അതിരമ്പുഴ : സെൻമേരിസ് ഹൈസ്കൂൾ അഞ്ചാം ക്ലാസിലെ സാമൂഹ്യശാസ്ത്ര പഠന പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് “കേവ് ടു സൊമാറ്റോ” എന്ന ഫുഡ് എക്സ്പോ നടന്നു. പ്രസ്തുത പ്രദർശനം സ്കൂൾ മാനേജർ റവ ഡോക്ടർ ജോസഫ് മുണ്ടകത്തിൽ ഉദ്ഘാടനം ചെയ്തു. സ്കൂൾ ഹെഡ്മിസ്ട്രസ് ശ്രീമതി സിനി ജോസഫ്
സ്വാഗതം ആശംസിച്ചു . പുരാതന ഗുഹാ ജീവിതത്തിലെ പച്ച മാംസം കഴിച്ച മനുഷ്യരുടെയും പിന്നീട് ചുട്ട ആഹാരം ഭക്ഷണമാക്കിയ ശിലായുഗ മനുഷ്യരുടെയും കാലഘട്ടങ്ങളും ഡിജിറ്റൽ യുഗത്തിലെ ഓൺലൈൻ ഭക്ഷണ വിതരണം വരെയുള്ള വിവിധ ഘട്ടങ്ങൾ കുട്ടികൾ നിശ്ചലദൃശ്യങ്ങളിലൂടെ അവതരിപ്പിച്ചു. പ്രദർശനത്തിൽ കുട്ടികൾ വീട്ടിൽ നിന്നും തയ്യാറാക്കി കൊണ്ടുവന്ന വൈവിധ്യമാർന്ന ഭക്ഷണ വിഭവങ്ങളുടെ പ്രദർശനവും നടന്നു. സമീപ സ്കൂളുകളിലെ കുട്ടികൾ പ്രദർശനം സന്ദർശിക്കുകയും, വിളവിന്‍റെ വിത്തുകൾ നാളെയുടെ നന്മയ്ക്കായി എന്ന ആശയം പ്രചരിപ്പിക്കുന്നതിനായി പച്ചക്കറി വിത്തുകൾ കുട്ടികൾക്ക് വിതരണം ചെയ്യുകയും ചെയ്തു. സെൻമേരിസ് സ്കൂളിലെ കുട്ടികളുടെ മാതാപിതാക്കളുടെ സാന്നിധ്യം ശ്രദ്ധേയമായി.സ്കൂളിലെ അഞ്ചാം ക്ലാസിലെ സോഷ്യൽ സയൻസ് അധ്യാപകനായ ശ്രീ ജുബിൻ പി ജോർജ്, ചിത്രകല അധ്യാപകൻ ശ്രീ ജോസുകുട്ടി എ ജെ എന്നിവർ പ്രസ്തുത പ്രദർശനത്തിനു നേതൃത്വം നൽകി.