കോട്ടയം : അവാര്‍ഡ് തിളക്കത്തില്‍ കോട്ടയം വയസ്കരക്കുന്ന് ഗവ. മോഡല്‍ ഹയര്‍ സെക്കണ്ടറി സ്കൂള്‍. ഹയര്‍ സെക്കണ്ടറി വിഭാഗത്തില്‍ സംസ്ഥാന അധ്യാപക അവര്‍ഡിന് സ്കൂള്‍ പ്രിന്‍സിപ്പാള്‍ മഞ്ജുള സി അര്‍ഹയായതാണ് സ്കൂളിന് തിളക്കമാര്‍ന്ന നേട്ടമായത്. അധ്യാപകദിനമായ സെപ്തംബര്‍ 5ന് പാലക്കാട് ജില്ലാ പഞ്ചായത്ത് ഹാളില്‍ നടന്ന ചടങ്ങില്‍ മന്ത്രി എം.ബി. രാജേഷില്‍ നിന്നും മഞ്ജുള അവാര്‍ഡ് ഏറ്റുവാങ്ങി. ഹയര്‍ സെക്കണ്ടറി വിഭാഗത്തില്‍ 4 സ്കൂളുകള്‍ക്കാണ് ഓരോ വര്‍ഷവും പുരസ്കാരം നല്‍കുന്നത്. ഇത്തവണ ഈ പുരസ്കാരം ലഭിക്കുന്ന ഏക സര്‍ക്കാര്‍ സ്കൂളാണ് കോട്ടയം ഗവ. മോഡല്‍ എച്ച്എസ്എസ്. പാഠ്യ-പാഠ്യേതര രംഗങ്ങളിലെ പ്രവര്‍ത്തനം പരിഗണിച്ചും മാതൃക ക്ലാസ്സ് അവതരണം, അഭിമുഖം എന്നിവയിലെ പ്രകടനം കൂടി വിലയിരുത്തിയുമാണ് അവാര്‍ഡ് ജേതാക്കളെ തെതരഞ്ഞെടുക്കുന്നത്. 4 ലക്ഷം രൂപ ചിലവില്‍ സ്കൂളില്‍ ലൈബ്രറി സ്ഥാപിച്ചതും അടിസ്ഥാന സൗകര്യങ്ങള്‍ മെച്ചപ്പെടുത്തുന്നതിനായുള്ള പ്രവര്‍ത്തനങ്ങളുമാണ് പ്രിന്‍സിപ്പാള്‍ എന്ന നിലയില്‍ മഞ്ജുളയെ അവാര്‍ഡിന് അര്‍ഹയാക്കിയത്. 2005ല്‍ ജോലിയില്‍ പ്രവേശിച്ച മഞ്ജുള കോട്ടയം, മലപ്പുറം, ഇടുക്കി ജില്ലകളിലായി സേവനം അനുഷ്ഠിച്ച വിവിധ സര്‍ക്കാര്‍ സ്കൂളുകളിലെല്ലാം പാഠ്യ-പാഠ്യേതര പ്രവര്‍ത്തനങ്ങളില്‍ മുന്നേറ്റം കൈവരിക്കുന്നതില്‍ വലിയ പങ്ക് വഹിച്ചിട്ടുണ്ട്. കോവിഡ് കാലത്ത് കോട്ടയം ജില്ലയിലെ തൃക്കൊടിത്താനം ഗവ. ഹയര്‍ സെക്കണ്ടറി സ്കൂളില്‍ പ്രിന്സിപ്പളെന്ന നിലയില്‍ നടത്തിയ വിവിധ പ്രവര്‍ത്തനങ്ങളും ഏറെ ശ്രദ്ധിക്കപ്പെട്ടു. റിട്ടയേര്‍ഡ് പോസ്റ്റ് മാസ്റ്റര്‍ ചങ്ങനാശേരി തുരുത്തി നന്ദനത്തില്‍ സി.പി. ഷണ്മുഖനാണ് മഞ്ജുളയുടെ ഭര്‍ത്താവ്. എസ് ഗംഗ, ഗൗരി നന്ദന എന്നവര്‍ മക്കളാണ്.