ്റിക് സെന്ററിന് സാധിക്കുമെന്നും ആസാദ് മൂപ്പൻ അഭിപ്രായപ്പെട്ടു.
പകർച്ചവ്യാധികൾക്ക് പുറമേ, ന്യൂറോളജി, പീഡിയാട്രിക്സ്, റൂമാറ്റോളജി, ഓങ്കോളജി തുടങ്ങിയവയുമായി ബന്ധപ്പെട്ട രോഗങ്ങളിലും ജനിതക രോഗങ്ങളുടെ പരിശോധനയിലും ഗവേഷണത്തിലും അഡ്വാൻസ്ഡ് ഡയഗ്നോസ്റ്റിക്സ് ആൻഡ് റിസർച്ച് സെന്റർ വലിയ പങ്കുവഹിക്കും. സാധാരണ, ഈ പരിശോധനകൾ പലതും സംസ്ഥാനത്തിനോ, രാജ്യത്തിനോ പുറത്താണ് ചെയ്യാറുള്ളത്.
ആസ്റ്ററിന്റെ ഡയഗ്നോസ്റ്റിക് കേന്ദ്രം അതേസമയം ഇതിനാവശ്യമായ അത്യാധുനിക സംവിധാനങ്ങൾ കേരളത്തിൽ തന്നെ ഉറപ്പാക്കുകയാണ്. സാംക്രമിക രോഗങ്ങളിൽ മാത്രമല്ല പ്രാഥമിക ആരോഗ്യം, ക്ലിനിക്കൽ വൈദഗ്ധ്യം, സാങ്കേതികവിദ്യ, രോഗനിർണയം തുടങ്ങിയ ആരോഗ്യ പരിപാലന മേഖലയിലും ഈ കേന്ദ്രം ഉന്നത പദവി ഉറപ്പാക്കുന്നു.
ഓങ്കോളജി, ന്യൂറോളജി, എന്നിവയിലെ പുതിയ രോഗാണുക്കളെ തിരിച്ചറിയുന്നതിനും, ആന്റിമൈക്രോബയൽ പ്രതിരോധം തുടങ്ങിയ വൈദ്യശാസ്ത്രത്തിലെ വികസിച്ചുകൊണ്ടിരിക്കുന്ന മേഖലകളിലെ ഗവേഷണത്തിനുള്ള അടിസ്ഥാന സൗകര്യങ്ങളും ഡയഗ്നോസ്റ്റിക് സെന്റർ ലഭ്യമാക്കും.
മോളിക്യുലാർ ജെനറ്റിക്ക് ഡയഗ്നോസ്റ്റിക് സൗകര്യം ന്യൂറോളജി, കാർഡിയോളജി, പീഡിയാട്രിക് പോലുള്ള രോഗങ്ങളുടെ ജനിതക സ്ഥിരീകരണത്തിനും, ഗവേഷണത്തിനും കൂടുതൽ ഉപകാരപ്രധമാകും.
ആസ്റ്റർ മെഡ്സിറ്റി ചീഫ് ഓഫ് മെഡിക്കൽ സർവീസ് ഡോ. അനൂപ് ആർ. വാര്യർ, ആസ്റ്റർ ഹോസ്പിറ്റൽസ് ക്ലിനിക്കൽ എക്സലൻസ് ഹെഡ് ഡോ ആശാ കിഷോർ, എറണാകുളം ജില്ലാ ആരോഗ്യ മെഡിക്കൽ ഓഫീസർ ഡോ. ശ്രീദേവി എസ്, ആസ്റ്റർ ഹോസ്പിറ്റൽസ് കേരള & ഒമാൻ ക്ലസ്റ്റർ റീജിയണൽ ഡയറക്ടർ ഫർഹാൻ യാസിൻ, ആസ്റ്റർ മെഡ്സിറ്റി മെഡിക്കൽ അഫയേഴ്സ് ഡയറക്ടർ ഡോ. ടി ആർ ജോൺ, എന്നിവരും പരിപാടിയിൽ പങ്കെടുത്തു.