കുറവിലങ്ങാട്: യുവാവിനെ ആക്രമിച്ച് പണവും മൊബൈൽ ഫോണും കവർച്ച ചെയ്ത കേസിൽ ഒളിവിൽ കഴിഞ്ഞിരുന്ന മൂന്നുപേരെ കൂടി പോലീസ് അറസ്റ്റ് ചെയ്തു. എറണാകുളം പറവൂർ കാരോത്തുകുന്ന് ഭാഗത്ത് സമൂഹപറമ്പ് വീട്ടിൽ രതീഷ് (40), എറണാകുളം പറവൂർ കാരോത്തുകുന്ന് വീട്ടിൽ നജീബ്(34), എറണാകുളം പറവൂർ കാരോത്തുകുന്ന് ഭാഗത്ത് കീളേടത്ത് വീട്ടിൽ അഫ്സൽ (34) എന്നിവരെയാണ് കുറവിലങ്ങാട് പോലീസ് അറസ്റ്റ് ചെയ്തത്. ഈ മാസം അഞ്ചാം തീയതി കാണക്കാരിക്ക് സമീപം രത്നഗിരി പള്ളി ഭാഗത്ത് വച്ച് ഓട്ടോറിക്ഷയിൽ സഞ്ചരിക്കുകയായിരുന്ന മലപ്പുറം പൊന്നാനി സ്വദേശിയായ യുവാവിനെ കാറിൽ എത്തിയ ഇവർ തടഞ്ഞുനിർത്തി ഓട്ടോറിക്ഷയുടെ ഗ്ലാസ് അടിച്ചു തകർത്ത് യുവാവിനെ ആക്രമിച്ച് യുവാവിന്റെ കൈവശം ഉണ്ടായിരുന്ന ഒരു ലക്ഷം രൂപയും, 20,000 രൂപ വില വരുന്ന മൊബൈൽ ഫോണും കവർച്ച ചെയ്തു കടന്നുകളയുകയായിരുന്നു.
പരാതിയെ തുടർന്ന് കുറവിലങ്ങാട് പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും തുടർന്ന് നടത്തിയ അന്വേഷണത്തിൽ കവർച്ചക്കാർ ഉപയോഗിച്ച കാറിന്റെ ഉടമയായ മൊയ്തീൻ ഷിറാസിനെ അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു. തുടർന്ന് ജില്ലാ പോലീസ് മേധാവി കെ. കാർത്തിക്കിന്റെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണസംഘം രൂപീകരിച്ച് നടത്തിയ തിരച്ചിലിലാണ് കവർച്ചാ സംഘത്തിൽ ഉൾപ്പെട്ട ഒളിവിൽ കഴിഞ്ഞിരുന്ന ഇവരെ പോലീസ് സംഘം പിടികൂടുന്നത്. കുറവിലങ്ങാട് സ്റ്റേഷൻ എസ്.എച്ച്.ഓ അജീബ് ഇ, എസ്.ഐ മാരായ സാജു ടി.ലൂക്കോസ്, നാസർ, സി.പി.ഓ മാരായ പ്രേംകുമാർ റ്റി.എസ്, ഡിപിൻ കെ.സി, ഗിരീഷ് കെ.എസ്, അനൂപ് അപ്പുക്കുട്ടൻ എന്നിവരും അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നു. കോടതിയിൽ ഹാജരാക്കിയ മൂവരെയും റിമാണ്ട് ചെയ്തു.