മണിമല: വീട്ടിൽ കയറി വീട്ടമ്മയെ അസഭ്യം പറയുകയും ദേഹോപദ്രവം ഏൽപ്പിക്കുകയും ചെയ്ത പ്രതിയെ പരാതിയുടെ അടിസ്ഥാനത്തിൽ മണിമല പോലീസ് അറസ്റ്റ് ചെയ്തു. മണിമല ചെറുവള്ളി കാരക്കാമറ്റം ഭാഗം കൊച്ചി പറമ്പിൽ വീട്ടിൽ മാത്യുവിനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. സ്ഥിരം മദ്യപാനിയായ ഇയാൾ മദ്യപിച്ച ശേഷം സ്ഥിരമായി ബഹളം വെച്ച് നാട്ടുകാരെ ബുദ്ധിമുട്ടിക്കുന്ന വിവരം പോലീസ് സ്റ്റേഷനിൽ വിളിച്ച് അറിയിച്ചതിലുള്ള വിരോധം മൂലം വീട്ടിൽ ആരുമില്ലാത്ത സമയം വീട്ടിൽ അതിക്രമിച്ചു കയറി വീട്ടമ്മയെ ഇയാൾ ആക്രമിക്കുകയായിരുന്നു.
അക്രമവിവരം പുറത്തു പറഞ്ഞാൽ കൊന്നുകളയുമെന്ന് വീട്ടമ്മയെ ഭീഷണിപ്പെടുത്തുകയും ചെയ്തു, തുടർന്ന് വീട്ടമ്മ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ പോലീസ് ഇയാളെ അറസ്റ്റ് ചെയ്യുകയായിരുന്നു. എസ് ഐ മാരായ വിജയകുമാർ, അനിൽകുമാർ, എ.എസ്.ഐ റോബി, സി.പി.ഓ മാരായ സാജുദ്ദീൻ, അജിത്ത്, രാജേന്ദ്രൻ എന്നിവരടങ്ങിയ പോലീസ് സംഘമാണ് ഇയാളെ അറസ്റ്റ് ചെയ്തത്. പിന്നീട് ഇയാളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.