ഈരാറ്റുപേട്ട: കൗമാരക്കാരനായ 16 കാരനെ ആക്രമിച്ച കേസിൽ ഒളിവില്‍ കഴിഞ്ഞിരുന്നയാളെ പോലീസ് അറസ്റ്റ് ചെയ്തു. ഈരാറ്റുപേട്ട തോട്ടുമുക്ക് ഭാഗത്ത് വെള്ളൂപ്പറമ്പിൽ വീട്ടിൽ മുഹമ്മദ് ഫസിൽ വി.എസ് (41) എന്നയാളെയാണ് ഈരാറ്റുപേട്ട പോലീസ് അറസ്റ്റ് ചെയ്തത്. ഇയാളും സുഹൃത്തുക്കളും ചേര്‍ന്ന് കഴിഞ്ഞ മാസം 24 ആം തീയതി വൈകിട്ട് 10 :45 മണിയോടുകൂടി ഈരാറ്റുപേട്ട സ്വദേശിയായ കൗമാരക്കാരനെയും, സുഹൃത്തിനെയും നടക്കൽ ക്രോസ് വേ ജംഗ്ഷൻ ഭാഗത്ത് വച്ച് മർദ്ദിക്കുകയും, കയ്യിൽ കരുതിയിരുന്ന മരക്കൊമ്പ് കൊണ്ട് കൗമാരക്കാരനെ ആക്രമിച്ച് കൊലപ്പെടുത്താൻ ശ്രമിക്കുകയുമായിരുന്നു. തുടർന്ന് ഇവർ സംഭവസ്ഥലത്തുനിന്ന് കടന്നുകളയുകയും ചെയ്തു. കൗമാരക്കാരനോട് ഇവർക്ക് മുൻവിരോധം നിലനിന്നിരുന്നു. ഇതിന്റെ തുടർച്ചയെന്നോണമാണ് ഇവർ ആക്രമിച്ചത്. പരാതിയെ തുടർന്ന് ഈരാറ്റുപേട്ട പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും തുടർന്ന് നടത്തിയ തിരച്ചിലിൽ മുഹമ്മദ് സാദിഖ് വി.എം, ഇയാളുടെ സഹോദരനായ മുഹമ്മദ് ഹുബൈല്‍ വി.എസ്, ജഹനാസ് പി.പി എന്നിവരെ പിടികൂടുകയും ചെയ്തിരുന്നു. തുടര്‍ന്ന് നടത്തിയ തിരച്ചിലിലാണ് ഇയാള്‍ കൂടി പോലീസിന്റെ പിടിയിലാവുന്നത്. ഈരാറ്റുപേട്ട സ്റ്റേഷൻ എസ്.എച്ച്.ഓ സുബ്രഹ്മണ്യൻ പി.എസിന്റെ നേതൃത്വത്തിലാണ് ഇയാളെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാണ്ട് ചെയ്തു.