അടൂർ: മദ്യലഹരിയിൽ സീരിയൽ നടി ഓടിച്ച കാർ മറ്റു 2 വാഹനങ്ങളിൽ ഇടിച്ച് അപകടം. ഇന്നലെ (വ്യാഴം) വൈകിട്ട് 7 മണിയോടെ പത്തനംതിട്ട കുളനട ടിബി ജംക്ഷന് സമീപമുള്ള പെട്രോൾ പമ്പിന്റെ മുൻപിലായിരുന്നു സംഭവം. അപകടത്തെ തുടർന്ന് എംസി റോഡിൽ ഒരു മണിക്കൂറോളം ഗതാഗതക്കുരുക്ക്. സീരിയൽ നടി വെഞ്ഞാറമൂട് സ്വദേശി രജിത (31) ഓടിച്ച കാറാണ് അപകടത്തിൽപ്പെട്ടത്. രജിതയ്ക്കൊപ്പം സുഹൃത്തായ തിരുവനന്തപുരം വെമ്ബാലവട്ടം സ്വദേശി രാജുവും (49) ഉണ്ടായിരുന്നു.
വൈദ്യപരിശോധനയ്ക്ക് ശേഷം മദ്യപിച്ച് വാഹനം ഓടിച്ചതിന് നടിക്കെതിരെ പൊലീസ് കേസെടുത്തു. റോഡരികിൽ പാർക്ക് ചെയ്തിരുന്ന ഒരു കാറിൽ ഇടിച്ച ശേഷം മറ്റൊരു മിനി ലോറിയിൽ ഇടിക്കുകയായിരുന്നു. അപകടത്തിൽ ആർക്കും പരുക്കില്ല. ഒപ്പം ഉണ്ടായിരുന്ന രാജുവിനെതിരെയും പൊലീസ് കേസെടുത്തിട്ടുണ്ട്. അടൂർ ഭാഗത്തേക്ക് പോവുകയായിരുന്ന ലോറിയിലും സൈഡിൽ നിർത്തിയിട്ടിരിക്കുകയായിരുന്ന കാറിലുമാണ് നടി ഓടിച്ചിരുന്ന വാഹനം ഇടിച്ചത്. വാഹനത്തിൽ നിന്നും മദ്യക്കുപ്പിയും മറ്റും കണ്ടെടുത്തു.