കളമശ്ശേരി:രാത്രിയുടെ മറവിൽ എസ്‌ഡിപിഐ ഗുണ്ടാസംഘം എറണാകുളം അങ്കമാലി അതിരൂപതയുടെ കീഴിലുള്ള മാർത്തോമാ ഭവന്റെ 100 മീറ്റർ നീളമുള്ള കോമ്പൗണ്ട് മതിൽ തകർത്തുകയറി ആക്രമണം. ക്രെയിൻ ഉപയോഗിച്ച് താൽക്കാലിക കോൺക്രീറ്റ് വീടുകൾ സ്ഥാപിച്ച് അകത്ത് താമസമുറപ്പിച്ച സംഘം, ആശ്രമത്തിലെ കന്യാസ്ത്രീമഠത്തിലേക്കുള്ള കുടിവെള്ള പൈപ്പുകളും ചാപ്പലിലേക്ക് പോകാനുള്ള ഗേറ്റും തകർത്തു. കൂടാതെ മഠത്തിന് സമീപം സ്ഥാപിച്ചിരുന്ന സിസിടിവി ക്യാമറകളും പൊളിച്ചുകളഞ്ഞു. സ്ഥലത്ത് ഭീഷണിയും അസഭ്യവർഷവും നടത്തിയതായി പരാതി ഉയർന്നു.1980-ൽ മാർത്തോമാ ഭവൻ സ്വന്തമാക്കിയ ഭൂമിയുടെ ഉടമസ്ഥാവകാശം 2007-ൽ കോടതി വിധിയിലൂടെ ഉറപ്പിക്കപ്പെട്ടിരുന്നു. എന്നാൽ 2010-ൽ തൃശ്ശൂർ സ്വദേശികളായ മുഹമ്മദ് മൂസാ, എൻ.എം. നസീർ, സെയ്ദ് മുഹമ്മദ് എന്നിവർ സ്ഥലം വാങ്ങിയതാണ് എന്ന അവകാശവാദവുമായി രംഗത്തെത്തിയിരുന്നു. ഇവരുടെ നേതൃത്വത്തിലാണ് ഗുണ്ടകളെ ഉപയോഗിച്ച് മതിൽ തകർത്തും വീടുകൾ സ്ഥാപിച്ചുമെന്നാരോപണം ഉയരുന്നത്.
സംഭവത്തെക്കുറിച്ച് അതിരൂപതാ നേതൃത്വവും, കൂരിയാ, കെസിബിസി, തലശ്ശേരി രൂപതാ മെത്രാൻ ജോസഫ് പാംബ്ലാനിയും വിവരം അറിയിച്ചിട്ടുണ്ടെങ്കിലും, വിശ്വാസികളോടോ പൊതുസമൂഹത്തോടോ സംഭവം വെളിപ്പെടുത്താതെ മറച്ചുവയ്‌ക്കാൻ ശ്രമിച്ചുവെന്ന വിമർശനവും ഉയർന്നു.മാർത്തോമാ ഭവൻ അധികൃതർ പോലീസിൽ പരാതി നൽകിയിട്ടുണ്ടെങ്കിലും, കയ്യേറ്റക്കാരെ ഒഴിപ്പിക്കാനോ അറസ്റ്റ് ചെയ്യാനോ പോലീസിൽ നിന്ന് നടപടി ഉണ്ടായിട്ടില്ല എന്നാണ് ആരോപണം.ഉത്തരേന്ത്യയിലെ ചെറിയ സംഭവങ്ങൾ പോലും ‘മതപീഡനം’ എന്ന പേരിൽ വാർത്തയാകുമ്പോൾ, കേരളത്തിലെ ഇത്തരമൊരു ഗുരുതരമായ ആക്രമണം സംസ്ഥാന മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യാതിരുന്നതും വിമർശനങ്ങൾക്ക് വഴിവെച്ചു.മാർത്തോമാ ഭവൻ സ്ഥിതി ചെയ്യുന്ന കൈപ്പടം പ്രദേശം എറണാകുളം ജില്ലയിലെ കളമശ്ശേരി എഎംടിടി കോളനിക്ക് സമീപമാണ്. കേരള കത്തോലിക്കാ സഭയുടെയും സീറോ മലബാർ സഭയുടെയും ആസ്ഥാനം നിലനിൽക്കുന്ന കേന്ദ്രത്തിൽ നിന്ന് വെറും നാലര കിലോമീറ്റർ മാത്രം അകലെയാണ് ഈ ഭൂമി.