കോട്ടയം : കോട്ടയം കെഎസ്ആർടിസി ബസ്റ്റാൻഡ് മുന്നിലെ ഓട്ടോറിക്ഷ സ്റ്റാൻഡിൽ സംഘർഷത്തിനിടെ ഓട്ടോ ഡ്രൈവർക്ക് വെട്ടേറ്റു. ഓട്ടോറിക്ഷ ഡ്രൈവർ കരാട്ടെ രാജു എന്ന് വിളിക്കുന്ന രാജുവിനാണ് വെട്ടേറ്റത്. വ്യാഴാഴ്ച രാത്രി ഒരു മണിയോടുകൂടിയായിരുന്നു സംഭവം. നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ ഷംനാസിന്റെ സഹോദരൻ ഷംനാദ് ആണ് രാജുവിനെ വെട്ടിയതെന്നാണ് സൂചന. തലയ്ക്കാണ് വെട്ടുകിട്ടിയതെന്നാണ് സൂചന. വെട്ടേറ്റ രാജുവിനെ കോട്ടയം ജില്ലാ ജനറൽ ആശുപത്രിയിലും ഇവിടെനിന്ന് വിദഗ്ധ ചികിത്സയ്ക്കായി മെഡിക്കൽ കോളജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. ഇരുവിഭാഗങ്ങൾ തമ്മിൽ നേരത്തെ കെഎസ്ആർടിസി ബസ്റ്റാൻഡ് പരിസരത്തെ ഓട്ടോ സ്റ്റാൻഡിൽ സംഘർഷം ഉണ്ടായിരുന്നു. രാജു അടക്കമുള്ള ആളുകളെ ആക്രമിക്കുമെന്ന് ഷംനാദും സഹോദരനും അടക്കമുള്ളവർ ഭീഷണി മുഴക്കിയിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോൾ രാജുവിന് വെട്ടേറ്റിരിക്കുന്നത്. കെഎസ്ആർടിസി ബസ്റ്റാൻഡ് കേന്ദ്രീകരിച്ച് ഒരു സംഘം ക്രിമിനൽ ഓട്ടോ ഡ്രൈവർമാർ സർവീസ് നടത്തുന്നതായും അമിത കൂലി ഈടാക്കുന്നതായും ആരോപണം ഉയർന്നിരുന്നു. ഇതിനു പിന്നാലെയാണ് ഇപ്പോൾ സംഘർഷവും മാരകായുധം ഉപയോഗിച്ചുള്ള ആക്രമണവും ഉണ്ടായിരിക്കുന്നത്.