കോട്ടയം തിരുനക്കരയിൽ ഗാനമേളയ്ക്കിടെ വടിവാൾ വീശിയതും കുരുമുളക് സ്‌പ്രേ പ്രയോഗിച്ചതും ലഹരി മാഫിയ സംഘം; അക്രമത്തിന് പിന്നിൽ തിരുവാതുക്കൽ കേന്ദ്രീകരിച്ചുള്ള മാഫിയ; അക്രമികൾക്കെതിരെ കേസെടുത്ത് പൊലീസ്

കോട്ടയം: തിരുനക്കരയിൽ ഗാനമേളയ്ക്കിടെ വടിവാൾ വീശിയതും കത്തിക്കുത്ത് നടത്തിയതും കുരുമുളക് സ്‌പ്രേ പ്രയോഗിച്ചതും ലഹരി മാഫിയ സംഘം. തിരുവാതുക്കൽ കേന്ദ്രീകരിച്ചുള്ള നിരവധി ക്രിമിനൽക്കേസുകളിൽ പ്രതികളായ സംഘമാണ് ആക്രമണം നടത്തിയതെന്ന വിവരമാണ് ലഭിക്കുന്നത്. ലഹരി മാഫിയ സംഘാംഗങ്ങളായ യുവാക്കളും ഇവർക്കൊപ്പം എത്തിയവരുമാണ് വലിയ തോതിൽ ആക്രമണം അഴിച്ചുവിട്ടതെന്നാണ് വിവരം ലഭിക്കുന്നത്. തിരുനക്കര മഹാദേവക്ഷേത്രത്തിലെ ഉത്സവത്തിന്റെ ഭാഗമായി ഗാനമേള നടന്ന ദിവസങ്ങളിലും, ആറാട്ട് ദിവസം ആറാട്ട് കടന്ന് വരുന്ന വഴിയുടെ വിവിധ പ്രദേശങ്ങളിലും ആക്രമണം നടത്തിയത് ഇതേ സംഘം തന്നെയാണ് എന്നാണ് ലഭിക്കുന്ന വിവരം. ഇതു സംബന്ധിച്ചുള്ള കൂടുതൽ വിവരങ്ങൾ ജാഗ്രത ന്യൂസ് ലൈവിന് ലഭിച്ചു.

Advertisements

പള്ളിവേട്ട ദിവസം നടന്ന കത്തിക്കുത്തും സംഘർഷവുമായി ബന്ധപ്പെട്ട് കോട്ടയം വെസ്റ്റ് പൊലീസ് കേസെടുത്തിട്ടുണ്ട്. എന്നാൽ, തങ്ങളെ കുത്തിയത് ആരാണെന്ന് അറിയില്ലെന്നാണ് കുത്തേറ്റവർ പൊലീസിനോടു പറഞ്ഞത്. എന്നാൽ, കരുതിക്കൂട്ടി കയ്യിൽ മാരകായുധവും, ഹെൽമറ്റ് അടക്കമുള്ളവയും കരുതിയെത്തി ആക്രമണം നടത്തിയത് മുൻ വൈരാഗ്യത്തെ തുടർന്ന് തന്നെയാണ് എന്നാണ് പൊലീസ് നൽകുന്ന വിവരം. സമാന രീതിയിലുള്ള എട്ടോളം സംഘർഷങ്ങളാണ് പള്ളിവേട്ട ദിവസം മാത്രം നഗര പരിധിയിൽ മാത്രം ഉണ്ടായത്. ഇതിൽ ആറു പേർക്ക് പരിക്കേറ്റ് ചികിത്സ തേടിയിട്ടുണ്ട്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

പന്ത്രണ്ടിലധികം ആളുകൾക്ക് സംഘർഷത്തിനിടെ പരിക്കേറ്റെങ്കിലും പലരും ഇത് പരാതിയാക്കാൻ പോലും തയ്യാറായിട്ടില്ല. തങ്ങൾ തമ്മിൽ തല്ലി തീർത്തോളാം, പൊലീസ് ഇടപെടേണ്ടെന്ന നിലപാടാണ് ലഹരിയ്ക്ക് അടിമയായ അക്രമികൾ സ്വീകരിച്ചിരിക്കുന്നത്. ഉത്സവത്തിന്റെ ഭാഗമായുണ്ടായ സംഘർഷം വരും ദിവസങ്ങളിൽ കൂടുതൽ പ്രദേശങ്ങളിലേയ്ക്കു വ്യാപിക്കാതിരിക്കാൻ കർശന നിയമ നടപടി ആവശ്യമാണ്. നിലവിൽ പൊലീസ് ഒരു കേസ് മാത്രമാണ് വിഷയത്തിൽ എടുത്തിരിക്കുന്നത്. വീഡിയോ പരിശോധിച്ച് അക്രമികൾക്കെതിരെ കൂടുതൽ കേസുകൾ എടുത്ത് അറസ്റ്റ് ചെയ്തു റിമാൻഡ് ചെയ്‌തെങ്കിൽ മാത്രമേ വരും ദിവസങ്ങളിൽ സംഘർഷം ഒഴിവാക്കാൻ സാധിക്കു.

Hot Topics

Related Articles